ചൈനീസ് ഇരുമ്പുകമ്പി ഇറക്കുമതി നിരോധിക്കണമെന്നു കമ്പനികള്‍
Wednesday, September 17, 2014 12:28 AM IST
കൊച്ചി: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ് 2012ലെ ഉത്തരവു പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊച്ചി, ചെന്നൈ തുറമുഖങ്ങള്‍ വഴി ചൈനയില്‍നിന്നു ഇറക്കുമതി ചെയ്യുന്ന ഇരുമ്പുകമ്പി നിരോധിക്കണമെന്നു കേരള സ്റീല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കസ്റംസ് ക്ളാസിഫിക്കേഷന്‍ 72.14 ഹെഡില്‍ 12 എംഎംനു മുകളിലുള്ള എല്ലാ ഇരുമ്പുകമ്പികള്‍ക്കും ഐഎസ്ഐ നിര്‍ബന്ധമാണ്. അടുത്ത മാസം മുതല്‍ ആറ് എംഎംനു മുകളിലും ഐഎസ്ഐ നിര്‍ബന്ധമാക്കുകയാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഇരുമ്പുകമ്പികള്‍ക്കും ഇതു നിര്‍ബന്ധമാണ്.

ചെന്നൈ തുറമുഖത്ത് 1,500 ടണ്ണും കൊച്ചിയില്‍ 5,000 ടണ്ണും ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മാണ മേഖലയില്‍ ഉപയോഗിക്കേണ്ടതു ഹൈ സ്ട്രെംഗ്ത് ഡിഫോംസ് ബാര്‍ ആയിരിക്കണമെന്നു നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, ബോറോണ്‍ കെമിക്കല്‍ .0008 ശതമാനം ചേര്‍ത്ത് അലോയി സ്റീല്‍ ആണെന്നു തെറ്റിദ്ധരിപ്പിച്ചാണു ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ളത്. ഇതിന് ഇറക്കുമതി ചുങ്കം കുറവാണ്.


വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ബില്ലറ്റിന്റെ വില 550 ഡോളറും സ്കാര്‍പ്പിന് 400-450 വരെ ഡോളറുമാണ്. ടാറ്റ സ്റീല്‍ ഇറക്കുമതി ചെയ്തത് 685 ഡോളറിനാണ്. എന്നാല്‍, ഇവിടെ ഇപ്പോള്‍ ഇറക്കുമതി ചെയ്തിട്ടുള്ള ഇരുമ്പുകമ്പി ബില്ല് ചെയ്തിട്ടുള്ളത് 488 ഡോളറാണ്. ഈ ഇറക്കുമതിയിലൂടെ 1.50 കോടി രൂപയുടെ നികുതിയാണു ഗവണ്‍മെന്റിനു നഷ്ടമായിരിക്കുന്നത്. വിദേശത്തുനിന്നു ഗുണനിലവാരമില്ലാത്ത ഇരുമ്പുകമ്പികള്‍ ഇറക്കുമതി ചെയ്യുന്നതു സുരക്ഷയെ ബാധിക്കും. രാജ്യത്തെ ഇരുമ്പ് ഉരുക്ക് വ്യവസായ മേഖലയെ തകര്‍ക്കുന്ന ഈ ഇറക്കുമതി എത്രയും വേഗം അവസാനിപ്പിച്ച് ഈ വ്യവസായത്തെ രക്ഷിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. രക്ഷാധികാരി കുര്യന്‍, ജോയിന്റ് സെക്രട്ടറിമാരായ കെ. ഷബീര്‍, ലത്തീഫ്, ശശികുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.