റിപ്പര്‍ ജയാനന്ദനെ പിടിച്ച പോലീസുകാര്‍ക്ക് അവഗണന
റിപ്പര്‍ ജയാനന്ദനെ പിടിച്ച പോലീസുകാര്‍ക്ക് അവഗണന
Wednesday, September 17, 2014 12:29 AM IST
തൃശൂര്‍: കൂട്ടക്കൊലപതാകങ്ങളിലൂടെ കേരളത്തെ വിറപ്പിച്ച റിപ്പര്‍ ജയാനന്ദനെ ജീവന്‍ പണയപ്പെടുത്തി പിടികൂടിയ പോലീസുകാരോടുള്ള അവഗണന തുടരുന്നു. ജയാനന്ദനെ പിടികൂടിയ തൃശൂര്‍ ജില്ലയിലെ പുതുക്കാട് പോലീസ് സ്റേഷനിലെ നാലംഗ പോലീസുകാര്‍ ഇപ്പോഴും വകുപ്പു പ്രഖ്യാപിച്ച റിവാര്‍ഡുകള്‍ക്കായി കാത്തിരിപ്പാണ്. എന്നാല്‍, വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തിലൊതുങ്ങിയതിന്റെ പരിഭവം കാണിക്കാതെ ഇവര്‍ ഇപ്പോഴും കര്‍ത്തവ്യങ്ങളുമായി മുന്നോട്ടുപോകുകയാണ്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒമ്പതിനാണു റിപ്പര്‍ ജയാനന്ദനെ പുതുക്കാട് നെല്ലായിയില്‍വച്ചു പുതുക്കാട് ഗ്രേഡ് എസ്ഐ രവി, സീനിയര്‍ സിപിഒ രാധാകൃഷ്ണന്‍, സിപിഒമാരായ ബൈജു, സിജിത്ത് എന്നിവര്‍ സാഹസികമായി പിടികൂടിയത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥാനക്കയറ്റമടക്കമുള്ള റിവാര്‍ഡുകള്‍ ഇവര്‍ക്കായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വര്‍ഷമൊന്നു പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ തീരുമാനമായില്ല. ഡിജിപി നല്‍കിയ അയ്യായിരം രൂപ വീതമുള്ള കാഷ് അവാര്‍ഡും എസ്പി നല്‍കിയ രണ്ടായിരം രൂപ വീതമുള്ള കാഷ് അവാര്‍ഡും മാത്രമാണ് ആകെ കിട്ടിയത്. ഓണാഘോഷത്തോടനുബന്ധിച്ചു തിരുവനന്തപുരത്താണു ഡിജിപിയുടെ കാഷ് അവാര്‍ഡ് മുഖ്യമന്ത്രി ഇവര്‍ക്കു നല്‍കിയത്.


സ്ഥാനക്കയറ്റം നല്‍കുന്നതില്‍ പല നിയമതടസങ്ങളും സ്വാഭാവികമായി ഉണ്ടാകുമെന്നതിനാല്‍ ഒന്നോ രണ്േടാ ഇന്‍ക്രിമെന്റുകള്‍ നല്‍കുന്നതാണ് ഉചിതമെന്ന നിര്‍ദേശം വന്നെങ്കിലും അതും നടപ്പായില്ല. സാധാരണഗതിയില്‍ ഇത്തരം കേസുകളിലെ പ്രതികളെ പിടികൂടുന്നവരെ റിപ്പബ്ളിക് ദിനത്തിനോ സ്വാതന്ത്യ്രദിനത്തിലോ മെഡലുകള്‍ നല്‍കി ആദരിക്കാറുണ്ട്. ഇവരുടെ കാര്യത്തില്‍ അതുമുണ്ടായില്ല. സ്റേഷനില്‍നിന്നും ബന്ധപ്പെട്ടവരില്‍നിന്നും വിശദമായ റിപ്പോര്‍ട്ടുകള്‍ രണ്ടു തവണ എസ്പി മുഖാന്തിരം ഡിജിപിക്ക് അയച്ചെങ്കിലും ഫയല്‍ ഇപ്പോഴും നിദ്ര തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.