വീസത്തട്ടിപ്പു കേസില്‍ മുങ്ങിനടന്ന പ്രതി അറസ്റില്‍
വീസത്തട്ടിപ്പു കേസില്‍ മുങ്ങിനടന്ന പ്രതി അറസ്റില്‍
Wednesday, September 17, 2014 12:29 AM IST
പാലക്കാട്: ദുബായിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ജോലി നല്‍കാമെന്നു പറഞ്ഞു പത്തോളം പേരില്‍നിന്നു പണംകൈപ്പറ്റി മുങ്ങിയ ആളെ പാലക്കാട് ടൌണ്‍ സൌത്ത് ക്രൈം സ്ക്വാഡ് പിടികൂടി. കണ്ണൂര്‍ പഴയങ്ങാടി മുട്ടം സ്വദേശി മുഹമ്മദ് അഷ്റഫ്(50) ആണു പിടിയിലായത്.

പാലക്കാട്ടെ ഒരു ലോഡ്ജില്‍ താമസിച്ച്, മാനേജരുടെ വിശ്വാസം നേടിയെടുത്ത് ഇയാളുടെ ബന്ധുക്കളില്‍നിന്നും പരിചയക്കാരില്‍നിന്നുമാണു പണം തട്ടിയത്. കുവൈത്തിലെ ഒരു ഫുഡ് പാക്കിംഗ് സെക്ഷനില്‍ ജോലി ശരിയാക്കാമെന്നു വാഗ്ദാനം നല്‍കി വീസയ്ക്കായി 30,000 രൂപയും മെഡിക്കലിനായി 10,000 രൂപയും വീതം എട്ടുപേരില്‍ നിന്നായി വാങ്ങി പാസ്പോര്‍ട്ട് സഹിതം മുങ്ങുകയായിരുന്നു.

പരാതി ലഭിച്ചതോടെ സൌത്ത് പോലീസ് കേസന്വേഷണം ആരംഭിച്ചു. സ്വദേശത്ത് അന്വേഷിച്ചപ്പോള്‍ ഇയാള്‍ 2007 മുതല്‍ സ്വദേശമായ പഴയങ്ങാടിയില്‍നിന്നു നിരവധിപേരെ കബളിപ്പിച്ചു ലക്ഷക്കണക്കിനു രൂപയുമായി മുങ്ങിയതാണെന്നു വിവരം ലഭിച്ചു. തുടര്‍ന്നു വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഇത്തരത്തില്‍ തട്ടിപ്പുനടത്തിയതായി അറിയാന്‍കഴിഞ്ഞു. പലപ്പോഴും വേഷംമാറി നടക്കുന്നതിനാല്‍ ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.


ഇയാള്‍ക്കു രണ്ടു ഭാര്യമാരുണ്ട്. ഇപ്പോള്‍ ഇരിക്കൂറിനടുത്തു രണ്ടാംഭാര്യയുടെ അടുത്താണു താമസം. പരിസരവാസികള്‍ക്കും ഇയാളെപ്പറ്റി അറിവുണ്ടായിരുന്നില്ല. താമസസ്ഥലത്ത് എത്തുന്നതിനുമുമ്പ് മൊബൈല്‍ ഓഫ് ചെയ്യുക ഇയാളുടെ പതിവാണ്.
ടൌണ്‍ സൌത്ത സിഐ പ്രമോദിന്റെ നേതൃത്വത്തില്‍ ജിഎസ്ഐമാരായ വിജയന്‍, യാക്കൂബ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സാജിദ്, റിനോയ് എം. വിജയന്‍, സതീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.