മദ്യനയത്തില്‍നിന്നു പിന്നോട്ടില്ല: മന്ത്രി അനില്‍കുമാര്‍
മദ്യനയത്തില്‍നിന്നു പിന്നോട്ടില്ല: മന്ത്രി അനില്‍കുമാര്‍
Wednesday, September 17, 2014 12:32 AM IST
തിരുവനന്തപുരം: മദ്യനയത്തില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും ഇക്കാര്യത്തില്‍ ടൂറിസം മേഖലയുടെ ആശങ്ക സര്‍ക്കാര്‍ ഗൌരവത്തോടെ പരിഗണിക്കുമെന്നും മന്ത്രി എ.പി. അനില്‍കുമാര്‍. തിരുവനന്തപുരത്തു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തെ ബാധിച്ച സാമൂഹിക പ്രശ്നം എന്ന നിലയില്‍ ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണു പുതിയ മദ്യനയം തീരുമാനിച്ചത്.

ടൂറിസം മേഖലയുടെ ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. ബാറുകള്‍ അടച്ചുപൂട്ടുന്നതുമൂലം വിനോദ സഞ്ചാരികളുടെ വരവ് കുറയുമെന്ന ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചു സര്‍ക്കാര്‍ ശാസ്ത്രീയമായ പഠനം നടത്തും. അതിനുള്ള സംവിധാനങ്ങള്‍ ടൂറിസം വകുപ്പിനുണ്ട്. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ മദ്യപിക്കാനാണു വരുന്നതെന്ന കാഴ്ചപ്പാടില്ല. പക്ഷേ, വിനോദസഞ്ചാരികളുടെ താത്പര്യങ്ങള്‍കൂടി പരിഗണിക്കണമെന്ന ആവശ്യമാണു ടൂറിസം മേഖലയിലുള്ളവര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

സര്‍ക്കാരിന്റെ മദ്യനയത്തെ ടൂറിസം വകുപ്പ് എതിര്‍ക്കുന്നു എന്ന മട്ടിലുള്ള വ്യാഖ്യാനങ്ങള്‍ ശരിയല്ല. സര്‍ക്കാര്‍ എടുത്ത തീരുമാനവുമായി മുന്നോട്ടുപോകും. ഇക്കാര്യം മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗമായ ടൂറിസം വ്യവസായത്തെ നിലനിര്‍ത്തേണ്ടതു നമ്മുടെ ആവശ്യമാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.


ബാറുകള്‍ അടയ്ക്കാനുള്ള തീരുമാനത്തെത്തുടര്‍ന്നു കേരളത്തില്‍ നടത്താനിരുന്ന പല വന്‍ കണ്‍വന്‍ഷനുകളും റദ്ദാക്കുന്ന സ്ഥിതിയാണെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ഇ.എം. നജീബ് പറഞ്ഞു. ഒരു വര്‍ഷം 25000 കോടി രൂപ വരുമാനവും 25 ലക്ഷത്തോളം പേര്‍ക്ക് തൊഴിലും നല്‍കുന്ന ടൂറിസം വ്യവസായത്തിന്റെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം. മദ്യനിരോധനത്തിന് തങ്ങള്‍ എതിരല്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം കേന്ദ്രങ്ങളില്‍ ഇതിന് ഇളവു നല്‍കണമെന്നാണാവശ്യപ്പെടുന്നത്.

പുതിയ മദ്യനയം ടൂറിസത്തെ ബാധിക്കില്ലെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ അഭിപ്രായം കാര്യങ്ങള്‍ പഠിക്കാതെയാണെന്നും സര്‍ക്കാര്‍ തീരുമാനത്തിനു ശേഷമുണ്ടായ ബുക്കിംഗ് റദ്ദാക്കലുകളുടെ വിവരങ്ങള്‍ നല്‍കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.