കേരളത്തില്‍ 2,000 കോടിയുടെ നിക്ഷേപവുമായി വികെഎല്‍ ഗ്രൂപ്പ്; പ്രഖ്യാപനം ഇന്നു മുഖ്യമന്ത്രി നടത്തും
Wednesday, September 17, 2014 12:33 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തു വിവിധ മേഖലകളിലായി 2,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു ബഹ്റിന്‍ ആസ്ഥാനമായുള്ള വികെഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍ അറിയിച്ചു. സ്പെഷാലിറ്റി ആശുപത്രികള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യ വികസന രംഗത്താണു കമ്പനി മുതല്‍മുടക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരം 5.30നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഇതോടൊപ്പം നിര്‍ധനരായ 100 ഭവനരഹിതര്‍ക്കു വീടു നിര്‍മിക്കുന്നതിനായി രണ്ടു കോടി രൂപ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കൈമാറും. ഒരു വീടിനു രണ്ടു ലക്ഷം രൂപ നല്‍കും. ഇതുള്‍പ്പെടെ മൂന്നു ലക്ഷം രൂപ വീതം ഒരു വീടിനു സര്‍ക്കാര്‍ നല്‍കുന്ന പദ്ധതിയാണിത്.

ആലപ്പുഴ പുന്നമടക്കായലിനു സമീപത്തു രാജ്യാന്തര നിലവാരത്തില്‍ ഗ്ളോബല്‍ ആയുര്‍വേദ വില്ലേജ് നിര്‍മിക്കും. ശാന്തിഗിരി ആശ്രമവുമായി ബന്ധപ്പെട്ട് ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ഒരുമിച്ചു പ്രവര്‍ത്തിക്കും. കഠിനംകുളത്ത് ടൌണ്‍ഷിപ്പ് നിര്‍മിക്കും. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനു സമീപത്തു പാര്‍പ്പിട സമുച്ചയവും ഷോപ്പിംഗ് മാളും സ്ഥാപിക്കും. വൈക്കം പൂത്തോട്ട, കൊച്ചി പനങ്ങാട് എന്നിവിടങ്ങളില്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ളക്സുകള്‍ നിര്‍മിക്കും. ശ്രീകാര്യത്തു വികെഎല്‍ ഗാര്‍ഡന്‍സ്, കഴക്കൂട്ടത്തെ വികെഎല്‍ ടവേഴ്സ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി.


കമ്പനിയുടെ കേരള സിഇഒയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. അയ്യപ്പനെ നിയമിച്ചു. ഇന്നു വൈകുന്നേരം 5.30നു ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.