ബ്ളേഡുകാരന്റെ ഭീഷണി: വയോധികയും ഇരട്ടമക്കളും ജീവനൊടുക്കി
Wednesday, September 17, 2014 12:23 AM IST
പാലക്കാട്: കൊള്ളപ്പലിശക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് അമ്മയും രണ്ടു മക്കളും ജീവനൊടുക്കിയെന്നു കേസ്. കുഴല്‍മന്ദം കോട്ടായിവരോട് ഗോകുലം വീട്ടില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ ലീലാമ്മ (സാവിത്രിക്കുട്ടിയമ്മ-80), ഇരട്ട മക്കളായ വിനോദ് (38), പ്രമോദ് (38) എന്നിവരെയാണു വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയില്‍ കണ്െടത്തിയത്. വിനോദ് വിവാഹിതനാണ്. ഭാര്യ: ജിത.

സംഭവത്തോടനുബന്ധിച്ച് വാള് രവി എന്നറിയപ്പെടുന്ന രവിദാസിനെ(40) ആലത്തൂര്‍ സിഐയുടെ നേതൃത്വത്തില്‍ കസ്റഡിയിലെടുത്തു. തൊട്ടടുത്ത കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായ പ്രമോദ് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച ശേഷമാണ് ജീവനൊടുക്കിയത്. വീടിനടുത്തുള്ള കണ്ടത്താന്‍കാവിനു സമീപം പെട്ടിക്കട നടത്തുകയാണു വിനോദ്. മുമ്പു കോട്ടായി ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലെ ജോലിക്കാരനായിരുന്നു.

ഇന്നലെ രാവിലെ വിനോദ് കട തുറന്നിരുന്നില്ല. തൊട്ടടുത്ത കടയുടെ താക്കോല്‍ വിനോദിന്റെ കൈയിലായതിനാല്‍ കടയുടമ വിനോദിന്റെ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നി കോട്ടായി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അടക്കളവാതില്‍ കുത്തിത്തുറന്നാണ് അകത്തു കയറിയത്. കിടപ്പുമുറില്‍ അമ്മയും ഒരു മകനും കട്ടിലിലും മറ്റൊരാള്‍ താഴത്തുമായിരുന്നു മരിച്ചുകിടന്നിരുന്നത്. പ്രമോദിനു മനോദൌര്‍ബല്യം അനുഭവപ്പെട്ടിരുന്നു. അമ്മ ലീലാമ്മ ഏറെ നാളായി അസുഖംബാധിച്ചു ചികിത്സയിലുമായിരുന്നു. പെട്ടിക്കട വിപുലീകരിക്കാനാണു കൊള്ളപ്പലിശയ്ക്കു കടംവാങ്ങിയതെന്നു ബന്ധുക്കള്‍ പറഞ്ഞു.

കടം വാങ്ങിയതുമായി ബന്ധപ്പെട്ടു ക്വട്ടേഷന്‍ സംഘങ്ങളില്‍നിന്നു നിരന്തരം ഭീഷണി ഉയര്‍ന്നതാണു ജീവനൊടുക്കാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. ഒരാഴ്ചമുമ്പു വീട്ടിലെത്തി വീടെഴുതിക്കൊടുക്കണമെന്നു ആവശ്യപ്പെട്ടിരുന്നുവെന്നും പറയപ്പെടുന്നു. വീഴ്ചവരുത്തിയാല്‍ ജീവിക്കാന്‍ അനുവദിക്കുകയില്ലെന്നു ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു.


ഇവര്‍ എഴുതിയ കത്ത് പോലീസിനു ലഭിച്ചിട്ടുണ്ട്. വീടുംസ്ഥലവും വിറ്റു കടക്കാരുടെ ഇടപാടു തീര്‍ക്കണമെന്നു കത്തില്‍ പറയുന്നു. പണം നല്‍കിയവരുടെ പേരുകള്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി സോമശേഖര്‍, ആലത്തൂര്‍ എഎസ്പി ഹരിശങ്കര്‍, കുഴല്‍മന്ദം സിഐ എം.കെ. മുരളി, കോട്ടായി എസ്ഐ രവീന്ദ്രന്‍ എന്നിവരെത്തി വിശദമായി അന്വേഷണം നടത്തി. ഇന്‍ക്വസ്റിനുശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ പാമ്പാടി ഐവര്‍മഠത്തില്‍ സംസ്കരിച്ചു.

കൊലക്കേസടക്കം 26 കേസുകളില്‍ പ്രതിയായ വാള് രവി ഗുണ്ടാആക്ടിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. മദ്യപിച്ച് അടിയുണ്ടാക്കിയതിന്റെ കേസുകളാണ് അധികം. ഇയാളുടെ കോട്ടായി മേജര്‍ റോഡിനടുത്ത വീട്ടില്‍ വൈകിട്ടോടെ പോലീസ് റെയ്ഡ് നടത്തി പണവും മുദ്രപത്രങ്ങളും കണ്െടടുത്തു. ഓപ്പറേഷന്‍ കുബേരപ്രകാരം ഇയാളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇയാള്‍ക്കെതിരേ ആരുടെയും പരാതികളും ലഭിച്ചിരുന്നില്ലെന്നു കോട്ടായി പോലീസ് പറഞ്ഞു. രവിദാസിനെ ഇന്നലെ വൈകിട്ട് പാലക്കാട് നോര്‍ത്ത് സിഐയുടെ ഓഫീസിലെത്തിച്ചു.

2003ല്‍ ഭാര്യയെ തലയ്ക്കടിച്ചുകൊന്ന കേസിലും പ്രതിയാണു രവിദാസ്. ഇപ്പോള്‍ മറ്റൊരു ഭാര്യയും കുട്ടികളും ഇയാള്‍ക്കുണ്ട്. പതിനഞ്ചു വര്‍ഷമായി പലിശയ്ക്കു പണംകൊടുക്കുന്ന രവി മുമ്പ് ഒരു ഗള്‍ഫുകാരന്റെ ഭാര്യയുടെ പക്കല്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതായും ആക്ഷേപമുണ്ട്. ഇയാള്‍ക്കു വീടുകളും ഷോപ്പിംഗ് കോംപ്ളക്സും സ്വന്തമായുണ്ട്. ആദ്യകാലത്തു സിപിഎം പ്രവര്‍ത്തകനായിരുന്ന ഇയാള്‍് ഐഎന്‍ടിയുസിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.