മുഖപ്രസംഗം: വിദേശ ജോലിതട്ടിപ്പ്: പാഠം പഠിക്കാതെ മലയാളി
Thursday, September 18, 2014 11:27 PM IST
വിദേശ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അനുസ്യൂതം തുടരുന്നത് ഏറെ ആശങ്ക ഉളവാക്കുന്നു. കുവൈറ്റില്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ തട്ടിപ്പിനിരയായി അവിടെ ജോലിയില്ലാതെ കഴിയുന്ന മലയാളി നഴ്സുമാരുടെ അനുഭവം ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിലവിലുള്ള നിയമസംവിധാനങ്ങള്‍ക്കും വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ക്കുമുള്ള നിസഹായതയാണു വ്യക്തമാക്കുന്നത്. രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയ നഴ്സുമാരെ മടക്കിവിളിച്ചാണ് റിക്രൂട്ടിംഗ് ഏജന്‍സി ഇവരെ തടങ്കലിലാക്കിയിരിക്കുന്നത്. റിക്രൂട്ടിംഗ് ഏജന്‍സിയുടെ വലിയ തട്ടിപ്പിന്റെ കഥകളാണ് ഇതിലൂടെ ചുരുളഴിയുന്നത്. തട്ടിപ്പിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്േടാ എന്ന സംശയവും ബലപ്പെടുന്നു.

കുവൈറ്റ് മന്ത്രാലയം നഴ്സുമാര്‍ക്കു നല്‍കുന്ന ശമ്പളത്തിന്റെ പകുതിയില്‍താഴെ മാത്രമാണ് റിക്രൂട്ടിംഗ് ഏജന്‍സിയിലൂടെ ഇവര്‍ക്കു ലഭ്യമായത്. ലക്ഷങ്ങള്‍ ആദ്യം നല്‍കിയാണ് നഴ്സുമാര്‍ ജോലി തരപ്പെടുത്തുന്നതെന്നുകൂടി ഓര്‍ക്കണം. ബ്ളേഡ് പലിശയ്ക്കു പണം കടമെടുത്താണു പലരും വിദേശജോലി സമ്പാദിച്ചത്. പ്രതിഷേധിക്കാന്‍ പലര്‍ക്കും ഭയമാണ്. കാരണം വലിയ സ്വാധീനമുള്ളവരാണ് റിക്രൂട്ടിംഗ് എജന്‍സികളെ നിയന്ത്രിക്കുന്നത്.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു പ്രവാസികളുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രത്യേക വകുപ്പുകളുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്തു പ്രവാസി കാര്യങ്ങള്‍ക്കു മാത്രമായി ഒരു കാബിനറ്റ് മന്ത്രിയുമുണ്ടായിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ പ്രവാസികാര്യവകുപ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമായി മാറി. എന്നിരുന്നാലും ഇറാക്കിലെ കലാപബാധിതമേഖലയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതില്‍ ശ്ളാഘനീയമായ പ്രവര്‍ത്തനമാണു വിദേശകാര്യവകുപ്പു കാണിച്ചത്. സംസ്ഥാന ഭരണനേതൃത്വവും അതിനായി ഏറെ പരിശ്രമിച്ചു. ഇത്തരം സംഘടിതശ്രമങ്ങള്‍ വിദേശ ജോലിതട്ടിപ്പു തടയുന്നതിനും പ്രയോജനപ്പെടുത്തണം.

വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കാനുണ്ട്. സര്‍ക്കാര്‍ അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍പോലും തട്ടിപ്പു നടത്താന്‍ ശ്രമിക്കുമ്പോള്‍ അവരെ കര്‍ശനമായി നേരിടണം. കരിമ്പട്ടികയില്‍ പെടുത്തിയ ചില റിക്രൂട്ടിംഗ് ഏജന്‍സികള്‍ എംബസി അധികൃതരുടെ ഒത്താശയോടെ ഉദ്യോഗാര്‍ഥികളെ തട്ടിപ്പിനിരയാക്കുന്നതു തടയാനായില്ലെങ്കില്‍ നമ്മുടെ എംബസികളുടെയും കോണ്‍സുലേറ്റുകളുടെയുമൊക്കെ വിശ്വാസ്യതതന്നെ ഇല്ലാതാകും. വിദേശത്തു ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തുന്ന ഇന്ത്യന്‍ പൌരന്മാര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുക വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ പ്രധാന ചുമതലകളിലൊന്നാണ്. അവിദഗ്ധ തൊഴിലാളികള്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളിലും കേരളീയരുടെ സാന്നിധ്യം സജീവമാണ്. അതുകൊണ്ടുതന്നെ വിദേശത്തു ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രവാസി വകുപ്പ് നമുക്കുണ്െടങ്കിലും കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നു വിദേശ നയതന്ത്ര കാര്യാലയങ്ങളെ ചില പ്രശ്നങ്ങളില്‍ സജീവമായി ഇടപെടീക്കാന്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.


കഴിഞ്ഞ മാസമാദ്യം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രേഡ് ഫെയര്‍-എക്സിബിഷന്‍ സെന്ററില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്കു നഴ്സുമാരെ തെരഞ്ഞെടുക്കാന്‍ നടത്തിയ എഴുത്തുപരീക്ഷ ചില റിക്രൂട്ടിംഗ് ഏജന്‍സികളുടെ തട്ടിപ്പിന്റെ മുഖംമൂടി പൊളിക്കുന്ന മറ്റൊരു സമകാലിക സംഭവമായിരുന്നു. എഴുത്തുപരീക്ഷയ്ക്കു രണ്ടായിരം ഉദ്യോഗാര്‍ഥികളെ കണ്െടത്താനാണു കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നത്. രണ്ടായിരം പേര്‍ക്കുള്ള ചോദ്യപേപ്പറും കുവൈറ്റില്‍നിന്നു കൊണ്ടുവന്നിരുന്നു. പക്ഷേ, കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സംഘം പരീക്ഷാ ഹാളിലെത്തിയപ്പോള്‍ പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ഥികള്‍ നാലായിരം. ജോലി കിട്ടിയാല്‍ കുറഞ്ഞത് പത്തു പതിമൂന്നു ലക്ഷം രൂപ കൊടുക്കണമെന്നും ചില സബ് ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളോടു പറഞ്ഞിരുന്നു. പക്ഷേ തങ്ങള്‍ റിക്രൂട്ടിംഗിനായി ഒരു പൈസപോലും വാങ്ങുന്നില്ലെന്നായിരുന്നു കുവൈറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ഈ സംഭവത്തിന് ഏതാണ്ടു മൂന്നു മാസം മുമ്പാണ് കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പാലാരിവട്ടത്ത് റിക്രൂട്ടിംഗ് സ്ഥാപനം നടത്തിയിരുന്ന ഒരു സ്ത്രീയെ പോലീസ് അറസ്റ് ചെയ്തത്. കേരളത്തില്‍ ബോര്‍ഡു വച്ചു പ്രവര്‍ത്തിക്കുന്ന തട്ടിപ്പു റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കുപോലും മൂക്കുകയറിടാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ വിദേശത്ത് എംബസികളിലെ ഉദ്യോഗസ്ഥരുടെയും ചിലപ്പോള്‍ ആ രാജ്യത്തുള്ള മറ്റു ചിലരുടെയും സഹായത്തോടെ വന്‍ തട്ടിപ്പുകള്‍ നടത്തുന്നവരെ എപ്രകാരമാണു പിടികൂടാനാവുക?

വിദേശജോലിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഇടംവലം നോക്കാതെ എടുത്തുചാടുന്ന പ്രകൃതമാണു മലയാളിക്ക്. എന്നാല്‍, ഇതില്‍ പല ചതിക്കുഴികളും പതിയിരിക്കുന്നുവെന്ന കാര്യം അവര്‍ വിസ്മരിക്കുന്നു. റിക്രൂട്ടിംഗ് തട്ടിപ്പുകളുടെ പരമ്പരകള്‍ തന്നെ അരങ്ങേറിയിട്ടും ഇതിന്റെ വിശദമായ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടും ഈയാംപാറ്റകളെപ്പോലെ അടുത്ത തട്ടിപ്പിന്റെയടുത്തേക്കു പറന്നടുക്കുകയാണു നാം. ബ്ളേഡ്പലിശയ്ക്കു പണം കടംവാങ്ങിയും കിടപ്പാടം പണയം വച്ചും വിദേശജോലി തേടിപ്പോകുന്നവര്‍ ഇത്തരം തട്ടിപ്പുകഥകളില്‍നിന്നൊന്നും പാഠം പഠിക്കുന്നില്ല. തട്ടിപ്പുകാര്‍ക്കു മൂക്കുകയറിടാന്‍ അധികൃതര്‍ക്കു സാധിക്കുന്നില്ലെന്നത് അതിലേറെ പരിതാപകരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.