മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചിനു മഹിളാ കോണ്‍ഗ്രസ്
Thursday, September 18, 2014 12:25 AM IST
തിരുവനന്തപുരം: ചലച്ചിത്ര നടന്‍ മമ്മൂട്ടി തുടങ്ങിവച്ച മൈ ട്രീ ചലഞ്ച് സംസ്ഥാനത്തെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു. മഹിളാ കോണ്‍ഗ്രസ് വിവിധ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഉടനീളം 10000 ല്‍ അധികം വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തും.

ഇതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനക്സിന്റെ മുമ്പില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താനായി ഈ വെല്ലുവിളി മറ്റുള്ള സംഘടിത രാഷ്ട്രീയശക്തികള്‍ ഏറ്റെടുക്കണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതുമൂലം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കൂടുകയേയുള്ളു. അതുകൊണ്ടുതന്നെ മൈ ട്രീ ചലഞ്ചിനായി സിപിഎമ്മിന്റെ പി.കെ. ശ്രീമതിയെയും ബിജെപിയുടെ ശോഭാ സുരേന്ദ്രനെയും തിരുവനന്തപുരം മേയര്‍ ചന്ദ്രികയെയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ വെല്ലുവിളിച്ചു. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ഡോ. ആരിഫ, ആര്‍. ലക്ഷ്മി, ജില്ലാ പ്രസിഡന്റുമാരായ മോളി അജിത്, ലീലാവതി, മായ തുടങ്ങിയവരും വൃക്ഷത്തെ നടുന്നതില്‍ സംബന്ധിച്ചു.


ചുട്ടുപൊള്ളുന്ന ഭൂമിക്ക് ഔഷധമേകുന്ന വൃക്ഷത്തൈ നട്ടു വെല്ലുവിളി നടത്തുന്ന മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് സിനിമാരംഗത്ത് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചിന് വളരെ വലിയ പ്രചാരമാണു ലഭിച്ചത്.

തമിഴ് സിനിമാതാരങ്ങളായ വിജയ്യും സൂര്യയും വെല്ലുവിളി സ്വീകരിച്ചു വൃക്ഷത്തൈകള്‍ നട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സിനിമാതാരങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, റിമ കല്ലിങ്കല്‍, സനുഷ, സംവിധായകരായ ആഷിക് അബു, ജൂഡ് ആന്റണി ജോസഫ്, അല്‍ഫോണ്‍സ് പുത്രന്‍, രഞ്ജിത്ത് ശങ്കര്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഇതിനകം മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ചു കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.