ഓപ്പറേഷന്‍ കുബേര ശക്തമായി തുടരും: മന്ത്രി ചെന്നിത്തല
ഓപ്പറേഷന്‍ കുബേര ശക്തമായി തുടരും: മന്ത്രി ചെന്നിത്തല
Thursday, September 18, 2014 12:19 AM IST
തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേര രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നു. പദ്ധതി കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ബോധവത്കരണ പരിപാടികള്‍ക്ക് ഈ ഘട്ടത്തില്‍ മുന്‍തൂക്കം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

രണ്ടാംഘട്ട പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് രജിസ്റര്‍ ചെയ്ത കേസുകളുടെ അവലോകനവും ഇപ്പോള്‍ സംസ്ഥാനത്തെ സ്ഥിതി സംബന്ധിച്ച അവലോകനവും യോഗത്തില്‍ നടക്കും. സംസ്ഥാനത്ത് ബ്ളേഡ് മാഫിയയുടെ പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചതായി മന്ത്രി അവകാശപ്പെട്ടു. എന്നാല്‍, ബ്ളേഡ് മാഫിയയുമായി ബന്ധമുണ്െടന്നു പരാതി ഉയര്‍ന്ന ചില സംഭവങ്ങള്‍ ഈ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായി.

നെടുമങ്ങാടും പാലക്കാട്ടുമുണ്ടായ സംഭവങ്ങള്‍ക്കു പിന്നില്‍ ബ്ളേഡ് മാഫിയയുടെ ഭീഷണിയുണ്െടന്നാണു സംശയിക്കുന്നത്. ലഭ്യമായ വിവരമനുസരിച്ച് ഇതുസംബന്ധിച്ച് ഒരു പരാതിയും ആത്മഹത്യ ചെയ്ത കുടുംബം നേരത്തെ പോലീസില്‍ നല്‍കിയിട്ടില്ല. ബ്ളേഡ് മാഫിയയുമായി ബന്ധപ്പെട്ട പരാതികള്‍ നോഡല്‍ ഓഫീസര്‍മാര്‍ക്കോ ജില്ലാ പോലീസ് മേധാവികള്‍ക്കോ നല്‍കാവുന്നതാണെന്നു നേരത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ പരാതികള്‍ക്കു പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ മന്ത്രിയെ തന്നെ നേരിട്ടു വിളിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇവിടെ പരാതിപ്പെടാന്‍ ഈ കുടുംബം തയാറായില്ലെന്നു വേണം മനസിലാക്കാന്‍.

പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം ആവശ്യമാണെന്നാണ് ഇതു തെളിയിക്കുന്നത്. പരാതിക്കാര്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറായ 8547546600 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

ഓപ്പറേഷന്‍ കുബേരയില്‍ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലം, തൃശൂര്‍ പോലീസ് കമ്മീഷണര്‍മാരെ സ്ഥലം മാറ്റിയെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ആ പദവിയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവരെ മാറ്റണമെന്ന ചട്ടം പാലിക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. മാത്രമല്ല കൊല്ലത്തു കമ്മീഷണറായിരുന്ന ദേബേഷ് ബെഹ്റയെ ഓപ്പറേഷന്‍ കുബേരയുടെ ചുമതലയുള്ള എഐജി ആയാണ് പോലീസ് ആസ്ഥാനത്തു നിയമിച്ചിട്ടുള്ളതും.


ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണു സര്‍ക്കാര്‍ നടത്തി വരുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തില്‍ വന്നു പ്രവര്‍ത്തിച്ചിരുന്ന ബ്ളേഡ് മാഫിയക്കാര്‍ വരെ സ്ഥലംവിട്ടു കഴിഞ്ഞു.

കഴിഞ്ഞ മേയ് 11 നു തുടക്കം കുറിച്ച ഓപ്പറേഷന്‍ കുബേരയില്‍ ഇതുവരെ 2663 കേസുകള്‍ രജിസ്റര്‍ ചെയ്തതായി മന്ത്രി അറിയിച്ചു. 1577 പേരെ അറസ്റ് ചെയ്തു. 934 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. ബാക്കി കേസുകളില്‍ ഒക്ടോബര്‍ 31നകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ പോലീസ് ആസ്ഥാനത്ത് എഐജി ആയ ദേബേഷ് ബെഹ്റ മോണിട്ടര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

മദ്യ നിരോധനം: പോലീസിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കുനല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തു മദ്യനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് പോലീസിന് അധികമായി ആവശ്യമുള്ള സംവിധാനങ്ങളെക്കുറിച്ചു മുഖ്യമന്ത്രിക്കു പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറും. മദ്യ നിരോധനം നടപ്പിലാകുന്നതോടെ വ്യാജമദ്യം ഉള്‍പ്പെടെ തടയാന്‍ പോലീസില്‍ കൂടുതല്‍ തസ്തികകള്‍ ഉള്‍പ്പെടെയുള്ള പുതിയ സംവിധാനങ്ങള്‍ ആവശ്യമുണ്െടന്നു മന്ത്രി ചൂണ്ടിക്കാട്ടി.

കതിരൂര്‍ കേസില്‍ യുഎപിഎ ചുമത്തിയതു സംബന്ധിച്ചു നിയമമന്ത്രി കെ.എം. മാണിയുടെ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ഏതെങ്കിലും കേസില്‍ കേരളത്തില്‍ യുഎപിഎ വകുപ്പു ചേര്‍ക്കുന്നത് ഇതാദ്യമല്ല. കൈവെട്ടു കേസില്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തിയിരുന്നു. അന്നു കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. എഫ്ഐആറില്‍ ചേര്‍ക്കുന്ന വകുപ്പുകള്‍ അന്തിമമല്ല. ഇനിയും നിരവധി സമിതികളില്‍ ഇതിന്റെ പരിശോധന വരുന്നുണ്ട്. എഫ്ഐആര്‍ തയാറാക്കുന്നതു മന്ത്രിയുടെ അറിവോടെയല്ലെന്നും രമേശ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.