മുഖപ്രസംഗം: അന്തര്‍ദേശീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍
Friday, September 19, 2014 10:41 PM IST
അയല്‍രാജ്യങ്ങളുമായും ഏഷ്യയിലെ പ്രമുഖ സാമ്പത്തികശക്തികളായ ജപ്പാന്‍, ചൈന എന്നിവയുമായും അടുത്ത ബന്ധം പുലര്‍ത്താന്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഇന്ത്യയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ സാന്നിധ്യത്തില്‍ ഇന്ത്യയും ചൈനയും പന്ത്രണ്ടു കരാറുകളിലാണ് ഇന്നലെ ഒപ്പുവച്ചത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 1.2 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപമാണു ചൈന ഇന്ത്യയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഈ മാസമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആ രാജ്യവുമായും വിപുലമായ സാമ്പത്തിക സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഏഷ്യന്‍ വന്‍കരയില്‍ പ്രബലരായ രണ്ടു ശക്തികളുമായി ഉണ്ടാക്കിയിട്ടുള്ള കരാറുകള്‍ രാജ്യത്തിന്റെ പൊതുവായ പുരോഗതിയില്‍ നിര്‍ണായകമാകും.

സത്യപ്രതിജ്ഞാവേളയില്‍ സാര്‍ക് രാഷ്ട്രത്തലവന്മാരെ പങ്കെടുപ്പിച്ചു വലിയൊരു നയതന്ത്ര വിജയം നേടാന്‍ മോദിക്കു കഴിഞ്ഞിരുന്നു. അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറിയുടെയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെയും ഇന്ത്യാ സന്ദര്‍ശനങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളും കരാറുകളുമുണ്ടായി. സൈനികേതര ആവശ്യങ്ങള്‍ക്കായി യുറേനിയം ലഭ്യമാക്കുന്നതിന് ഓസ്ട്രേലിയുമായി ഒപ്പിട്ട കരാര്‍ വളരെ പ്രധാനമാണ്. 2.1 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത അഞ്ചുവര്‍ഷംകൊണ്ടു ജപ്പാനില്‍നിന്ന് ഇന്ത്യയിലെത്തുക. പാശ്ചാത്യരാജ്യങ്ങളെ ഏറെ ആശ്രയിക്കാതെ, ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും വളര്‍ന്നുവരുന്ന സാമ്പത്തിക, രാഷ്ട്രീയ ശക്തികളുമായി കൂടുതല്‍ സഖ്യത്തിലേര്‍പ്പെടാന്‍ ഇന്ത്യന്‍ ഭരണകൂടം കാട്ടുന്ന താത്പര്യം തന്ത്രപരമായൊരു നിലപാടാണ്. അതില്‍ത്തന്നെ ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്.

സാമ്പത്തികശക്തിയെന്നനിലയില്‍ ജപ്പാന്റെ വളര്‍ച്ച ലോകരാഷ്ട്രങ്ങള്‍ക്ക് എന്നും മാതൃകയാണ്. രണ്ടാം ലോകമഹായുദ്ധത്തിലെ വന്‍തകര്‍ച്ചയില്‍നിന്നു തികഞ്ഞ ഇച്ഛാശക്തിയിലൂടെ കരകയറിയ ജനതയാണു ജപ്പാനിലേത്. അടുത്തകാലത്തു വലിയൊരു പ്രകൃതിക്ഷോഭത്തില്‍ കൊടിയ നാശമാണു നേരിട്ടതെങ്കിലും അതില്‍നിന്നും കരകയറാന്‍ അവര്‍ക്കു സാധിച്ചു. ആത്മവിശ്വാസത്തോടും അച്ചടക്കത്തോടും കഠിനാധ്വാനത്തോടുംകൂടിയുള്ള അതിജീവനമാണു ജപ്പാന്റെ ശൈലി. ചൈനയുടെ വികസനവഴികള്‍ ജപ്പാന്റേതില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. അമേരിക്കയെപ്പോലും കവച്ചുവയ്ക്കുന്ന സാമ്പത്തിക വളര്‍ച്ചയിലേക്കു കുതിക്കുകയാണു ചൈന. യൂറോപ്പിലും അമേരിക്കയിലും ചൈനീസ് ഉത്പന്നങ്ങള്‍ വിപണി കൈയടക്കിയിരിക്കുന്നു. വിസ്മയിപ്പിക്കുന്ന പല വികസനദൃശ്യങ്ങളും ചൈനയിലെത്തുന്നവര്‍ക്കു കാണാനാകും. അതിവേഗ റെയില്‍ കോറിഡോറുകളും വിശാലമായ ഹൈവേകളും. വൃത്തിയും വെടിപ്പുമുള്ള പൊതുസ്ഥലങ്ങള്‍. ഇരുള്‍ മൂടിയൊരു മറുവശവും ആ രാജ്യത്തിനുണ്ട്. ജനങ്ങള്‍ അനുഭവിക്കുന്ന അസ്വാതന്ത്യ്രം വികസത്തിന്റെ എല്ലാ മേന്മകളെയും നിഷ്പ്രഭമാക്കുന്നു. അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കത്തിന്റെ ഫലമായിരിക്കാം ചൈനക്കാരുടെ ചിട്ടയും വെടിപ്പും കാര്യക്ഷമതയും. ഇന്ത്യയെപ്പോലെ ജനാധിപത്യം നിലനില്‍ക്കുകയും വ്യക്തിസ്വാതന്ത്യ്രവും മനുഷ്യാവകാശങ്ങളും ഏറെ മാനിക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്ത് ചിട്ടയുടെയും കാര്യക്ഷമതയുടെയും മാനദണ്ഡം വ്യത്യസ്തമാണല്ലോ.


പരമ്പരാഗത കമ്യൂണിസത്തില്‍നിന്നു വ്യത്യസ്തമായൊരു സാമ്പത്തിക കാഴ്ചപ്പാടാണു ചൈനയുടെ ഇപ്പോഴത്തെ വികസനത്തിന് അടിത്തറ. കച്ചവടത്തിന്റെ എല്ലാ കാര്‍ഡുകളും അവര്‍ കളിക്കുന്നു. കച്ചവടതന്ത്രത്തില്‍ അമേരിക്കയെപ്പോലും വെല്ലുന്നതായി ചൈന മാറി. വ്യാവസായികോത്പാദനത്തിന്റെ സകല മേഖലകളിലും ചൈന കടന്നുചെന്നു. കളിപ്പാട്ടം മുതല്‍ ഐടി വരെയുള്ള വ്യത്യസ്ത മേഖലകളിലെല്ലാം “മെയ്ഡ് ഇന്‍ ചൈന’ പിടിമുറുക്കിയിരിക്കുന്നു. ഗുണമേന്മയുള്ള ഉത്പന്നങ്ങളോടൊപ്പം വിലകുറഞ്ഞ തട്ടിപ്പു സാധനങ്ങളും ലോകവിപണിയില്‍ വിപുലമായി വിപണനം ചെയ്യാന്‍ അവര്‍ക്കു കഴിയുന്നു. ഇന്ത്യയിലേക്കു ചൈനയില്‍നിന്ന് എത്തുന്ന ഉത്പന്നങ്ങളുടെ ചെറിയൊരു ഭാഗംപോലും നമുക്ക് അവിടേക്കു കയറ്റുമതി ചെയ്യാനാവുന്നില്ല. വ്യാപാരക്കമ്മി കുറയ്ക്കണമെന്ന നിര്‍ദേശം പലപ്പോഴും ഉഭയകക്ഷി ചര്‍ച്ചകളില്‍ ഉയരാറുണ്െടങ്കിലും നമ്മുടെ കമ്മി കൂടുകയാണ്.

ഷി ചിന്‍പിംഗുമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ അതിര്‍ത്തിപ്രശ്നം പ്രധാനമന്ത്രി മോദി ഉന്നയിക്കുകയുണ്ടായി. അതിര്‍ത്തിപ്രശ്നം പരിഹരിക്കുകയും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വളര്‍ച്ച പ്രാപിക്കൂവെന്നു പിന്നീടു നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി അര്‍ഥശങ്കയ്ക്കിടയില്ലാതെ ചൂണ്ടിക്കാട്ടി. ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം നടക്കുന്ന വേളയില്‍പോലും അതിര്‍ത്തിയില്‍നിന്ന് അത്ര നല്ല വാര്‍ത്തകളല്ല വന്നുകൊണ്ടിരുന്നത്.

അയല്‍രാജ്യങ്ങളുമായും ലോകത്തിലെ പ്രമുഖ രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ കേന്ദ്ര ഭരണകൂടം സമര്‍ഥമായ നീക്കങ്ങളാണു നടത്തുന്നതെങ്കിലും ഇന്ത്യ വലിയ ജാഗ്രത ഇനിയും പുലര്‍ത്തേണ്ടതുണ്ട്; വിശേഷിച്ച് ചൈനയോടും പാക്കിസ്ഥാനോടുമുള്ള ബന്ധങ്ങളില്‍. പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷിബന്ധം അവിടത്തെ ആഭ്യന്തര രാഷ്ട്രീയവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താന്‍ ചൈന കാട്ടുന്ന താത്പര്യം അവരുടെ കച്ചവടതന്ത്രത്തിന്റെ ഭാഗമായി മാറരുത്. ഇതര ലോക സാമ്പത്തികശക്തികളുമായും ഇന്ത്യ ദൃഢബന്ധം പുലര്‍ത്തണം. ആശ്രിതത്വം പരമാവധി കുറച്ചു സ്വന്തമായി ശക്തമായൊരു സാമ്പത്തിക അടിത്തറ സൃഷ്ടിക്കാന്‍ ഇന്ത്യക്കു കഴിയേണ്ടതുണ്ട്. ഇന്ത്യ ലോകശക്തികളുടെ വിപണിയായി മാറാതെ, നമ്മുടെ ഉത്പാദന-വിപണന ശേഷികള്‍ വര്‍ധിപ്പിക്കണം. അതോടൊപ്പം ലോകസമൂഹത്തില്‍ ശക്തമായ രാഷ്ട്രീയ സാന്നിധ്യമാകാനും നമുക്കു സാധിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.