നികുതിവര്‍ധന: ഓര്‍ഡിനന്‍സ് വേഗം ഇറക്കാന്‍ സര്‍ക്കാര്‍
Friday, September 19, 2014 11:53 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അധിക വിഭവ സമാഹരണത്തിന്റെ ഭാഗമായി 2100 കോടിയോളം രൂപയുടെ നികുതി വര്‍ധന നടപ്പാക്കുന്നതിനായി എത്രയും വേഗം ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. എന്നാല്‍, ബജറ്റിനു പുറത്ത് ഇത്രയും നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിനു മുന്‍പു നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നിയമസഭ വിളിച്ചു ചേര്‍ക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ മനസു തുറന്നിട്ടില്ല.

ഭൂനികുതി, സ്റാമ്പ് ഡ്യൂട്ടി, മദ്യം, സിഗരറ്റ് എന്നിവയുടെ നികുതി വര്‍ധനയ്ക്കാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. വെള്ളക്കരം കൂട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കേണ്ട കാര്യമില്ല; സര്‍ക്കാര്‍ വിജ്ഞാപനം മതിയാകും. നികുതി വകുപ്പു തയാറാക്കുന്ന വര്‍ധനയുടെ കരട് നിയമ വകുപ്പിനു നല്‍കണം. നിയമ വകുപ്പിന്റെ ശിപാര്‍ശയോടെ കരട് മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കും. മന്ത്രിസഭയുടെ ഭേദഗതിയോടെ ഗവര്‍ണര്‍ക്ക് അയച്ചു കൊടുക്കുന്നതിനുള്ള നടപടിക്രമങ്ങളാണു പുരോഗമിക്കുന്നത്.

സിഗരറ്റിന്റെ ആഡംബര നികുതി ഉയര്‍ത്താന്‍ വാറ്റ് ആക്ടില്‍ ഭേദഗതി വരുത്തേണ്ടതുമുണ്െടന്നു നിയമവകുപ്പ് അധികൃതര്‍ പറഞ്ഞു. പുതിയ നിര്‍ദേശമനുസരിച്ച് സിഗരറ്റിന് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനമാകും കേരളം. അയല്‍സംസ്ഥാനങ്ങളില്‍ 22 ശതമാനം നികുതിയാണു ചുമത്തുന്നത്. കേരളം 30 ശതമാനം നികുതി ചുമത്തുകയാണ്. ഇതിനാല്‍ കള്ളക്കടത്തു തടയുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.


അതേസമയം, നികുതിവെട്ടിപ്പു നടത്തുന്നവര്‍ക്കും നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ നല്‍കിയ മറ്റു നിര്‍ദേശങ്ങളും മന്ത്രിസഭയുടെ പരിഗണനയിലുണ്ട്.

അധികജീവനക്കാരുടെ പുനര്‍വിന്യാസം സംബന്ധിച്ചും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠിക്കാന്‍ ഉപസമിതിയെ നിയോഗിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 30,000 ജീവനക്കാര്‍ അധികമായിട്ടുണ്െടന്നാ ണു കണ്െടത്തല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.