രേഖ സമര്‍പ്പിച്ചില്ല; സോളാര്‍ കമ്മീഷന് അതൃപ്തി
Friday, September 19, 2014 11:56 PM IST
കൊച്ചി: സോളാര്‍ കേസിലെ ജുഡീഷല്‍ അന്വേഷണത്തെ സര്‍ക്കാര്‍ ഗൌരവത്തിലെടുക്കുന്നില്ലെന്നു സോളാര്‍ കേസ് അന്വേഷണ കമ്മീഷന്‍ ജസ്റീസ് ജി. ശിവരാജന്‍. അന്വേഷണവുമായി പോലീസ് ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസില്‍ വിശദമായ സ്റേറ്റ്മെന്റ് സമര്‍പ്പിക്കാനുള്ള കമ്മീഷന്റെ നിര്‍ദേശം പാലിക്കുന്നതില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയ സാഹചര്യത്തിലാണു കമ്മീഷന്‍ ഇന്നലെ നടത്തിയ സിറ്റിംഗില്‍ അമര്‍ഷം പ്രകടിപ്പിച്ചത്.

നേരത്തേ രണ്ടു പ്രാവശ്യം സര്‍ക്കാര്‍ സമയം നീട്ടി ചോദിക്കുകയും കമ്മീഷന്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇന്നലെ സ്റേറ്റ്മെന്റ് സമര്‍പ്പിക്കാമെന്നാണു കഴിഞ്ഞ സിറ്റിംഗില്‍ പ്ളീഡര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നലെ കേസ് പരിഗണിച്ചപ്പോഴും പ്ളീഡര്‍ സ്റേറ്റ്മെന്റ് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ചു. മറ്റു പല കേസുകളുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലിനുള്ള തിരക്ക് കമ്മീഷന് അറിയാമെന്നും എന്നാല്‍ ഇത് ഇങ്ങനെ നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും ജസ്റീസ് ശിവരാജന്‍ പറഞ്ഞു. വീഴ്ച സംഭവിച്ചതില്‍ ഗവണ്‍മെന്റ് പ്ളീഡര്‍ ക്ഷമാപണം നടത്തി.


അടുത്ത മാസം 14നകം സ്റേറ്റ്മെന്റ് സമര്‍പ്പിക്കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു. കേസ് 14നു വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.