റബര്‍ വിലയിടിവ്: മുഖ്യമന്ത്രി കേന്ദ്രസഹായം തേടി
റബര്‍ വിലയിടിവ്: മുഖ്യമന്ത്രി കേന്ദ്രസഹായം തേടി
Friday, September 19, 2014 11:58 PM IST
തിരുവനന്തപുരം: വിലയിടിവുമൂലം റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി റബര്‍ ഇറക്കുമതി നിയന്ത്രിക്കണമെന്നും ദേശീയപാത നിര്‍മാണത്തിനു റബര്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.

ആഭ്യന്തര വിപണിയില്‍ ആവശ്യത്തിന് റബര്‍ ഉള്ളതിനാല്‍ ഇറക്കുമതി ചെയ്യുന്ന റബറിനു പരമാവധി നികുതി ചുമത്തി നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. റോഡ് ടാര്‍ചെയ്യാന്‍ റബറൈസ്ഡ് ബിറ്റുമിന്‍ ഉപയോഗിക്കുന്നതു പാതയുടെ ആയുസ് വര്‍ധിപ്പിക്കുമെന്നു തെളിഞ്ഞിട്ടുള്ളതിനാല്‍ ദേശീയപാതാ അഥോറിറ്റിയെ ഇത് ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

റബര്‍ കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ്ഫെഡ് എന്നിവയിലൂടെ റബര്‍ ബോര്‍ഡിനേക്കാള്‍ രണ്ടു രൂപ കൂട്ടി റബര്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍, ഏറ്റവും മികച്ച റബറിനുപോലും കിലോയ്ക്ക് 127 രൂപ മാത്രമാണ് ഇപ്പോഴുള്ളത്. ഇതു കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ്. റബറിനു വിലയിടിഞ്ഞ 1997-2002 കാലയളവില്‍ എസ്ടിസി റബര്‍ സംഭരിച്ച് അഡ്വാന്‍സ് ലൈസന്‍സ് ഹോള്‍ഡേഴ്സിനു നല്‍കി. 1992 ഫെബ്രുവരി 20 മുതല്‍ 2003 ജൂലൈ മൂന്നുവരെ അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം റബര്‍ ഇറക്കുമതി റദ്ദാക്കിയിരുന്നു. വിദേശവ്യാപാര ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി റബര്‍ ഇറക്കുമതി നിയന്ത്രിക്കാനുള്ള നയപരമായ തീരുമാനം ഉടനേ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


സംസ്ഥാന സര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ മുഖേന സംഭരിക്കുന്ന റബര്‍ വാങ്ങാന്‍ അഡ്വാന്‍സ് ഓഥറൈസേഷന്‍ ഹോള്‍ഡേഴ്സിനു നിര്‍ദേശം നല്‍കണമെന്നും പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആയിരം കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ടിനു രൂപംനല്‍കേണ്ടതുണ്െടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.