മലങ്കരസഭ പുനരൈക്യ വാര്‍ഷികത്തിന് ഉജ്വല തുടക്കം
മലങ്കരസഭ പുനരൈക്യ വാര്‍ഷികത്തിന് ഉജ്വല തുടക്കം
Friday, September 19, 2014 12:05 AM IST
സുല്‍ത്താന്‍ ബത്തേരി: മലങ്കര കത്തോലിക്ക സഭയുടെ 84-ാം പുനരൈക്യ വാര്‍ഷികാഘോഷത്തിനു ബത്തേരിയില്‍ ഉജ്വല തുടക്കം. പുനരൈക്യത്തിന്റെ ഓര്‍മപുതുക്കി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ വിശ്വാസികളെ സാക്ഷി നിര്‍ത്തി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മലങ്കര സഭയുടെ വളര്‍ച്ച എല്ലാവര്‍ക്കും സന്തോഷം പകരുന്നതായി അദ്ദേഹം പറഞ്ഞു. സഭയുടെ വളര്‍ച്ചയില്‍ ഏവരും സന്തോഷിക്കുന്നു. പുനരൈക്യ വാര്‍ഷികം എന്നുപറഞ്ഞാല്‍ സാര്‍വത്രിക സഭയുടെ കൂട്ടായ്മയില്‍ മലങ്കര സഭ ആരംഭിച്ചതിന്റെ വാര്‍ഷികമാണ്. മലങ്കര സഭയ്ക്ക് നേതൃത്വം നല്‍കുന്ന കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ഇന്ത്യക്കും ലോകത്തിനും തന്നെ നിരവധി സംഭാവനകളാണു നല്‍കുന്നത്. മനുഷ്യരുടെ നന്മയ്ക്കു വേണ്ടിയാണു കത്തോലിക്കാ സഭ നിലകൊള്ളുന്നത്. മലങ്കര സഭയുടെ പ്രവര്‍ത്തനം കാരുണ്യത്തില്‍ ഊന്നിയാണ്. സഭാംഗങ്ങള്‍ക്കു വേണ്ടി മാത്രം ജീവിക്കുകയല്ല. മറിച്ച്, എല്ലാവര്‍ക്കും വേണ്ടിയാണു നിലകൊള്ളുന്നതെന്ന സന്ദേശമാണു മലങ്കര സഭ നല്‍കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസിനെ നേരിട്ടു വിളിച്ചു പുനരൈക്യത്തിന്റെ ആശംസകള്‍ നേര്‍ന്നു. ഇതിനു വഴിയൊരുക്കിയതു കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവയാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

മലങ്കര സഭ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന സ്നേഹത്തിന്റെ കൂട്ടായ്മയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ പറഞ്ഞു. എല്ലാ മനുഷ്യര്‍ക്കും അനുഗ്രഹപ്രദമാകുന്ന കൂട്ടായ്മയുടെ പ്രവര്‍ത്തനമാണു നടക്കുന്നതെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍, മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം എന്നിവരും ആശംസകള്‍ നേര്‍ന്നു. ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് സ്വാഗതം ആശംസിച്ചു. താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും ചടങ്ങില്‍ പങ്കെടുത്തു.

എം.ഐ. ഷാനവാസ് എംപി, സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി, ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ബദനി നവജ്യോതി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മത്തായി കടവില്‍, ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എം. ജോര്‍ജ്, പനമരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.


ബത്തേരി രൂപത വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താന്നിക്കാക്കുഴി നന്ദി പറഞ്ഞു. പുനരൈക്യ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പ്രയാണങ്ങള്‍ക്കു സ്വീകരണവും വിളംബര ഘോഷയാത്രയും നടന്നു. ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. മാര്‍ ഈവാനിയോസ് നഗറില്‍ കൂരിയ ബിഷപ് തോമസ് മാര്‍ അന്തോണിയോസ് കാതോലിക്കാ പതാകയും പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് പേപ്പല്‍ പതാകയും എംസിവൈഎം സഭാതല ഡയറക്ടര്‍ ഫാ. തോമസ് കയ്യാലയ്ക്കല്‍ എംസിവൈഎം പതാകയും ബത്തേരി രൂപത മുഖ്യ വികാരി ജനറാള്‍ മാത്യു ചാമക്കാലായില്‍ റമ്പാന്‍ എംസിഎ പതാകയും ഉയര്‍ത്തി.

സാഹിത്യ സമ്മേളനം കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് അധ്യക്ഷത വഹിച്ചു. ബിഷപ് തോമസ് മാര്‍ അന്തോണിയോസ്, ഷെവലിയര്‍ ബെന്നി പുന്നത്തറ, ഡോ.റോയി വര്‍ഗീസ്, ഡോ. ജിബി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പിഒസി ഡയറക്ടര്‍ റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് സ്വാഗതവും ഗീവര്‍ഗീസ് ചന്ദനപള്ളി നന്ദിയും പറഞ്ഞു. എക്സിബിഷന്റെ ഉദ്ഘാടനം സിസ്റര്‍ ശോശാമ്മ ഒഎസ്എസ് നിര്‍വഹിച്ചു.

ഇന്ന് ആഗോള സണ്‍ഡേ സ്കൂള്‍ സംഗമവും അന്തര്‍ദേശീയ എംസിവൈഎം സംഗമവും ആഗോള അല്‍മായ സംഗമവും നടക്കും. കൂടാതെ വിദ്യാഭ്യാസ അനുമോദന സമ്മേളനവും സര്‍വമത സമ്മേളനവും മലങ്കര സുറിയാനി കത്തോലിക്ക സഭ സുവിശേഷ സന്ധ്യയും നടക്കും. ബത്തേരി രൂപത മുഖ്യവികാരി ജനറാള്‍ മാത്യു ചാമക്കാലായില്‍ റമ്പാന്‍, വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താന്നിക്കാക്കുഴി, തോമസ് താന്നിക്കാക്കുഴി കോര്‍ എപ്പിസ്കോപ്പ, തോമസ് ചരിവുപുരയിടം കോര്‍ എപ്പിസ്കോപ്പ, ബത്തേരി രൂപത പിആര്‍ഒ ഫാ. ടോണി കോഴിമണ്ണില്‍, ശ്രേയസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ റവ. ഡോ. ലൂയീസ് പുത്തന്‍വീട്ടില്‍, ഫാ. വര്‍ഗീസ് പുളിക്കല്‍, ഫാ. ജോണ്‍ ചരുവിള, ഫാ. സാമുവേല്‍ പുതുപ്പാടി, ഫാ. ജേക്കബ് ചുണ്ടക്കാട്ട്, ഫാ. സെബാസ്റ്യന്‍ കീപ്പള്ളില്‍, ഫാ. മാത്യു കടമ്പാന്‍കുടിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.