കൊലപാതകത്തിനെതിരേ കൈയൊപ്പുകള്‍ക്ക് ആയിരം മീറ്റര്‍ കാന്‍വാസ്
Friday, September 19, 2014 12:29 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: കൊല്ലരുത് എന്ന സന്ദേശവുമായി കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടത്തുന്ന മാ നിഷാദ യാത്രയുടെ ഉദ്ഘാടനം നാളെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നിര്‍വഹിക്കും.

തൃശൂരിലെ തോപ്പ് ഇന്‍ഡോര്‍ സ്റേഡിയത്തില്‍ വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സ്വാമി ഗഭീരാനന്ദ, കാളത്തോട് മഹല്ല് ഖത്തീബ് ഹഫീസ് ഹബീബുല്‍ കാസിമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മേയര്‍ രാജന്‍ പല്ലന്‍ അധ്യക്ഷനാകുന്ന സമ്മേളനത്തില്‍ ജസ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ഈ മാസം 25നു കാസര്‍ഗോഡുനിന്നു തുടങ്ങുന്ന യാത്ര കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണു തിരുവനന്തപുരത്തു സമാപിക്കുക. യാത്രയുടെ വിളംബരവുമായുള്ള സൈക്കിള്‍ റാലി നാളെ 3.30നു തൃശൂര്‍ തെക്കേഗോപുരനടയില്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് ഫ്ളാഗ് ഓഫ് ചെയ്യും. ഹാന്‍ഡില്‍ ഇല്ലാതെ ഒറ്റച്ചക്രം മാത്രമുള്ള സൈക്കിളിലെ അഭ്യാസവും ഉണ്ടാകും.


നൂറിലേറെ സംഘടനകളുടെ പിന്തുണയോടെയുള്ള യാത്രാസംഘത്തില്‍ 40 പേരുണ്ടാകും. ഉപവാസമനുഷ്ഠിച്ചാണ് ചിറമ്മലച്ചന്‍ യാത്ര നടത്തുക. റോഡപകടങ്ങ ളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സാന്ത്വനവുമായി എത്തുകയും പ്രത്യാശയുടെ സ്നേഹമരം നടുകയും ചെയ്യും. അത്തരം വീടുകളിലായിരിക്കും താമസം. വിവിധ കേന്ദ്രങ്ങളില്‍ തെരുവു നാടകം, പൊതുയോഗം, സെമിനാര്‍ എന്നിവയും ഉണ്ടാകും.

യാത്രയ്ക്കിടെ ആയിരം മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ പതിനായിരക്കണക്കിനു ജനങ്ങള്‍ അഹിംസയുടെ കൈയൊപ്പു ചാര്‍ത്തും. ചോരചിന്താന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായുള്ള കൈയൊപ്പുകള്‍ ലോക റിക്കാര്‍ഡാകും. ചുരുളാക്കി സൂക്ഷിക്കുന്ന കാന്‍വാസ് അലംകൃതമായ വാഹനത്തിലാണ് ഓരോ കേന്ദ്രങ്ങളിലും എത്തിക്കുക. പിന്നീട് ഗ്ളാസ് പേടകത്തിലാക്കി ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.