വിദ്യാഭ്യാസ വായ്പ തിരിച്ചടവ്: മോറട്ടോറിയം നീട്ടരുതെന്നു ബാങ്കിംഗ് അവലോകന സമിതി
Friday, September 19, 2014 12:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിനുള്ള മോറട്ടോറിയം നീട്ടരുതെന്നു സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതി (എസ്എല്‍ബിസി) സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു.

എടുത്ത വായ്പകള്‍ പലതും തിരിച്ചടയ്ക്കാത്തതുമൂലം വിദ്യാഭ്യാസ മേഖലയില്‍ വിതരണം ചെയ്ത വായ്പകള്‍ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയായി മാറുകയാണ്. കിട്ടാക്കടമായി മാറുന്ന വിദ്യാഭ്യാസ വായ്പകളുടെ റിക്കവറി നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം അനുസരിച്ച് ഈ മാസം ഒമ്പതിനു ചേര്‍ന്ന എസ്എല്‍ബിസി സ്റിയറിംഗ് കമ്മിറ്റിയാണ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍വച്ചത്. ഇന്നലെ ചേര്‍ന്ന് എസ്എല്‍ബിസി യോഗത്തിന്റെ അജന്‍ഡയിലും ഇത് ഉള്‍പ്പെടുത്തി.

വിദ്യാഭ്യാസ വായ്പ എടുത്തു പഠനം പൂര്‍ത്തിയാക്കി ജോലി സ്വന്തമാക്കിയവര്‍ പോലും വായ്പ തിരിച്ചടവ് കൃത്യമായി നടത്തുന്നില്ല. വരുമാനം ഉണ്ടായിട്ടും വായ്പാ തിരിച്ചടവിനു തയാറാകാത്തവര്‍ക്കെതിരേ റിക്കവറി നടപടികള്‍ ഊര്‍ജിതപ്പെടുത്തി ബാങ്കിംഗ് മേഖല ശക്തിപ്പെടുത്താനാവശ്യമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 7898 അക്കൌണ്ടുകളിലായി വിതരണം ചെയ്ത 198 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പയില്‍ 19.98 കോടി രൂപ നിഷ്ക്രിയ ആസ്തിയായി മാറിയതായി ഇന്ത്യന്‍ ബാങ്ക് എസ്എല്‍ബിസിയെ അറിയിച്ചു. നിഷ്ക്രിയ ആസ്തി വര്‍ധിക്കുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. മോറട്ടോറിയം പോലുള്ള ആനുകൂല്യങ്ങള്‍ ഭാവിയില്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.


ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാക്കില്‍ നിന്നും ലിബിയയില്‍ നിന്നും തിരിച്ചെത്തിയ നഴ്സുമാരുടെ വിദ്യാഭ്യാസ വായ്പയില്‍ പലിശ ഇളവ് അനുവദിക്കാന്‍ പ്രത്യേക പദ്ധതി തയാറായതായി കാനറാ ബാങ്ക് ചെയര്‍മാന്‍ ആര്‍.കെ. ദുബെ അറിയിച്ചു. മറ്റുള്ള ബാങ്കുകളും ഇതു പിന്തുണടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വായ്പകള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പലിശ സബ്സിഡി അനുവദിച്ചിട്ടും പല ബാങ്കുകളും അതു നല്‍കാന്‍ മടിക്കുകയാണെന്നു യോഗത്തില്‍ പങ്കെടുത്ത മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നിതാഖാത് മൂലം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി സര്‍ക്കാര്‍ തയാറാക്കിയ പുനരധിവാസ പാക്കേജുകള്‍ക്ക് ബാങ്കുകള്‍ മതിയായ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.