അധികനികുതി: വിശദ പരിശോധന ആവശ്യമെന്നു സുധീരന്‍
അധികനികുതി: വിശദ പരിശോധന ആവശ്യമെന്നു സുധീരന്‍
Saturday, September 20, 2014 12:33 AM IST
കൊച്ചി: സര്‍ക്കാരിന്റെ അധികനികുതി നിര്‍ദേശം സംബന്ധിച്ചു വിശദമായ പരിശോധന ആവശ്യമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളക്കരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചു പരിശോധന ആവശ്യമാണ്. പരിശോധനയ്ക്കു ശേഷം അതു സംബന്ധിച്ചു കെപിസിസിസി സര്‍ക്കാരിന് അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും നികുതി വര്‍ധിപ്പിക്കുന്നത് അതിന്റെ ഉപഭോഗം കുറയ്ക്കാന്‍ സഹായകമാകും. നികുതി നിര്‍ദേശങ്ങളില്‍ 85 ശതമാനത്തോളം വരുമാനം ലക്ഷ്യമിടുന്നത് ഈ മേഖലയില്‍നിന്നാണെന്നു മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. മദ്യനയം മൂലമാണോ ഇത്തരത്തില്‍ ഒരു അവസ്ഥയുണ്ടാതെന്ന ചോദ്യത്തിന്, സംസ്ഥാനത്തു മദ്യ നയം തുടങ്ങിയിട്ടില്ലെന്നായിരുന്നു വി.എം. സുധീരന്റെ മറുപടി. മദ്യ നയം ആവിഷ്കരിച്ചിട്ടേയുള്ളൂ, നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മദ്യനയമാണു സാമ്പത്തിക ഞെരുക്കത്തിനു കാരണമെന്ന അഭിപ്രായം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു വികസനപ്രവര്‍ത്തനം ധാരാളം നടക്കുന്നുണ്ട്. വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ചെലവുകളും വര്‍ധിക്കും. അതു സ്വാഭാവികമാണ്. ചെലവു കുറയ്ക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ പേഴ്സണല്‍ സ്റാഫിന്റെ എണ്ണം കുറയ്ക്കുന്നതടക്കം കെപിസിസി ചര്‍ച്ച ചെയ്തതിനു ശേഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും സുധീരന്‍ പറഞ്ഞു.


നികുതി നിഷേധവുമായി സിപിഎം രംഗത്തുവന്നിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ക്കു പ്രത്യേകിച്ചു പ്രതിപക്ഷത്തിന് ഈ കാര്യങ്ങളെ വിമര്‍ശിക്കാനും അഭിപ്രായം പറയാനും നിര്‍ദേശം സമര്‍പ്പിക്കാനും അവകാശമുണ്ട്. അതിനോടു താന്‍ യോജിക്കുന്നു. എന്നാല്‍, സിപിഎം ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സമരരീതി ശരിയല്ല. അധികനികുതി ബഹിഷ്കരിക്കുമെന്നാണു സിപിഎം പറയുന്നത്. നികുതി നിഷേധങ്ങള്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ വ്യവസ്ഥാപിത ഭരണസംവിധാനത്തോടുള്ള അനുചിതമായ വെല്ലുവിളിയായിട്ടേ കാണാന്‍ കഴിയൂ. പ്രതിഷേധിക്കാന്‍ വ്യവസ്ഥാപിതമായ മറ്റു മാര്‍ഗങ്ങള്‍ ഉണ്ട്. നിയമനിഷേധമുള്‍പ്പെടെയുള്ള സമീപനം ശരിയല്ല. അവരുടെ അഭിപ്രായങ്ങളും ബദല്‍ നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിച്ചുകൊണ്ടുള്ള ജനാധിപത്യ സമ്പ്രദായത്തിലേക്കു പോകുകയാണ് അവര്‍ ചെയ്യേണ്ടത്. സിപിഎം നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നു കൊലപാതക രാഷ്ട്രീയം മൂലമുള്ള ജനങ്ങളുടെ എതിര്‍പ്പുകളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. നികുതിനിഷേധത്തില്‍നിന്ന് അവര്‍ പിന്തിരിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.