ഭാര്യയെയും മക്കളെയും കൂടത്തിനടിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി
Saturday, September 20, 2014 12:36 AM IST
ഏറ്റുമാനൂര്‍: ഭാര്യയെയും മക്കളെയും ഇരുമ്പുകൂടത്തിനു തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൃഹനാഥന്‍ സ്വയം ഷോക്കടിപ്പിച്ചു ജീവനൊടുക്കി. ഇന്നലെ വെളുപ്പിന് രണ്ടിനു പേരൂര്‍ ചെറ്റേക്കവലയിലാണു സംഭവം. വാടകവീട്ടില്‍ താമസിക്കുന്ന കുന്നന്താനം മാന്താനം പറങ്ങിത്തറ രാജന്‍ (48) ആണ് ഭാര്യയെയും മക്കളെയും അടിച്ചുവീഴ്ത്തിയശേഷം കാല്‍വിരലുകളില്‍ ചെമ്പുകമ്പി ചുറ്റി ഷോക്കേല്‍പ്പിച്ചു ജീവനൊടുക്കിയത്.

ഭാര്യ കാഞ്ഞിരപ്പള്ളി ആനക്കല്ല് കാഞ്ഞിരത്തിന്‍മൂട്ടില്‍ കൊച്ചുപാപ്പിയുടെ മകള്‍ ഗ്രേസി (പൊന്നമ്മ -26), മക്കളായ റിജോ (6), റിന്റോ (4) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. റിജോയും റിന്റോയും മെഡിക്കല്‍ കോളജില്‍ ട്രോമ ഐസിയുവിലും ഗ്രേസി സര്‍ജറി വിഭാഗത്തിലും ചികിത്സയിലാണ്. തലയോട് പൊട്ടിയ റിജോയെ ഇന്നലെ വൈകുന്നേരം ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.


പാസ്ററുടെ മകനായ രാജന് ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുണ്ട്. സംശയരോഗിയായ ഇയാള്‍ ഭാര്യയെയും മക്കളെയും ഉപേക്ഷിക്കുകയിയിരുന്നു. ഏഴുവര്‍ഷമായി ഗ്രേസിയുമായി ഒരുമിച്ചു താമസിക്കുകയായിരുന്നു.

ടൈല്‍സ് ജോലിക്കാരനായ രാജന്‍ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗ്രേസിയെയും ഇയാള്‍ക്ക് സംശയമുണ്ടായിരുന്നു. ഇന്നലെ വെളുപ്പിന് ഗ്രേസിയുമായി വഴക്കുകൂടിയ ഇയാള്‍ ഇരുമ്പുകൂടം ഉപയോഗിച്ച് ഗ്രേസിയെ തലയ്ക്ക് അടിച്ചുവീഴ്ത്തി ബഹളംകേട്ടുണര്‍ന്ന കുട്ടികളുടെയും തലയ്ക്കടിച്ചു വീഴ്ത്തിയശേഷം അവര്‍ മരിച്ചെന്നു കരുതി കാലില്‍ ചെമ്പുകമ്പി ചുറ്റി ഷോക്കടിപ്പിച്ച് ജീവനൊടുക്കുകയായിരുന്നു.ഏറ്റുമാനൂര്‍ സിഐ ജോയി മാത്യുവിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസാണ് ഇവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.