ഇപിഎഫ്: കൊച്ചി സബ് റീജണില്‍ 4,34,345 പേര്‍ക്കു യൂണിവേഴ്സല്‍ അക്കൌണ്ട് നമ്പര്‍
Saturday, September 20, 2014 12:40 AM IST
കൊച്ചി: എംപ്ളോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) കൊച്ചി സബ് റീജണല്‍ ഓഫീസില്‍ 4,34,345 പേര്‍ക്ക് ഇതിനകം യൂണിവേഴ്സല്‍ അക്കൌണ്ട് നമ്പര്‍ (യുഎഎന്‍) അനുവദിച്ചു. അഖിലേന്ത്യാ തലത്തില്‍ ഇപിഎഫ് അംഗങ്ങള്‍ക്കു നല്‍കി വരുന്ന യൂണിവേഴ്സല്‍ അക്കൌണ്ട് നമ്പര്‍ വിതരണം അടുത്ത മാസം 15നു മുമ്പു പൂര്‍ത്തിയാകുമെന്നു റീജണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ എന്‍. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഇപിഎഫ് നിയമത്തിന്റെ കീഴില്‍ വരുന്ന എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്, എംപ്ളോയിസ് പെന്‍ഷന്‍ സ്കീം, എംപ്ളോയിസ് ഡെപ്പോസിറ്റ് ബന്ധിത ഇന്‍ഷ്വറന്‍സ് സ്കീം, തുടങ്ങി മൂന്നു പദ്ധതികള്‍ക്കും ഈ മാസം മുതല്‍ പ്രധാനപ്പെട്ട ചില ഭേദഗതികള്‍ നടപ്പാക്കിയിട്ടുണ്ട്. ശമ്പള പരിധി 6,500ല്‍നിന്ന് 15,000 രൂപയാക്കി ഉയര്‍ത്തി. ഇതുമൂലം കൂടുതല്‍ തൊഴിലാളികള്‍ക്കു ഈ പദ്ധതിയുടെ കീഴില്‍ അംഗത്വം ലഭിക്കും. എന്നാല്‍, പുതുതായി പ്രൊവിഡന്റ് ഫണ്ട് മെംബര്‍ഷിപ്പ് നേടുന്നവര്‍ക്ക് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി 15,000 രൂപയ്ക്കു മുകളിലാണെങ്കില്‍ എംപ്ളോയിസ് പെന്‍ഷന്‍ സ്കീമില്‍ ചേര്‍ക്കേണ്ടതില്ല. പുതുക്കിയ നിയമ പ്രകാരം ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയായും വിധവ പെന്‍ഷന്‍ 1,000 രൂപയായും കുട്ടികള്‍ക്കുള്ള പെന്‍ഷന്‍ 250 രൂപയായും അനാഥകുട്ടികള്‍ക്കുള്ള പെന്‍ഷന്‍ 750 രൂപയായും ഉയര്‍ത്തി.


നിലവില്‍ 6,500 രൂപയ്ക്കു മുകളില്‍ ഉള്ള വേതനത്തിന് പെന്‍ഷന്‍ വിഹിതം അടയ്ക്കുന്നവര്‍ 15,000 രൂപയ്ക്കു മുകളിലുള്ള വേതനത്തിനു പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ താത്പര്യമുണ്െടങ്കില്‍ പുതുക്കിയ സമ്മതപത്രം ആറു മാസത്തിനുള്ളില്‍ നല്‍കണം. 15,000 രൂപയില്‍ കൂടുതല്‍ ശമ്പളത്തിനു പെന്‍ഷന്‍ വിഹിതം അടയ്ക്കുന്നതിനു താല്‍പര്യമുള്ളവര്‍ അധിക വിഹിതമായി 1.16 ശതമാനം തൊഴിലാളികളുടെ വിഹിതത്തില്‍നിന്ന് അടയ്ക്കേണ്ടതാണ്. യുഎഎന്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ആധാര്‍ നമ്പര്‍, ബാങ്ക് അക്കൌണ്ട്, പാന്‍നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ ഇവയുമായി ബന്ധിപ്പിക്കണം.

അപ്ലോഡ് ചെയ്ത വിവരങ്ങള്‍ തൊഴിലുടമയുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ചു സാക്ഷ്യപ്പെടുത്തണം. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍, യുഎഎന്‍ എന്നിവയെക്കുറിച്ചുള്ള സഹായങ്ങള്‍ക്ക് ഇവയുടെ നോഡല്‍ ഓഫീസറുമായി 0484-2534610,2331996 എന്ന നമ്പറില്‍ ബന്ധപ്പെടാം. യുഎഎനിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ംംം.ലുളശിറശമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. എല്ലാ മാസവും പത്തിനു അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും ഇപിഎഫ് കമ്മീഷണര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.