സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ എയിംസ് വൈകില്ല: ഡോ. ഹര്‍ഷവര്‍ധന്‍
സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ എയിംസ് വൈകില്ല:  ഡോ. ഹര്‍ഷവര്‍ധന്‍
Saturday, September 20, 2014 12:25 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സ്ഥലമടക്കമുള്ള ഭൌതിക സാഹചര്യം ലഭ്യമായാലുടന്‍ സംസ്ഥാനത്തിന് ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടാകില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

എല്ലാ അടിസ്ഥാന സൌകര്യങ്ങളും ലഭ്യമാകുന്ന 200 ഏക്കര്‍ സ്ഥലമാണ് എയിംസിനു വേണ്ടത്. ഇക്കാര്യത്തില്‍ കേരളത്തില്‍നിന്നു ക്ളിയറന്‍സ് ലഭിച്ചാലുടന്‍ കേന്ദ്രസംഘം സ്ഥലം കാണാനെത്തും. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണു സംസ്ഥാനം എയിംസിനായി സ്ഥലം കണ്െടത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും വേഗം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലത്തിനാണു കേന്ദ്രം പ്രഥമ പരിഗണന നല്‍കുന്നത്. കേരളത്തില്‍നിന്നുള്ള ചില എംപിമാര്‍ തങ്ങളുടെ ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്െടന്നും ഹര്‍ഷവര്‍ധന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


ആരോഗ്യരംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും ആര്‍സിസിക്കു ദേശീയ കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട് പദവി ലഭിക്കാന്‍ അര്‍ഹതയുണ്െടന്നും അദ്ദേഹം പറഞ്ഞു. റീജണല്‍ കാന്‍സര്‍ സെന്ററിനെ ദേശീയ ഇന്‍സ്റിറ്റ്യൂട്ട് ആക്കി ഉയര്‍ത്തുക എന്നതാണു സംസ്ഥാനത്തിന്റെ സ്വപ്നമെന്നറിയാം. ആ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനു താനും പ്രവര്‍ത്തിക്കും.

കാന്‍സറിനെതിരേ രാജ്യം യുദ്ധം പ്രഖ്യാപിക്കേണ്ട സമയമായി. കാന്‍സര്‍ നേരത്തേ കണ്െടത്തുന്നതിനും തടയുന്നതിനും വലിയൊരു പ്രചാരണം ആവശ്യമാണ്.

നാഷണല്‍ ഹെല്‍ത്ത് അഷ്വറന്‍സ് മിഷന്‍ പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തുടക്കം കുറിക്കും. പിന്‍സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിപുലമായ പ്രചാരണം വേണമെന്നും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു പണമില്ലെന്ന ന്യായം തടസമാകരുതെന്നും ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.