മനോജ് രക്ഷപ്പെട്ടാല്‍ കൊല്ലാന്‍ കാത്തുനിന്നത് ഒന്‍പതംഗ സംഘം
Sunday, September 21, 2014 12:09 AM IST
തലശേരി: മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റിലായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രഭാകരനില്‍നിന്നു കൊലപാതകത്തെക്കുറിച്ച് അന്വേഷണസംഘത്തിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. മനോജിന്റെ വാഹനത്തിനുനേരേ വിക്രമനാണു ബോംബെറിഞ്ഞതെന്നും മാലൂര്‍-കൂത്തുപറമ്പ് മേഖലകളില്‍നിന്നുള്ളവരാണു മനോജിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രഭാകരന്റെ മൊഴിയില്‍ പറയുന്നതായി അറിയുന്നു.

കൊലയാളിസംഘത്തില്‍ ഏഴു പേരാണുണ്ടായിരുന്നത്. സംഭവസ്ഥലത്തുനിന്നു മനോജ് രക്ഷപ്പെട്ടാല്‍ പിടിക്കാനായി ഒന്‍പതു പേരടങ്ങുന്ന മറ്റൊരു സംഘം കാത്തുനിന്നിരുന്നു. ഒരുതരത്തിലും പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലാണു താന്‍ കഴിഞ്ഞിരുന്നതെന്നും കൊലപാതകത്തിനുശേഷം സംഘത്തിലെ അംഗങ്ങള്‍ പരസ്പരം ബന്ധപ്പെടരുതെന്നു തങ്ങള്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നുവെന്നും പ്രഭാകരന്‍ പറഞ്ഞു.

കൊലപാതകത്തിനു ശേഷം ഓരോരുത്തരും വന്ന വഴിയേ തന്നെ തങ്ങളുടെ കേന്ദ്രങ്ങളിലേക്കു തിരിച്ചുപോകുകയായിരുന്നു. സാധാരണക്കാരനെപ്പോലെ നടക്കുന്ന പ്രഭാകരന്‍ ജില്ലയിലെ ഓപ്പറേഷന്‍ ഗ്രൂപ്പുകളിലെ പ്രധാന കണ്ണികളിലൊരാളാണെന്നും വിക്രമനെപ്പോലെ തന്നെ കൊലപാതകത്തിനു മുമ്പും ശേഷവും പ്രഭാകരനും നിയമോപദേശം ലഭിച്ചിരുന്നുവെന്നുമാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. പ്രഭാകരനോടൊപ്പം മാലൂരില്‍നിന്നുള്ള മറ്റൊരു യുവാവ് കൂടി ദൌത്യത്തില്‍ പങ്കെടുത്തതായി തെളിഞ്ഞിട്ടുണ്ട്.

മാലൂര്‍ കാവിന്മൂലയിലുള്ള ഇയാളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും പിടികൂടാനായില്ല. ഇയാള്‍ വശമാണ് ആയുധങ്ങള്‍ മറ്റൊരു സംഘത്തിനു കൈമാറിയതെന്നാണു സൂചന. ഇയാളെ പിടികൂടിയാലേ ആയുധം കൊണ്ടുപോയ സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുകയൂള്ളൂ. കൊല നടത്തിയവരെക്കുറിച്ചും ഓപ്പറേഷന്റെ രീതിയേക്കുറിച്ചുമെല്ലാം വ്യക്തമായ വിവരം അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്െടങ്കിലും ഗൂഢാലോചന സംബന്ധിച്ചു സൂചനകളല്ലാതെ കാര്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഗൂഢാലോചനകള്‍ സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിലേക്കായി സിപിഎം പ്രാദേശിക നേതാക്കളെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍ ഉള്‍പ്പെടെ പലരും ഹാജരായിട്ടില്ല.


സിപിഎം നേതാവും പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എംഡിയുമായ സി. പ്രകാശനെ ചോദ്യം ചെയ്ത ശേഷം അറസ്റ് ചെയ്തതോടെയാണു മറ്റു നേതാക്കള്‍ അന്വേഷണസംഘത്തിനു മുമ്പാകെ വരുന്നതില്‍നിന്നു പിന്മാറിയിട്ടുള്ളത്. അതിനിടെ, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന എസ്പി വി.കെ. അക്ബറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിക്രമനെ ചോദ്യം ചെയ്തു. ടി.കെ. രജീഷുമായി വിക്രമന്റെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളുടെ അടിസ്ഥാനത്തിലാണു വിക്രമനെ ചോദ്യം ചെയ്തതെന്നും ഇതു സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും എസ്പി അക്ബര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.