ബസ് ഡ്രൈവറുടെ മൊബൈല്‍ സംസാരം വീട്ടമ്മയുടെ ജീവനെടുത്തു
Sunday, September 21, 2014 12:13 AM IST
തലപ്പാടി(കാസര്‍ഗോഡ്): മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ ബസ് അശ്രദ്ധമായി മുന്നോട്ടെടുത്തതോടെ ബസിനടിയില്‍പ്പെട്ടു വീട്ടമ്മ മരിച്ചു. തലപ്പാടിയിലെ മൂസക്കുഞ്ഞിയുടെ ഭാര്യ ആമിന(60)യാണു മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.

മംഗലാപുരത്തുനിന്നു തലപ്പാടിയിലേക്കു വരികയായിരുന്ന കെ.എ. 19 എ 8754 നമ്പര്‍ പത്മ സിറ്റി ബസാണ് അപകടം വരുത്തിയത്. തലപ്പാടി പഴയ ചെക്ക്പോസ്റിനു സമീപം നിര്‍ത്തി ആളെ കയറ്റുകയായിരുന്നു ബസ്. ഇതിനിടെ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.


ബസിന്റെ ചവിട്ടു പടിയില്‍ കയറിയ ആമിന ഇതോടെ പുറത്തേക്കു തെറിച്ചുവീഴുകയും പിന്‍ചക്രം കയറി തത്ക്ഷണം മരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ഉള്ളാള്‍ പോലീസ് സ്ഥലത്തെത്തി. മരിച്ച ആമിനയ്ക്കു രണ്ടു മക്കളുണ്ട്. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഇറങ്ങിയോടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.