സഭകള്‍ പരസ്പരം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം: മാര്‍ ക്ളീമിസ് ബാവ
സഭകള്‍ പരസ്പരം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം: മാര്‍ ക്ളീമിസ് ബാവ
Sunday, September 21, 2014 12:19 AM IST
സുല്‍ത്താന്‍ ബത്തേരി: സഭകള്‍ പരസ്പരം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് മലങ്കര സഭ മേലധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. സഭ ഐക്യത്തിന്റെ കൂദാശയാണ്. മലങ്കരസഭ ഐക്യത്തിന്റെ ശുശ്രൂഷ ചെയ്യുന്നു. മലങ്കര കത്തോലിക്കാ സഭയുടെ 84-ാം പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ ഇവാനിയോസ് നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

പള്ളി ദൈവത്തിന്റെ സകല മനുഷ്യര്‍ക്കും വേണ്ടിയാണ്. ഗ്രാമത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ വാതിലുകള്‍ തുറന്നിടണം. മലങ്കര സഭ വാതിലുകള്‍ തുറന്നിടുന്നു. സഭയ്ക്കു ദൈവം കനിഞ്ഞു നല്‍കിയ സന്ദര്‍ഭങ്ങളെല്ലാം കാലാകാലങ്ങളായി സ്വീകരിക്കുന്നു. സമസ്ത മേഖലകളിലും സഭയുടെ കരുതല്‍ തുടരുന്നു. ക്രൈസ്തവ സംസ്കൃതിക്ക് ഇതര മതവിഭാഗങ്ങള്‍ നല്‍കുന്ന കരുതല്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നു കര്‍ദിനാള്‍ പറഞ്ഞു.

മദ്യം അപകടം സൃഷ്ടിക്കുന്നതാണ്. അതില്‍നിന്നു മോചിതരാകണം. നയപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ കൂട്ടുത്തരവാദിത്വത്തോടെ നിര്‍വഹിക്കട്ടെ. പ്രതിവിധി നമ്മുടെ ഭാഗത്തുനിന്നു കൊടുക്കണം. മദ്യത്തിന്റെ അടിമത്തത്തില്‍ നിന്നു മോചിതരാകണം. മദ്യം വര്‍ജിക്കണം. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ.ഡോ.ഗീവര്‍ഗീസ് ചേടിയത്ത്, റവ.ഡോ.ജേക്കബ് തെക്കേപ്പറമ്പില്‍ എന്നിവരെ മല്‍പാന്‍മാരായി കര്‍ദിനാള്‍ പ്രഖ്യാപിച്ചു. ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ മുഖ്യ കാര്‍മികത്വം വഹിച്ചു.


തലശേരി അതിരൂപത നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, വത്തിക്കാന്‍ പേപ്പല്‍ അംബാസിഡര്‍ മോണ്‍. റൊമാനോസ് റോക്കി മല്‍പാനെ, മലങ്കര സഭയിലെ 11 മെത്രാപ്പോലീത്തമാര്‍, റമ്പാന്‍മാര്‍, കോര്‍ എപ്പിസ്കോപ്പമാര്‍ ഇരുന്നൂറോളം വൈദികര്‍ എന്നിവര്‍ സഹകാര്‍മികാര്‍മികരായിരുന്നു. മന്ത്രി പി.കെ.ജയലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. തലശേരി നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, വത്തിക്കാന്‍ പേപ്പല്‍ അംബാസിഡര്‍ മോണ്‍. റൊമാനോസ് റോക്കി മല്‍പാനെ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളായ ഫാ. ജോര്‍ജ് മാത്യു, വി.പി. തോമസ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് റവ.ഡോ.വര്‍ക്കി ആറ്റുംപുറത്ത്, കെസിബിസി മതാധ്യാപക അവാര്‍ഡ് ജേതാവ് ഡോ. ഏബ്രഹാം ജോര്‍ജ്, ഡല്‍ഹി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.ഏബ്രഹാം എം. പട്ടിയാനി എന്നിവര്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് സ്വാഗതം പറഞ്ഞു. വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താന്നിക്കാക്കുഴി നന്ദി പറഞ്ഞു. തുടര്‍ന്ന് പ്രേഷിത റാലിയോടെ പുനരൈക്യ വാര്‍ഷികാഘോഷം സമാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.