കാഷ്മീരിലെ മഹാപ്രളയം നീന്തിക്കടന്ന് അര്‍ധപ്രാണരായ വൈദികര്‍ക്കു രക്ഷകനായി
കാഷ്മീരിലെ മഹാപ്രളയം നീന്തിക്കടന്ന് അര്‍ധപ്രാണരായ വൈദികര്‍ക്കു രക്ഷകനായി
Sunday, September 21, 2014 12:20 AM IST
സ്വന്തം ലേഖകന്‍

ചെറുതോണി: ജമ്മു- കാഷ്മീരിനെ മുച്ചൂടും നശിപ്പിച്ച മഹാപ്രളയത്തില്‍ അകപ്പെട്ട രണ്ടു വൈദികരെയും സഹായിയെയും രക്ഷപ്പെടുത്തിയ സംതൃപ്തിയിലാണ് ഇടുക്കി വിമലഗിരി സ്വദേശിയായ ഫാ. ജോണ്‍സണ്‍ മാതാളിക്കുന്നേല്‍. മരണക്കയത്തില്‍നിന്നു മൂവരെയും രക്ഷപ്പെടുത്തിയ സംഭവം വിവരിക്കുമ്പോള്‍ പലതവണ അച്ചന്റെ വാക്കുകള്‍ മുറിഞ്ഞു. കണ്ഠം ഇടറി.

ശ്രീനഗര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ഇടുക്കി തടിയമ്പാട് സ്വദേശി ഫാ. തോമസ് നിരവത്തിനെയും കോട്ടയം സ്വദേശിയായ ഫാ. മാത്യു തോമസ് കൂനാനിക്കലിനെയും സഹായിയേയുമാണ് അദ്ദേഹം രക്ഷപ്പെടുത്തിത്. ഇവര്‍ പ്രളയത്തില്‍ കുടുങ്ങിയതറിഞ്ഞാണു ജമ്മുവിലെ കട്ടുവ സെന്റ് സേവ്യേഴ്സ് കോണ്‍വന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായ ഫാ. ജോണ്‍സണ്‍ കാശ്മീരിലേക്കു തിരിച്ചത്.

കാഷ്മീരില്‍ മൌലാന ആസാദ് റോഡിലുള്ള ഹോളിഫാമിലി പള്ളി വികാരിയാണ് ഫാ. മാത്യു കൂനാനിക്കല്‍. ഇവിടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുകയാണ് ഫാ. തോമസ് നിരവത്ത്. പ്രളയം തുടങ്ങി എട്ടു ദിവസം കഴിഞ്ഞിട്ടും ഇവരെക്കുറിച്ചു വിവരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോഴാണ് കാഷ്മീരിലെ ഹോളിഫാമിലി പള്ളിയില്‍ നാലുവര്‍ഷം വികാരിയായിരുന്ന ഫാ. ജോണ്‍സണ്‍ മാതാളിക്കുന്നേല്‍ അന്വേഷിച്ചിറങ്ങിയത്. ശ്രീനഗര്‍വരെ വിമാനത്തിലെത്തിയ അദ്ദേഹം അവിടെനിന്ന് എട്ടുകിലോമീറ്റര്‍ നടന്നു പ്രളയബാധിത മേഖലയിലെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ പട്ടാളക്കാരുടെ ബോട്ടില്‍ ആറുകിലോമീറ്റര്‍ യാത്രചെയ്തു.

എന്നാല്‍ പള്ളി സ്ഥിതിചെയ്യുന്ന പ്രദേശത്തേക്കു ബോട്ട്കൊണ്ടുപോകാന്‍ പട്ടാളക്കാര്‍ തയാറായില്ല. പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ജനവാസകേന്ദ്രമല്ലെന്നായിരുന്നു ന്യായം. പള്ളിയിലെത്താന്‍ മറ്റുമാര്‍ഗമൊന്നും ലഭിക്കാതെവന്നപ്പോള്‍ രണ്ടുംകല്‍പിച്ചു ഫാ. മാതാളിക്കുന്നേല്‍ വെള്ളത്തിലൂടെതന്നെ പള്ളിയിലെത്താന്‍ തീരുമാനിക്കുകയായിരുന്നു. പട്ടാളക്കാര്‍ നല്‍കിയ ലൈഫ് ജാക്കറ്റും ധരിച്ചു വെള്ളത്തിനുമുകളില്‍ പൊങ്ങിനിന്നിരുന്ന വൈദ്യുതി പോസ്റുകള്‍ ലക്ഷ്യംവച്ച് അച്ചന്‍ വെള്ളത്തിലൂടെ നീന്തി.


അഞ്ചുഡിഗ്രിയില്‍ താഴെ തണുത്ത നിലയില്ലാവെള്ളത്തിലൂടെയുള്ള നീന്തലില്‍ കുഴയുമ്പോള്‍ വൈദ്യുതി പോസ്റുകളില്‍ പിടിച്ചുകിടക്കും. വീണ്ടും നീന്തും. ഇതിനിടയില്‍ അച്ചന്റെ മുന്നിലൂടെ ദിവസങ്ങള്‍ പഴക്കമുള്ള രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒഴുകിപ്പോയി. നിരവധി മൃഗങ്ങളുടെ ജഡങ്ങളും. തലയ്ക്കുമുകളില്‍ ശവംതീനി പക്ഷികള്‍ വട്ടമിട്ടുപറക്കുന്നുണ്ടായിരുന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളും ടിന്‍ഷീറ്റുകള്‍കൊണ്ടും മുള്ളുകമ്പികള്‍കൊണ്ടുള്ള വേലികളും പലപ്പോഴും മാര്‍ഗതടസമായി.

എങ്കിലും ഒന്നരമണിക്കൂറിനുശേഷം മൂന്നുകിലോമീറ്റര്‍ അകലെയുള്ള ഹോളിഫാമിലി പള്ളിയിലെത്തി. പള്ളി അപ്പോള്‍ പകുതിയിലേറെ വെള്ളത്തിനടിയിലായിരുന്നു. തണുത്തു മരവിച്ച് അര്‍ധപ്രാണനായി പള്ളിമുറിയിലെത്തിയപ്പോള്‍ അവിടെ ദിവസങ്ങളായി കുടിവെള്ളംപോലുമില്ലാതെ അവശരായി കഴിഞ്ഞിരുന്ന വൈദികരും ഒപ്പമുണ്ടായിരുന്നവരും പുനര്‍ജന്മത്തിന്റെ ലാഞ്ചനയേറ്റപോലെ അച്ചനെ കെട്ടിപ്പുണര്‍ന്ന രംഗം വിവരിക്കുമ്പോള്‍ ജോണ്‍സണച്ചന്റെ വാക്കുകളില്‍ കണ്ണുനീരിന്റെ നനവ്.

പ്രളയത്തില്‍ കുടുങ്ങിയവരെ കണ്െടത്തിയ സന്തോഷം പകര്‍ന്നുനല്‍കിയ ധൈര്യം സംഭരിച്ചു പട്ടാളക്കാരെ അന്വേഷിച്ച് ജോണ്‍സണച്ചന്‍ വീണ്ടും വെള്ളത്തിലേക്കിറങ്ങി. രണ്ടുദിവസം കൂടി കഴിഞ്ഞാണ് പട്ടാളക്കാരുടെ സേവനം ലഭിച്ചത്.

പിന്നീട് മൂവരെയും ഹെലികോപ്ടറില്‍ ഇവര്‍ ജമ്മുവിലെത്തിച്ചു രക്ഷപ്പെടുത്തി. തോമസ് - ചിന്നമ്മ ദമ്പതികളുടെ മകനാണ് ഫാ. ജോണ്‍സണ്‍. 15 വര്‍ഷമായി ജമ്മു-കാഷ്മീരിലാണ് അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.