സിപിഎമ്മിന്റെ സര്‍വേക്കെതിരേ ആവശ്യമെങ്കില്‍ നടപടി: കെ.സി. ജോസഫ്
സിപിഎമ്മിന്റെ സര്‍വേക്കെതിരേ ആവശ്യമെങ്കില്‍ നടപടി: കെ.സി. ജോസഫ്
Sunday, September 21, 2014 12:20 AM IST
കണ്ണൂര്‍: നിയമവിധേയമല്ലാതെ സിപിഎം നടത്തുന്ന സാമൂഹ്യ-സാമ്പത്തിക സര്‍വേക്കെതിരേ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നു മന്ത്രി കെ.സി. ജോസഫ്. ഇത്തരം സര്‍വേകള്‍ നിയമവിരുധമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യത്തില്‍ സമീപിക്കാന്‍ സര്‍ക്കാര്‍ തയാറാകും. 2008ലെ കളക്ഷന്‍ ഓഫ് സ്റാറ്റിസ്റ്റിക്സ് ആക്ട് പ്രകാരം പൌരന്മാരുടെ വിവരശേഖരണം നടത്താനുള്ള ചുമതല സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളിലും പോയി പൌരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഒരു പാര്‍ട്ടി ശേഖരിക്കുന്നതു നല്ല കാര്യമല്ല. കുടുംബങ്ങളുടെ സ്വകാര്യതയിലേക്കു കടന്നുകയറുന്ന രീതിയിലുള്ള സര്‍വേയാണു സിപിഎം നടത്തുന്നത്. ഓരോ വ്യക്തിയുടെയും സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടുള്ള വിശദമായ വിവരശേഖരണം സര്‍ക്കാരിന്റെ പക്കലുണ്ട്. സിപിഎമ്മിന് ഇത്തരം കാര്യങ്ങള്‍ ആവശ്യമാണെങ്കില്‍ സര്‍ക്കാരിനോടു ആവശ്യപ്പെടാം. നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. സിപിഎം പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഏതെങ്കിലും കുടുംബങ്ങള്‍ നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നു ജനങ്ങള്‍ ഭയക്കുന്നുണ്ട്. ഇനിയെങ്കിലും തീരുമാനം പുനഃപരിശോധിക്കാന്‍ നേതൃത്വം തയാറാകണമെന്നും മന്ത്രി ജോസഫ് ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.