കേരള ട്രാവല്‍ മാര്‍ട്ട് സമാപിച്ചു; മേളയില്‍ 40,000 കൂടിക്കാഴ്ചകള്‍
Sunday, September 21, 2014 12:41 AM IST
കൊച്ചി: കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക കണ്‍വന്‍ഷെന്‍ സെന്ററില്‍ നടന്നുവന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ എട്ടാമത് എഡിഷന്‍ സമാപിച്ചു. മൂന്നു ദിവസത്തെ മേളയില്‍ വിദേശ പ്രതിനിധികളുമായുള്ള 9,000 ബിസിനസ് കൂടിക്കാഴ്ചകളും തദ്ദേശ പ്രതിനിധികളുടെ 31,000 കൂടിക്കാഴ്ചകളും ഉള്‍പ്പെടെ 40,000 കൂടിക്കാഴ്ചകള്‍ നടന്നതായി സംഘാടകര്‍ അറിയിച്ചു.

പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രതികരണമാണ് ഇത്തവണ ട്രാവല്‍ മാര്‍ട്ടിനു ലഭിച്ചതെന്നു കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ജോണി ഏബ്രഹാം ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 255 സെല്ലര്‍ സ്റാളുകളും 241 അന്താരാഷ്ട്ര ബയര്‍മാരും 861 തദ്ദേശ ബയര്‍മാരും ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. യുകെ, ജര്‍മനി, ഫ്രാന്‍സ്, മലേഷ്യ, യുഎസ് എന്നിവിടങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ എത്തിയപ്പോള്‍ സിംഗപ്പൂര്‍, പോളണ്ട്, റൊമേനിയ, ചെക്ക് റിപ്പബ്ളിക്, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ആദ്യമായി കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തു. 45 രാജ്യങ്ങളില്‍നിന്നുള്ള ബയര്‍മാര്‍ ഇത്തവണ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തു.

മദ്യനയത്തില്‍ പ്രതിനിധികള്‍ ഒന്നടങ്കം ആശങ്ക പ്രകടിപ്പിച്ചു. മദ്യനയം സംബന്ധിച്ചു ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ പ്രതീക്ഷയുണ്െടന്നും ട്രാവല്‍ മാര്‍ട്ട് വിലയിരുത്തി.


ട്രാവല്‍ മാര്‍ട്ടിലെ പങ്കാളിത്തം കണക്കിലെടുക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ കേരളത്തിനു മികച്ച നേട്ടം പ്രതീക്ഷിക്കാമെന്നു കെടിഎം സൊസൈറ്റി സെക്രട്ടറി അനീഷ് കുമാര്‍ പറഞ്ഞു.

കേരളത്തിന്റെ ആശയങ്ങള്‍ക്കു നല്ല പ്രതികരണമാണു ലഭിച്ചത്. ആഗോള പ്രതിനിധികള്‍ക്കു മുന്നില്‍ കേരളത്തെ കൂടുതല്‍ പരിചയപ്പെടുത്താന്‍ ട്രാവല്‍ മാര്‍ട്ടിനു കഴിഞ്ഞതായി ജോണി ഏബ്രഹാം ജോര്‍ജ് പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം വ്യാപിപ്പിക്കുന്നതിനായി പ്രാദേശിക സാമൂഹിക, സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താന്‍ ഉതകുന്ന തരത്തിലുള്ള കര്‍മപരിപാടികള്‍ ആവിഷ്കരിക്കുമെന്നു സംസ്ഥാന ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.

കേരള ടൂറിസം വകുപ്പ് ഇത്തവണ അവതരിപ്പിച്ച 31 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സ്പൈസ് റൂട്ട് പദ്ധതിക്കും മികച്ച പ്രതികരണമുണ്ടായി. മുസിരിസ് പദ്ധതിയുടെ പ്രാധാന്യം പ്രതിനിധികളെ ബോധ്യപ്പെടുത്തുന്നതിലും ട്രാവല്‍ മാര്‍ട്ട് വിജയിച്ചു. ക്രൂസ് ടൂറിസം കേരളത്തിനു മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്ന മികച്ച ആശയമാണെന്നു ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു. ആയുര്‍വേദ മേഖലയിലെ പരിചിതരും പ്രമുഖരുമായവര്‍ പങ്കെടുത്ത ചര്‍ച്ചകളും വിലയിരുത്തലുകളും മേളയില്‍ നടന്നു. മെഡിക്കല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളും മേള ചര്‍ച്ചചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.