മുഖപ്രസംഗം: ശുചിത്വഭാരതത്തിലേക്കുള്ള വഴിയില്‍ തടസമരുത്
Monday, September 22, 2014 10:42 PM IST
മഹാത്മാഗാന്ധി സ്വപ്നംകണ്ട ഗ്രാമസ്വരാജിലേക്കു ഭാരതം കുറെയൊക്കെ നടന്നടുത്തെങ്കിലും ഗ്രാമങ്ങളും നഗരങ്ങളും മനുഷ്യവാസത്തിനു യോജിച്ചതാക്കിത്തീര്‍ക്കുക എന്ന സ്വപ്നം ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ ആത്മാഭിമാനത്തോടെയും അന്തസോടെയുമുള്ള ജീവിതം എന്നതാണു മനുഷ്യവാസം എന്നതുകൊണ്ട് ഇവിടെ അര്‍ഥമാക്കുന്നത്. പ്രാഥമികകാര്യങ്ങള്‍ നടത്താന്‍ രാജ്യത്തെ ഓരോ പൌരനും മാന്യമായ സൌകര്യം ലഭ്യമാക്കുകയാണ് അടിസ്ഥാനപരമായ ശുചിത്വത്തിലേക്കുള്ള ആദ്യപടി.

രാജ്യം പുരോഗതിയുടെ പടവുകള്‍ പലതും താണ്ടിയിട്ടും, ലോകത്തെ പ്രമുഖ ശക്തികളിലൊന്നായി വളര്‍ന്നിട്ടും, 50 കോടി ജനങ്ങള്‍ക്കു പൊതുസ്ഥലത്തു മലവിസര്‍ജനം നടത്തേണ്ടിവരുന്നുവെന്നത് എത്രയോ വലിയ നാണക്കേടാണ്. ലജ്ജാകരമായ ഇന്നത്തെ അവസ്ഥയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമങ്ങളെക്കുറിച്ചും പുതിയൊരു ശുചിത്വസംസ്കാരം രൂപംകൊള്ളേണ്ടതിനെക്കുറിച്ചുമുള്ള വിശദമായ പഠനമാണു കഴിഞ്ഞ ദിവസങ്ങളില്‍ ദീപിക പ്രസിദ്ധീകരിച്ചുവന്ന 'ശുചിത്വവഴിയിലെ വിപ്ളവ കാഹളം' എന്ന പരമ്പര.

ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ അഭിമാനിക്കുന്ന മലയാളികളുടെ ശുചിത്വനിഷ്ഠയുടെ പൊള്ളത്തരം നാം കാണുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെല്ലാം മാലിന്യ നിര്‍മാര്‍ജനവും സംസ്കരണവും ക്രമസമാധാനപ്രശ്നമായി വളര്‍ന്നിരിക്കുന്നു. നഗരഹൃദയങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ ഉയര്‍ന്നിട്ടും അവ യഥാസമയം നീക്കംചെയ്യാനോ സംസ്കരിക്കാനോ സാധിക്കുന്നില്ല. സംസ്ഥാനത്തെ പല സ്കൂളുകളിലും ആവശ്യത്തിനു മൂത്രപ്പുരയോ കക്കൂസോ ഇപ്പോഴും ഇല്ല. ടോയ്ലറ്റ് ഇല്ലാത്ത 196 സര്‍ക്കാര്‍ സ്കൂളുകളില്‍ നൂറു ദിവസത്തിനുള്ളില്‍ അവ നിര്‍മിക്കുമെന്ന് ഈ മാസമാദ്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 1011 അംഗീകൃത എയ്ഡഡ് സ്കൂളുകള്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചു ടോയ്ലറ്റ് നിര്‍മിക്കണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്.

പൊതുസ്ഥലങ്ങളില്‍ ശൌചാലയങ്ങളുടെ കുറവു വലിയ പോരായ്മയാണ്. വികസിത രാജ്യങ്ങളിലെല്ലാംതന്നെ ഹൈവേകളിലും പൊതുസ്ഥലങ്ങളിലും ഇത്തരം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോയ്ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കാനുള്ള ക്രമീകരണവും അവിടെയൊക്കെയുണ്ട്. ടൂറിസം വികസനത്തില്‍ ഏറെ സാധ്യതകളുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിനോദസഞ്ചാരികള്‍ നേരിടുന്ന ഏറ്റവും പ്രധാനമായൊരു ബുദ്ധിമുട്ടാണു ടോയ്ലറ്റ് സൌകര്യങ്ങളുടെ അപര്യാപ്തത. പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള ടോയ്ലറ്റുകളില്‍ മിക്കതിന്റെയും കാര്യം അങ്ങേയറ്റം കഷ്ടം. പൊതുസ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കുക എന്ന സംസ്കാരം നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

ആവശ്യത്തിനു വെള്ളം ലഭ്യമല്ല എന്നതാണൊരു കാരണം. വെള്ളമില്ലാത്തതിനാല്‍ നിരവധി ശൌചാലയങ്ങള്‍ ആരാധനാലയങ്ങളായും ഗോഡൌണുകളായും മാറിയിട്ടുണ്െടന്നു കേന്ദ്ര ഗ്രാമവികസനമന്ത്രി നിതിന്‍ ഗഡ്കരി ഈയിടെ പറഞ്ഞു. രാജ്യത്തു 11.11 കോടി വീടുകളിലും ഒന്നേകാല്‍ ലക്ഷം സ്കൂളുകളിലും ശൌചാലയം ഇല്ലെന്നും ഗഡ്കരി വെളിപ്പെടുത്തി. പൊതുസ്ഥലങ്ങളില്‍ ശൌചാലയങ്ങള്‍ നിര്‍മിച്ചതുകൊണ്ടു മാത്രമായില്ല, അവിടെയെല്ലാം വെള്ളം ലഭ്യമാക്കുകയും വേണം. അതും പോരാ, വെള്ളമുപയോഗിച്ചു ടോയ്ലറ്റുകള്‍ വൃത്തിയാക്കാന്‍ ജനം തയാറാവുകയും വേണം.


ലോക ജനസംഖ്യയില്‍ മൂന്നിലൊന്നിനും മതിയായ ടോയ്ലറ്റ് സൌകര്യമില്ലെന്ന് ഐക്യരാഷ്ട്രസഭ ഈയിടെ ചൂണ്ടിക്കാട്ടി. 110 കോടി ജനങ്ങള്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനു തുറസായ സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതില്‍ നല്ലൊരു പങ്ക് ഇന്ത്യയിലാണെന്ന കാര്യം തലതാഴ്ത്തി നിന്നേ നമുക്കു ശ്രവിക്കാനാവൂ. ടോയ്ലറ്റുകളെക്കാള്‍ കൂടുതല്‍ മൊബൈല്‍ കണക്ഷനുകളുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ വികസനത്തിന്റെ ദിശ ഏതെന്ന് ഇതു സൂചിപ്പിക്കുന്നു. മൊബൈല്‍ ഫോണ്‍ സ്വന്തമായി ഉള്ളവര്‍ പോലും ടോയ്ലറ്റിന്റെ ആവശ്യകത മനസിലാക്കാതിരിക്കുന്നുവെന്നതു പുരോഗതിയുടെ മാര്‍ഗഭ്രംശമാണ്.

രാത്രികാലങ്ങളില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനായി തുറസായ സ്ഥലങ്ങളിലേക്കു പോകുന്ന സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭര്‍ത്തൃവീട്ടില്‍ ടോയ്ലറ്റ് ഇല്ലാത്തതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയ മധ്യപ്രദേശിലെ ആദിവാസി യുവതി അനിതാ നാരെ ടോയ്ലറ്റ് ഇല്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകളുടെ ദേശീയ പ്രതീകമായി മാറി. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയുമൊക്ക ചില ഗ്രാമീണയുവതികള്‍ക്ക് അനിത ആവേശമായി.

പ്രധാനമന്ത്രിയുടെ അധ്യാപകദിന സന്ദേശത്തില്‍ സ്കൂളുകളില്‍ ടോയ്ലറ്റ് സൌകര്യം ഏര്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും ടോയ്ലറ്റ് എന്ന ലക്ഷ്യത്തോടെ 'സ്വച്ഛ് ഭാരത്' പദ്ധതിക്കു ഗാന്ധിജയന്തിദിനത്തില്‍ തുടക്കം കുറിക്കുകയാണ്. നിര്‍മല്‍ ഭാരത് എന്ന പേരില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തും ഇത്തരമൊരു ശുചിത്വപദ്ധതി നടപ്പാക്കിയിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ സാഹചര്യങ്ങളിലാവും ശുചിത്വ പദ്ധതികള്‍ നടപ്പാക്കേണ്ടിവരുക. കേരളത്തെപ്പോലെ ജനസാന്ദ്രത കൂടിയതും വിജനസ്ഥലങ്ങള്‍ കുറവുള്ളതുമായ സംസ്ഥാനങ്ങളിലും വിശാലമായ വിജനപ്രദേശങ്ങള്‍ ധാരാളമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശുചിത്വസംവിധാനങ്ങള്‍ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും ഒരേ രീതി അവലംബിക്കാനാവില്ല. വികസനത്തില്‍ എന്തു തിളക്കം ഉണ്ടായാലും അതെല്ലാം നിഷ്പ്രഭമാക്കും രാജ്യത്തെ ശുചിത്വമില്ലായ്മ. അതു മനസിലാക്കി ഭരണകൂടവും ജനങ്ങളും പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്വച്ഛ് ഭാരത് സാക്ഷാത്കരിക്കപ്പെടൂ. ഇന്ത്യന്‍ ജനതയ്ക്കു ലോകസമൂഹത്തിനു മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ അത് അനിവാര്യവുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.