വിനോദയാത്ര പോയ വിദ്യാര്‍ഥി ബൈക്ക് മറിഞ്ഞു മരിച്ചു
വിനോദയാത്ര പോയ വിദ്യാര്‍ഥി ബൈക്ക് മറിഞ്ഞു മരിച്ചു
Monday, September 22, 2014 12:18 AM IST
കോതമംഗലം: മൂന്നാറിലേക്ക് വിനോദയാത്ര പോയ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ദേശീയപാതയില്‍ മൂന്നുകലുങ്കില്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്കു സാരമായി പരിക്കേറ്റു. എറണാകുളം സെന്റ് തോമസ് കോളജ് ഡിഗ്രി വിദ്യാര്‍ഥി കുമ്പളങ്ങി ആലുവചിറ അജയന്റെ മകന്‍ അനന്തു (19) ആണു മരിച്ചത്. ബൈക്കിന്റെ പിന്നിലുണ്ടായിരുന്ന കുമ്പളങ്ങി പുത്തന്‍കരി വീട്ടില്‍ മധുവിന്റെ മകന്‍ യദുകൃഷ്ണ (19)നെ പരിക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലത്തിനും ആറാം മൈലിനും ഇടയില്‍ മൂന്നു കലുങ്കിലായിരുന്നു അപകടം. കോളജ് വിദ്യാര്‍ഥികളായ 12 പേര്‍ ആറു ബൈക്കുകളിലായി ഇന്നലെ രാവിലെ എറണാകുളത്തുനിന്നു മൂന്നാര്‍, ഇടുക്കി, മുല്ലപ്പെരിയാര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതാണ്.


വാളറയ്ക്കു സമീപം മൂന്നുകലുങ്കില്‍ എത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ടു സമീപത്തെ പുഴയിലേക്കു മറിയുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്കു കൊണ്ടുംവഴി അനന്തു മരിച്ചു. പോസ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പിതാവ് അജയന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മാതാവ് ശ്രീമതി കുമ്പളങ്ങി പഞ്ചായത്തംഗവുമാണ്. ഏക സഹോദരി അഖില പ്ളസ്ടു വിദ്യാര്‍ഥിനിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.