കെഎല്‍സിഎ കേരള സമൂഹത്തിന്റെ ശ്രദ്ധേയമായ മുഖമുദ്ര: മന്ത്രി തിരുവഞ്ചൂര്‍
കെഎല്‍സിഎ കേരള സമൂഹത്തിന്റെ ശ്രദ്ധേയമായ മുഖമുദ്ര: മന്ത്രി തിരുവഞ്ചൂര്‍
Monday, September 22, 2014 12:20 AM IST
കോട്ടയം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ലത്തീന്‍ സമൂഹത്തിന്റെ മാത്രമല്ല, കേരള സമൂഹത്തിന്റെതന്നെ ശ്രദ്ധേയമായ മുഖമുദ്രയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലത്തീന്‍ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് മതിയായ പ്രോത്സാഹനം കേരള സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം വിമലഗിരി പാസ്ററല്‍ സെന്ററില്‍ നടന്ന കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ 43-ാമത് സംസ്ഥാന ജനറല്‍ കൌണ്‍സില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മുനിസിപ്പല്‍ കൌണ്‍സിലര്‍ ഡോറിസ് ജോസ് പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷതവഹിച്ചു. വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ പൂവത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോയി ചക്കാലയ്ക്കല്‍, ജനറല്‍ സെക്രട്ടറി നെല്‍സണ്‍ കോച്ചേരി, സെക്രട്ടറി എബി കുന്നേപ്പറമ്പില്‍, രൂപതാ പ്രസിഡന്റ് ബിജോയി കരകാലില്‍, ഡയറക്ടര്‍ ഫാ.ടോം ജോസ്, മോണ്‍. ജോസ് നവസ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പോളി മാത്യുവിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്കാരം നല്‍കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെആര്‍എല്‍സിസി സെക്രട്ടറി ചെറുപുഷ്പം, ട്രഷറര്‍ ആന്റണി നൊറോണ എന്നിവരെ മോണ്‍. സെബാസ്റ്യന്‍ പൂവത്തുങ്കല്‍ പൊന്നാടയണിയിച്ചു. രാഷ്്ട്രീയ മുന്നേറ്റത്തിലൂടെ സമനീതി എന്ന മുഖ്യവിഷയം ചര്‍ച്ച ചെയ്തു കൌണ്‍സില്‍ നിയമാവലി പരിഷ്കരണത്തിനും അന്തിമ രൂപം നല്‍കി.


സമ്മേളനം അംഗീകരിച്ച രാഷ്്ട്രീയ പ്രമേയത്തിലൂടെ വരാപ്പുഴ അതിരൂപതാംഗം ഫാ.ഹിപ്പോളിറ്റസ് കുറ്റിക്കാട്ടിലിനെ ആക്രമിച്ച നേവല്‍ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുക, സമുദായ സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുക, തീരദേശ പരിപാലന നിയന്ത്രണ നിയമം കേരള സാഹചര്യത്തില്‍ പൊളിച്ചെഴുതുക, സ്വാഗതാര്‍ഹമായ മദ്യനയത്തിന്റെ പേരില്‍ ജനങ്ങളുടെമേലുള്ള അധിക നികുതിഭാരം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാരിനു സമര്‍പ്പിച്ചു.കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നെത്തിയ പ്രതിനിധികള്‍ പങ്കെടുത്ത കൌണ്‍സില്‍ വരാപ്പുഴ അതിരൂപതാ ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍, ഫാ.ജോയി ചക്കാലയ്ക്കല്‍, ഫാ.ടോം ജോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹ ദിവ്യബലിയോടെ സമാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.