മദ്യനയം: വെള്ളാപ്പള്ളിയെ തള്ളി ശിവഗിരി മഠം
മദ്യനയം: വെള്ളാപ്പള്ളിയെ തള്ളി ശിവഗിരി മഠം
Monday, September 22, 2014 12:08 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ എതിര്‍ക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ തള്ളി ശിവഗിരി മഠം രംഗത്ത്. മദ്യലഭ്യത കുറയ്ക്കണമെന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെ മുറുകെപ്പിടിക്കുന്ന സര്‍ക്കാരിന്റെ മദ്യനയത്തെ അനുകൂലിക്കുന്നുവെന്നു പറഞ്ഞ ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മദ്യനയത്തെ എതിര്‍ക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് വ്യക്തിപരമായ അഭിപ്രായമാകാമെന്നും പറഞ്ഞു.

മദ്യനയത്തില്‍ എസ്എന്‍ഡിപി യോഗം സ്വീകരിച്ചിരിക്കുന്ന നിലപാട് ശ്രീനാരായണീയ ദര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. മദ്യത്തിനെതിരേയുള്ള ഗുരുദര്‍ശനങ്ങള്‍ എസ്എന്‍ഡിപി യോഗം പാലിക്കണം. സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരേ എസ്എന്‍ഡിപി അല്ല, ആരു നിലപാടു സ്വീകരിച്ചാലും ശിവഗിരി മഠം എതിര്‍ക്കുമെന്നും ശിവഗിരിയില്‍ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി സമ്മേളനങ്ങളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ സ്വാമി ഋതംഭരാനന്ദ പറഞ്ഞു.


ഗുരുവചനങ്ങളില്‍നിന്നു വ്യതിചലിക്കാതെ മുന്നോട്ടുപോകാന്‍ എസ്എന്‍ഡിപി യോഗത്തിനു കഴിയണം. മദ്യനയത്തിലെ വെള്ളാപ്പള്ളി നടേശന്റെ നിലപാടു വ്യക്തിപരമാകാം. അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും നിലപാടാകാം അദ്ദേഹം പറയുന്നത്. സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുന്നതിനു ശിവഗിരി മഠത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സര്‍ക്കാരിന്റെ മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ മുന്നിട്ടിറങ്ങണമെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ശ്രീനാരായണ വചനങ്ങള്‍ ഉള്‍ക്കൊണ്ടുള്ള മദ്യനയമാണു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതു പ്രതിസന്ധിയിലും വിട്ടുവീഴ്ച ഇല്ലാതെ മുന്നോട്ടുപോകുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ. ബാബു പറഞ്ഞു. ഉപവാസയജ്ഞത്തിന്റെ ഉദ്ഘാടനം ശിവഗിരി മഠം ട്രസ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.