മദ്യനയം: അപ്രായോഗിക ആദര്‍ശങ്ങള്‍ക്കു പ്രസക്തിയില്ലെന്നു വെള്ളാപ്പള്ളി
മദ്യനയം: അപ്രായോഗിക ആദര്‍ശങ്ങള്‍ക്കു പ്രസക്തിയില്ലെന്നു വെള്ളാപ്പള്ളി
Tuesday, September 23, 2014 12:20 AM IST
ആലപ്പുഴ: മദ്യനയം സംബന്ധിച്ച അപ്രായോഗിക ആദര്‍ശങ്ങള്‍ക്കു പ്രസക്തിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത്തരം ആദര്‍ശങ്ങള്‍ കണ്ണാടി കൂട്ടിലിട്ടു വയ്ക്കാം. പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല. പ്രായോഗികമല്ലാത്ത ആദര്‍ശങ്ങള്‍ക്ക് ഒരു ദിവസത്തെ പ്രസക്തി മാത്രമേയുണ്ടാകുയെന്നും വെള്ളാപ്പളളി നടേശന്‍ ദീപികയോടു പറഞ്ഞു. മദ്യനിരോധനമെന്ന പേരില്‍ ബാറുകള്‍ അടച്ചുപൂട്ടിയതോടെ സര്‍ക്കാര്‍ മദ്യവ്യവസായത്തിന്റെ കുത്തകയായി മാറിയിരിക്കുകയാണ്. ബാറുകള്‍ക്കു നഷ്ടമായ കച്ചവടം ഓണക്കാലത്തു ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ നടന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മദ്യനിരോധനമെന്ന പേരില്‍ മദ്യനയം നടപ്പാക്കുമ്പോള്‍ അതില്‍ പലരും വെള്ളം ചേര്‍ക്കുകയാണ്. മദ്യനിരോധനമല്ല മറിച്ചു മദ്യവര്‍ജനമാണു നടപ്പാക്കേണ്ടതെന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട്. ഇതിനായി ബോധവത്കരണ പരിപാടികളും പ്രചാരണ പരിപാടികളും നടത്തണം. ഘട്ടംഘട്ടമായി മദ്യ ഉപയോഗം കുറച്ചുകുറച്ചു കൊണ്ടുവരുകയാണു വേണ്ടത്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ മദ്യനിരോധനം പറയുകയും അതോടൊപ്പം മദ്യം ഒഴുക്കുകയുമാണ് ചെയ്യുന്നത്. ലോകത്ത് ഒരിടത്തുപോലും മദ്യനിരോധനം പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. മദ്യവര്‍ജനമാണു സാധ്യമായ മാര്‍ഗം.


മദ്യവര്‍ജനത്തിനുള്ള ബോധവത്കരണങ്ങളും പ്രചാരണങ്ങളും എസ്എന്‍ഡിപി യോഗത്തിന്റെ കീഴില്‍ സംസ്ഥാനത്തുള്ള 74,000 കുടുംബ യൂണിറ്റുകള്‍ വഴി നടപ്പാക്കുമെന്നും വെള്ളാപ്പളളി നടേശന്‍ പറഞ്ഞു. ബോധവത്കരണത്തിലൂടെ ലഹരി വസ്തുക്കളെ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്നുള്ളതിനുള്ള മാതൃക നമുക്കു മുന്നിലുണ്ട്.

മുന്‍കാലങ്ങളില്‍ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന പുകയില, ബീഡി എന്നിവയുടെ ഉപയോഗം ഗണ്യമായ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞത് ഇത്തരം ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ വെള്ളാപ്പള്ളിയുടെ നിലപാടിനെതിരേ ശിവഗിരിമഠം രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ മദ്യനയത്തെ എതിര്‍ത്തു പരസ്യമായി രംഗത്തെത്തിയ വെള്ളാപ്പള്ളി നടേശനെതിരേ ആദ്യമായാണു ശ്രീനാരായണിയരുടെ ആത്മീയ കേന്ദ്രമായ ശിവഗിരി മഠം രംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.