7500 അധിക തസ്തികകള്‍ ഈ വര്‍ഷം നിര്‍ത്തലാക്കും
7500 അധിക തസ്തികകള്‍ ഈ വര്‍ഷം നിര്‍ത്തലാക്കും
Tuesday, September 23, 2014 12:12 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരില്‍ അധികമുള്ളതായി കണ്െടത്തിയിട്ടുള്ള 30,000 താത്കാലിക തസ്തികകളില്‍ 7500 തസ്തികകള്‍ ഈ ധനകാര്യവര്‍ഷം നിര്‍ത്തലാക്കും.

ഈ ധനകാര്യവര്‍ഷം ഇനി പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല. പുതിയ സ്ഥാപനങ്ങളോ ഏജന്‍സികളോ ആരംഭിക്കില്ല. ഇതുള്‍പ്പെടെയുള്ള ചെലവുചുരുക്കല്‍ നടപടികള്‍ സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. കുടിശിക പിരിച്ചെടുക്കുന്നതിന് ജില്ലാകളക്ടര്‍മാരുടെ നേതൃത്വത്തില്‍ തീവ്രയജ്ഞ പരിപാടിയും ആരംഭിക്കും. മന്ത്രിമാര്‍ക്കു വിവിധ ജില്ലകളുടെ ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി.

ഇതോടൊപ്പം വന്‍കിട പദ്ധതികള്‍ക്കു ബജറ്റിനു പുറത്തു നിന്നു ധനസമാഹരണം നടത്തുന്നതിനായി അടുത്ത ആറു മാസത്തിനകം 1000 കോടി രൂപ സമാഹരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചു. വന്‍കിട പദ്ധതികള്‍ക്കായി കമ്പനിയോ പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ ഏജന്‍സിയോ രൂപീകരിച്ച് സര്‍ക്കാര്‍ ഗാരന്റിയോടെയോ സ്വന്തം നിലയിലോ ഇവര്‍ക്കു ധനസമാഹരണം നടത്താനുള്ള സാധ്യതയാണു സര്‍ക്കാര്‍ പരിശോധിക്കുന്നത്.

ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ പുതിയ തസ്തിക സൃഷ്ടിക്കേണ്ടിവന്നാല്‍ രണ്ടു കമ്മിറ്റികളുടെ വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ അനുവദിക്കൂ. പുതിയ തസ്തിക ആവശ്യമായ വകുപ്പ് വിശദമായ അപേക്ഷ നല്‍കണം.

ഫിനാന്‍സ് സെക്രട്ടറി, പിആന്‍ഡ് എആര്‍ഡി സെക്രട്ടറി, തസ്തിക ആവശ്യമായ വകുപ്പിന്റെ പ്രതിനിധി, വകുപ്പ് തലവന്‍ എന്നിവരടങ്ങിയ സമിതി തസ്തികയുടെ ആവശ്യകത പരിശോധിക്കും. ഈ കമ്മിറ്റിയുടെ ശിപാര്‍ശ ഫിനാന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും പിആന്‍ഡ് എആര്‍ഡി അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഭരണ വകുപ്പിന്റെ സെക്രട്ടറിയും പരിശോധിച്ച ശേഷം മന്ത്രിസഭയ്ക്കു മുമ്പാ കെ സമര്‍പ്പിക്കണം.

അഞ്ചുവര്‍ഷം കൊണ്ട് 30 കോടിയിലധികം രൂപ റവന്യൂ ചെലവു വരുന്ന നിര്‍ദേശങ്ങളെല്ലാം സൂക്ഷ്മ പരിശോധനയ്ക്കുശേഷം മാത്രമേ അനുവദിക്കൂ. പദ്ധതികള്‍ക്കു പണം ചെലവഴിക്കാനുള്ള അനുമതികള്‍ നടപ്പു ധനകാര്യവര്‍ഷം നവംബര്‍ 15 വരെ മാത്രമേ നല്‍കൂ. ഇപ്പോള്‍ അനുമതി ലഭിക്കാതെ കിടക്കുന്ന ഫയലുകളിലെല്ലാം ഒക്ടോബറില്‍ പ്രത്യേക ശില്പശാല നടത്തി അനുമതി നല്‍കും.


നടപ്പു ധനകാര്യവര്‍ഷം യഥാര്‍ഥത്തില്‍ ചെലവു നട ത്താന്‍ സാധിക്കുന്ന പദ്ധതികള്‍ക്കു മാത്രമായി ഭരണാനുമതി ചുരുക്കണം. ഇപ്പോള്‍ നല്‍കിയിട്ടുള്ള ഭരണാനുമതികളെല്ലാം പുനഃപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം അനുവദിക്കുന്ന രീതിയിലും മാറ്റംവരുത്തുകയാണ്. പബ്ളിക് അക്കൌണ്ടില്‍ നിന്നു പണം പിന്‍വലിക്കുന്ന രീതി മാറ്റി തദ്ദേശസ്ഥാപന ങ്ങള്‍ പുതുതായി ആരംഭിക്കുന്ന റവന്യു അക്കൌണ്ടില്‍ നിന്നു മാത്രമേ ഇനി മുതല്‍ പണം പിന്‍വലിക്കാന്‍ അനുമതി നല്‍കൂ. ഇതിനായി ഓരോ തദ്ദേശസ്ഥാപനവും പുതിയ റവന്യു അക്കൌണ്ടുകള്‍ ആരംഭിക്കേണ്ടതു ണ്ട്. ബജ റ്റിലെ റവന്യു കമ്മി കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ നീക്കം. സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ചെലവുകളും സമാനരീതിയിലാക്കും.

അടുത്ത ആറു മാസത്തേക്കു ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ കുടിശിക പിരിച്ചെടുക്കുന്നതിനുള്ള പദ്ധതി തയാറാക്കി. കളക്ടര്‍മാരുടെ വാര്‍ഷിക പ്രവര്‍ത്തന വിലയിരുത്തലില്‍ കുടിശിക പിരി വും ഉള്‍പ്പെടുത്തും. കുടിശിക പിരിവിന്റെ വിലയിരുത്തലിനു മാത്രമായി ഡിസംബറില്‍ കളക്ടര്‍മാരുടെ പ്രത്യേക യോഗം ചേരും.

റവന്യു റിക്കവറിക്കും നികുതി നിര്‍ണയത്തിനും നല്‍കിയിട്ടുള്ള എല്ലാ ഉപാധിരഹിത സ്റേകളും ഉടനടി റദ്ദാക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഏതു തുകയ്ക്കുമുള്ള സ്റേ ബന്ധപ്പെട്ട മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ അനുമതിയോടെ മാത്രമേ നല്‍കാന്‍ പാടുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.