നികുതിവര്‍ധന: പ്രതിപക്ഷം ഗവര്‍ണറെ കണ്ടു
നികുതിവര്‍ധന: പ്രതിപക്ഷം ഗവര്‍ണറെ കണ്ടു
Tuesday, September 23, 2014 12:13 AM IST
തിരുവനന്തപുരം: നികുതിനിരക്കുകള്‍ പരിഷ്കരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടു. ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെയാണു പ്രതിപക്ഷ നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

പാവപ്പെട്ട ജനങ്ങളുടെമേല്‍ ഭരണഘടനാവിരുദ്ധമായ നികുതിഭാരം അടിച്ചേല്‍പ്പിച്ചു ദുരിതക്കയത്തിലേക്കു തള്ളിവിട്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഗവര്‍ണറെ അറിയിച്ചതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. ഭരണഘടനാ വിരുദ്ധമായ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നു ഗവര്‍ണറോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനാണു ഗവര്‍ണറെ കണ്ടത്. ഭരണഘടനാപരമായ കാര്യങ്ങളേ താന്‍ ചെയ്യൂവെന്നു ഗവര്‍ണര്‍ അറിയിച്ചതായും വിഎസ് പറഞ്ഞു.


നിയമസഭ ചര്‍ച്ച ചെയ്യാതെ നികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയുള്ള എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മെമ്മോറാണ്ടം വി.എസ്. അച്യുചതാനന്ദന്‍ ഗവര്‍ണര്‍ക്കു നല്‍കി. സിപിഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരന്‍, ജനതാദള്‍ നേതാവ് മാത്യു ടി. തോമസ് എംഎല്‍എ, കോണ്‍ഗ്രസ് -എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍സിപി നേതാവ് എ.കെ. ശശീന്ദ്രന്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് നേതാവ് വി. സുരേന്ദ്രന്‍ പിള്ള എന്നിവരും പ്രതിപക്ഷനേതാവിനൊപ്പം ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.