നീര ഫണ്ട് വിനിയോഗം: കൃഷിമന്ത്രിക്കെതിരേ കര്‍ഷക കോണ്‍ഗ്രസ്
നീര ഫണ്ട് വിനിയോഗം: കൃഷിമന്ത്രിക്കെതിരേ കര്‍ഷക കോണ്‍ഗ്രസ്
Tuesday, September 23, 2014 12:15 AM IST
തിരുവനന്തപുരം: നീര ഉത്പാദനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക ചെലവഴിക്കുന്നതിനെച്ചൊല്ലി കൃഷിമന്ത്രി കെ.പി. മോഹനനെതിരേ കര്‍ഷക കോണ്‍ഗ്രസ് രംഗത്ത്. ബജറ്റ് വിഹിതമായ 15 കോടി രൂപ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായി കിടന്ന കോക്കനട്ട് ഡെവലപ്മെന്റ് കോര്‍പറേഷനു നല്‍കാന്‍ മന്ത്രി നീക്കം നടത്തുന്നു എന്നാരോപിച്ചാണു കര്‍ഷക കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നത്.

കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.ജെ. ജോസഫാണ്, ഇന്നലെ ചേര്‍ന്ന കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ മന്ത്രിക്കെതിരേ പരസ്യ നിലപാടെടുത്തത്. കേന്ദ്രസ്ഥാപനമായ നാളികേര വികസന ബോര്‍ഡിനു കീഴിലുള്ള നാളികേര കര്‍ഷകരുടെ ഫെഡറേഷനുകള്‍ വഴി നീര ഉത്പാദനത്തിനായി ബജറ്റ് വിഹിതം നല്‍കാനായിരുന്നു നേരത്തേ ധാരണയുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതിനെ അവഗണിച്ചുകൊണ്ടാണു തുക നാളികേര വികസന കോര്‍പറേഷനു നല്‍കാന്‍ മന്ത്രി നീക്കം നടത്തുന്നത്. ഇതിനു പിന്നില്‍ അഴിമതിയുണ്ട്.

അഞ്ചു ലക്ഷത്തോളം വരുന്ന കര്‍ഷകരെ കബളിപ്പിച്ചുകൊണ്ട് ഈ കള്ളക്കളിയുമായി മുന്നോട്ടുപോയാല്‍ മന്ത്രിയെ പുറത്താക്കുംവരെ കര്‍ഷക കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട്, ഇടുക്കി പാക്കേജുകള്‍ മന്ത്രി അട്ടിമറിച്ചെന്നും വകുപ്പിലെ സ്ഥലംമാറ്റത്തിനു മന്ത്രി ലക്ഷങ്ങള്‍ കോഴ വാങ്ങുന്നെന്നും ആരോപണമുണ്ട്. വിഷയം സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുത്ത മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കിയിട്ടുണ്െടന്നും തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും ജോസഫ് അറിയിച്ചു.


അതേസമയം, മന്ത്രിക്കെതിരേ പരസ്യമായി രംഗത്തുവന്ന കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സോഷ്യലിസ്റ് ജനത കെപിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. മാധ്യമങ്ങളിലൂടെ പരസ്യ നിലപാടെടുത്ത നേതാക്കളെ വി.എം. സുധീരന്‍ ഇതേത്തുടര്‍ന്ന് താക്കീതു ചെയ്തു. ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരേ പരാതിയുണ്െടങ്കില്‍ അത് ആദ്യം പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും അതിനെ മറികടന്നു കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരസ്യ വിമര്‍ശനം ഉചിതമായില്ലെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി നീങ്ങാനാണു കര്‍ഷക കോണ്‍ഗ്രസിന്റെ തീരുമാനം. താനെടുത്ത നിലപാട് തന്റേതു മാത്രമല്ലെന്നും സംഘടനയുടെ നിലപാടാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നെന്നും കെ.ജെ. ജോസഫും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.