മലയോരത്തെ പ്രകമ്പനം കൊള്ളിച്ച് റബര്‍ചങ്ങല
മലയോരത്തെ പ്രകമ്പനം കൊള്ളിച്ച് റബര്‍ചങ്ങല
Wednesday, October 1, 2014 12:33 AM IST
കണ്ണൂര്‍: റബറിന്റെ വിലത്തകര്‍ച്ചയിലേക്കും കര്‍ഷകദുരിതങ്ങളിലേക്കും അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ സംഘടിപ്പിച്ച റബര്‍ചങ്ങല സമരം ഉത്തരമലബാറിന്റെ മലയോരങ്ങളില്‍ പ്രകമ്പനമായി. കനത്ത മഴയിലും കര്‍ഷകക്കൂട്ടായ്മയുടെ കരുത്തു കാട്ടിയ സമര ത്തില്‍ സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേരോഷവും പ്രതിഷേധവും തിരയടിച്ചുയര്‍ന്നു.

കാസര്‍ഗോഡ് ജില്ലയിലെ ബന്തടുക്ക മുതല്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ വരെ കുടിയേറ്റ ഗ്രാമങ്ങളില്‍ തീര്‍ത്ത റബര്‍ചങ്ങലയി ല്‍ റബര്‍ഷീറ്റുകള്‍ കൈയിലേന്തി ജാതിമത-കക്ഷിഭേദമെന്യേ കര്‍ഷകസഹസ്രങ്ങള്‍ കണ്ണികളായി. തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ സമരം സമീപകാല കര്‍ഷക പ്രക്ഷോഭങ്ങളില്‍നിന്നു വ്യത്യസ്തവും ഉജ്വലവുമായി.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നര മുതല്‍ നാലുവരെ മലയോരപാതകളില്‍ അണിനിരന്നാണു കര്‍ഷകര്‍ റബര്‍ചങ്ങല സൃഷ്ടിച്ചത്. മൂന്നു മുതല്‍ക്കേ മിക്കയിടത്തും മഴ കോരിച്ചൊരിഞ്ഞു തുടങ്ങിയിരുന്നു.

എന്നാല്‍ സമരത്തോടുള്ള പ്രകൃതിയുടെ അനുഭാവ പ്രകടനംപോലെ വന്ന കനത്ത മഴയും ഇടിയും അവഗണിച്ച് അരമണിക്കൂര്‍ സമയം ചങ്ങലയായി നിലകൊണ്ടശേഷമാണു സമരക്കാര്‍ പിരിഞ്ഞത്. സമരകേന്ദ്രങ്ങളില്‍ ഒരു മണിക്കൂര്‍ സമയം കടകളടച്ചിട്ടു വ്യാപാരിസമൂഹം കര്‍ഷകപ്രക്ഷോഭത്തിനു പൂര്‍ണ പിന്തുണയേകി. ചിലയിടങ്ങളില്‍ വാഹനഗതാഗതവും നിര്‍ത്തിവച്ചു. സമസ്തമേഖലകളെയും ദോഷകരമായി ബാധിച്ച റബര്‍ വിലയിടിവിനെതിരേ സംഘടിപ്പിച്ച സമരം നാടൊന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.


ജീവിതമാര്‍ഗം വഴിമുട്ടിയതിന്റെ ആശങ്കയും രോഷവുമാണു കര്‍ഷകര്‍ സമരത്തിനിറങ്ങിയതെങ്കിലും തികച്ചും സമാധാനപരമായിരുന്നു സമരം.

അതിരൂപതയുടെ കീഴിലുള്ള ഇടവകകള്‍ കേന്ദ്രീകരിച്ചു നടത്തിയ സമരത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ്, ഇന്‍ഫാം, കെസിവൈഎം, മാതൃവേദി, ടിഎസ്എസ്എസ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ ആവേശപൂര്‍വം പങ്കെടുത്തു.

റബര്‍ച്ചങ്ങല സമരത്തിന്റെ ഉദ്ഘാടനം കരുവഞ്ചാല്‍ ടൌണില്‍ തലശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് റബര്‍ഷീറ്റ് കൈയിലേന്തി നിര്‍വഹിച്ചു. ചങ്ങലയില്‍ അദ്ദേഹം കണ്ണിയുമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.