സ്വര്‍ണം, വെള്ളി വ്യാപാരികള്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കും
Wednesday, October 1, 2014 12:41 AM IST
കോട്ടയം: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കും. നിര്‍ധന രോഗികള്‍ക്കു ചികിത്സാ സഹായം, വിദ്യാര്‍ഥികള്‍ക്കു പഠന സഹായം, യുവതികള്‍ക്കു തൊഴില്‍ ഉപകരണങ്ങള്‍, അഗതികള്‍ക്കു സാമ്പത്തിക സഹായം എന്നിവയ്ക്കു പുറമേ സാമൂഹികക്ഷേമ പരിപാടികള്‍ ഏറ്റെടുത്തു നടക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും സര്‍ക്കാര്‍ സ്കൂളുകള്‍ക്കും പിന്തുണ നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മൂന്നു ഘട്ടങ്ങളിലായാണു പദ്ധതി നടപ്പാക്കുക. ആദ്യഘട്ടമായി കാസര്‍ഗോഡ്, മലപ്പുറം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ അവശവിഭാഗങ്ങള്‍ക്കുള്ള സാമ്പത്തികസഹായം എത്തിച്ചു കഴിഞ്ഞു. മറ്റു ജില്ലകളിലേക്കു സഹായം എത്തിക്കുന്നതിനുള്ള പരിപാടികള്‍ പുരോഗമിക്കുകയാണ്.

ചെറുകിട സ്വര്‍ണ വ്യാപാരികളെ ഉദ്യോഗസ്ഥര്‍ വിവിധ പരിശോധനകളുടെ പേരില്‍ ബ്യൂറോക്രാറ്റുകള്‍ ദുരിതപ്പെടുത്തുകയാണ്. റിക്കവറിയുടെ പേരില്‍ പോലീസിന്റെ പീഡനമാണു നടക്കുന്നത്. മോഷ്ടാക്കളുടെ വ്യാജമൊഴിക്കു പിന്‍ബലം നല്‍കി തൊണ്ടിമുതല്‍ പലജ്വല്ലറികളില്‍നിന്നു പോലീസ് നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങുകയാണ്. സ്വര്‍ണവ്യാപാരരംഗത്ത് രണ്ടുതരം വില്പനനികുതി ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. ഉദ്യോഗസ്ഥരുടെ കടന്നുകയറ്റവും പരിശോധനയുടെ പേരിലുള്ള അതിക്രമങ്ങളും ഒഴിവാക്കുന്നതിനാണു വ്യാപാരികള്‍ കോമ്പൌണ്ടിംഗ് സ്വീകരിച്ചത്. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ കടകളിലേക്ക് അയയ്ക്കാനുള്ള നീക്കത്തെ ചെറുക്കും.


നിലവില്‍ 10 ശതമാനമാണു ഇറക്കുമതിച്ചുങ്കം. ഇതു രണ്ടാക്കി കുറയ്ക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡന്റ് ജസ്റിന്‍ പാലാത്ര, ജനറല്‍ സെക്രട്ടറി പി.സി. നടേശന്‍, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി രാജന്‍ തോപ്പില്‍, എ.വി.ജെ. മണി, തോമസ് രമണിക, എ. മോഹനന്‍, ഗോപന്‍ എടത്വ, ജോയി പഴേമഠം, പി.ഡി. ജോര്‍ജ്, അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.