കോടതി റിപ്പോര്‍ട്ടിംഗ്: മാധ്യമങ്ങള്‍ക്കു നോട്ടീസ്
Wednesday, October 1, 2014 12:19 AM IST
കൊച്ചി: തുറന്ന കോടതിയില്‍ നടക്കുന്ന വാദത്തിനിടെ ഹര്‍ജിയുമായി ബന്ധപ്പെട്ടു ന്യായാധിപര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ദീപിക, ഡെക്കാന്‍ ക്രോണിക്കിള്‍, എഷ്യാനെറ്റ് ന്യൂസ് എന്നീ മാധ്യമങ്ങള്‍ക്കും പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യക്കും ഹൈക്കോടതി രജിസ്ട്രാര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

മലയാളത്തിലെ പ്രധാന വാര്‍ത്താചാനലുകള്‍ക്കും മറ്റു മുന്‍നിര മലയാളം പത്രങ്ങള്‍ക്കും എറണാകുളം പ്രസ് ക്ളബ്ബിനും നോട്ടീസ് അയയ്ക്കുന്നതിനും ജസ്റീസുമാരായ കെ.ടി. ശങ്കരന്‍, പി.ഡി. രാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഹര്‍ജിയുമായി ബന്ധപ്പെട്ടു മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണു നോട്ടീസ്. സംസ്ഥാനത്തെ പല മാധ്യമങ്ങളും കോടതി നടപടിക്കിടെയുണ്ടാകുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരേ ഡിജോ കാപ്പനാണു കോടതിയെ സമീപിച്ചത്.


സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കവേ, കോടതി നടപടിക്കിടെയുണ്ടാകുന്ന നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും മാധ്യമങ്ങള്‍ വിവേചനമില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെയും കേരള ബാര്‍ കൌണ്‍സിലിന്റെയും ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന്റെയും നിലപാട് ആരാഞ്ഞിരുന്നു. പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കുന്നതിനു ചില നിയന്ത്രണം ആവശ്യമാണെന്നാണു വ്യക്തിപരമായ അഭിപ്രായമെന്ന് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയില്‍ ബോധിപ്പിച്ചു. നിലപാടു വ്യക്തമാക്കുന്നതിന് അഡ്വക്കറ്റ്സ് അസോസിയേഷന്‍ കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.