വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടെന്ന പരാതി: സ്കൂള്‍ പൂട്ടി
Wednesday, October 1, 2014 12:28 AM IST
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന്, കുടപ്പനക്കുന്ന് പാതിരിപ്പള്ളി ഇളയമ്പള്ളിക്കോണത്തു പ്രവര്‍ത്തിച്ചുവന്ന ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അടച്ചുപൂട്ടി. ഡിപിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സ്കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടത്. എന്നാല്‍, വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി സ്കൂളിന്റെ ഉത്തരവാദി ത്തം താത്കാലികമായി ജില്ലാ ഭരണകൂടം ഏറ്റെടുക്കും.

സ്കൂള്‍ പൂട്ടാനുള്ള ഉത്തരവ് ഇന്നലെ വൈകുന്നേരത്തോടെ സ്കൂളില്‍ പതിപ്പിച്ചു. 20 വര്‍ഷമായി സ്കൂള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നു കണ്െടത്തിയതിനെ തുടര്‍ന്നാണു നടപടി.

സംഭവത്തില്‍ പോലീസ് അറസ്റ് ചെയ്ത സ്കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയ്ക്കു മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കി. കുട്ടിയെ അന്യായമായി തടഞ്ഞുവയ്ക്കല്‍, 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ തടഞ്ഞുവച്ചു പ്രദര്‍ശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരവും ബാലനീതി നിയമത്തിലെ ആറുമാസം തടവും ഇരുനൂറു രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന 23-ാം വകുപ്പു പ്രകാരവുമാണ് പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. സംഘര്‍ഷാവസ്ഥ പരിഗണിച്ചാണു പ്രിന്‍സിപ്പലിനു പോലീസ് സ്റേഷനില്‍നിന്നു ജാമ്യം നല്‍കാതെ കോടതിയില്‍ ഹാജരാക്കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ പ്രതിക്കുവേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്ട്രേറ്റ് വിജയന്‍ പിള്ള അനുവദിക്കുകയായിരുന്നു.


ഈ സ്കൂളില്‍ 123 കുട്ടികളാണു പഠിക്കുന്നത്. കുട്ടികളുടെ തുടര്‍പഠനത്തിന്റെ കാര്യത്തില്‍ രക്ഷിതാക്കളുടെ ആഗ്രഹപ്രകാരം അവരുടെ ക്ളാസിനനുസരിച്ച് അഡ്മിഷന്‍ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കുട്ടികളുടെ ഭാവിയെക്കുറിച്ചു രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചതിനെത്തുടര്‍ന്നു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണു ജില്ലാ ഭരണകൂടം സ്കൂളിന്റെ ഉത്തരവാദിത്തം എറ്റെടുത്തത്. സ്കൂള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നാട്ടുകാര്‍ രണ്ടു തട്ടിലായി. സ്കൂള്‍ പൂട്ടുന്നതു വിദ്യാര്‍ഥികളുടെ ഭാവിക്കു ദോഷം ചെയ്യുമെന്ന് ഒരുപക്ഷവും അവരുടെ ഭാവിയെക്കരുതി സ്കൂള്‍ പൂട്ടണമെന്നു മറ്റൊരുപക്ഷവും നിലപാടെടുത്തു. ഇതേത്തുടര്‍ന്നു സ്കൂളിനു മുന്നില്‍ സംഘര്‍ഷം ഉടലെടുത്തു.

സംഭവത്തിലുള്‍പ്പെട്ട ക്ളാസ് ടീച്ചറും രണ്ടാം പ്രതിയുമായ പാതിരിപ്പള്ളി സ്വദേശി ദീപിക ഒളിവിലാണ്. ദീപികയെ അറസ്റ്ചെയ്യണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ സ്കൂളിനു മുന്നില്‍ പ്ളക്കാര്‍ഡുകളുമായി കുത്തിയിരുന്നു. ഇത് ഏറെനേരം സംഘര്‍ഷസാധ്യതയുണ്ടാക്കിയതോടെ ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി പ്രശ്നക്കാരുമായി ചര്‍ച്ച നടത്തി. വി. ശിവന്‍കുട്ടി എംഎല്‍എ, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, കന്റോണ്‍മെന്റ് അസിസ്റന്റ് കമ്മീഷണര്‍ സെയ്ഫുദീന്‍ എന്നിവര്‍ ഇന്നലെ സ്കൂളിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.