ജയലളിതയെ കൂട്ടുപിടിക്കാന്‍ ശ്രമിച്ച സിപിഎം മാപ്പുപറയണം: സുധീരന്‍
ജയലളിതയെ കൂട്ടുപിടിക്കാന്‍ ശ്രമിച്ച സിപിഎം മാപ്പുപറയണം: സുധീരന്‍
Wednesday, October 1, 2014 12:48 AM IST
കൊച്ചി: ജയലളിതയെ മുന്നില്‍ നിര്‍ത്തി മൂന്നാം മുന്നണി ഉണ്ടാക്കാനിറങ്ങിയ സിപിഎം ജനങ്ങളോടു മാപ്പുപറയണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അഴിമതിക്കേസില്‍പെട്ടിരുന്ന ജയലളിതയെ കാണാന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുതന്നെ ചെന്നിരുന്നു. ജയലളിത വേണ്െടന്നുവച്ചതിനാലാണു സഖ്യം നടക്കാതെ പോയത്. സിപിഎമ്മിന്റെ പൊള്ളത്തരങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു ജില്ലാ കോണ്‍ഗ്രസ് സമ്പൂര്‍ണ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സുധീരന്‍ പറഞ്ഞു.

അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് അവരുടെ മുഖമുദ്ര. കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘവുമായി വരെ അവര്‍ സഹകരിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്ത കമ്യൂണിസ്റ് പാര്‍ട്ടിയുടെ തുടക്കം മുതല്‍ തന്നെ ഇത്തരം നടപടികള്‍ കാണാം.

നരേന്ദ്ര മോദി ഭരണം ഈ നിലയില്‍ എത്രനാള്‍ മുന്നോട്ടുപോകുമെന്നു പറയാന്‍ കഴിയില്ല. ശിവസേനയുമായി പിരിഞ്ഞു. ജനാധിപത്യത്തിന്റെ ആണിക്കല്ലുകളെ തന്നെ തകര്‍ക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. ലോകം മുഴുവന്‍ ആദരിക്കുന്ന ഗാന്ധിജിയുടെ പേരു തന്നെ അമേരിക്കയില്‍ നരേന്ദ്രമോദി തെറ്റായി പറഞ്ഞു. മോഹന്‍ദാസ് എന്നതിനു പകരം മോഹന്‍ലാല്‍ എന്നു പറഞ്ഞതു തികഞ്ഞ ഗാന്ധി നിന്ദയാണ്, ഭാരതത്തെ അപമാനിക്കലാണ്.


പ്ളാനിംഗ് കമ്മീഷന്‍ പിരിച്ചുവിട്ടതടക്കം ഏകപക്ഷീയമായ നടപടികളാണു മോദി കൈക്കൊണ്ടുവരുന്നത്. അമിത് ഷായെപ്പോലെ ജനങ്ങള്‍ക്കെതിരേ ചോരക്കളി നടത്തിയവര്‍ക്കു സഹായകമായ നിലപാടു സ്വീകരിച്ചവര്‍ക്കു ജൂഡീഷറിയില്‍ അനര്‍ഹമായ സ്ഥാനം ലഭിക്കുന്നു.

മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അണികള്‍ കൂടുതലായി ഏറ്റെടുക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍ ചില ഇടങ്ങളിലെങ്കിലും ഭരണവിരുദ്ധ വികാരമുണ്ട്. ഇതു പരിഹരിക്കാനായി പ്രവര്‍ത്തകരും നേതാക്കളും ജാഗ്രത കാണിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.