കുവൈറ്റില്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ തടങ്കലില്‍ കഴിയുന്ന മലയാളി നഴ്സുമാരെ തിരിച്ചയയ്ക്കുന്നു
Thursday, October 2, 2014 12:25 AM IST
ഏറ്റുമാനൂര്‍: കുവൈറ്റില്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ തടങ്കലില്‍ കഴിയുന്ന മലയാളി നഴ്സുമാരെ നാട്ടിലേക്കു തിരിച്ചയ്ക്കുന്നു. കരിമ്പട്ടികയിലായ റിക്രൂട്ടിംഗ് ഏജന്‍സി പേരു മാറ്റി പുതിയ രജിസ്ട്രേഷന്‍ എടുക്കാന്‍ നടത്തിയ ശ്രമം പരാജപ്പെട്ടതോടെയാണു നഴ്സുമാരെ തിരിച്ച് അയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്. നഴ്സുമാരോടു നാട്ടിലേക്കു മടങ്ങാന്‍ ഏജന്‍സി ആവശ്യപ്പെട്ടതായി നഴ്സുമാരുടെ ബന്ധുക്കള്‍ പറഞ്ഞു. മടങ്ങും മുമ്പു റീലിസിംഗ് ഓര്‍ഡര്‍ നല്കാന്‍ ഏജന്‍സി തയാറായെങ്കിലും അതിനു 450 കുവൈറ്റ് ദിനാര്‍ ആവശ്യപ്പെട്ടതു നഴ്സുമാരെ പ്രതിസന്ധിയിലാക്കി.

റിലിസിംഗ് ഓര്‍ഡര്‍ ലഭിച്ചില്ലെങ്കില്‍ കുവൈറ്റില്‍ മാറ്റൊരു ജോലിക്കു ശ്രമിക്കാനാവില്ല. എന്നാല്‍ ഒരുലക്ഷം ഇന്ത്യന്‍ രൂപയോളം വരുന്ന തുക കണ്െടത്താന്‍ നഴ്സുമാര്‍ക്കു സാധിക്കുന്നില്ല. നാലു ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപവരെ ഏജന്‍സിക്കു നല്കിയാണു ഇവര്‍ ജോലി തരപ്പെടുത്തിയത്. ബ്ളേഡു പലിശയ്ക്കു കടമെടുത്തും വീടു പണയപ്പെടുത്തിയും പണം നല്കിയ നഴ്സുമാര്‍ക്കു റീലിസിംഗ് ഓര്‍ഡറിനായി നല്കാന്‍ ഇനി പണമില്ല. മറ്റൊരു ജോലിക്കു ശ്രമിക്കാനാവാതെ നാട്ടില്‍ മടങ്ങിയെത്തിയാല്‍ കടം വാങ്ങിയ വന്‍തുക എങ്ങനെ തിരിച്ചടയ്ക്കുമെന്നു നിശ്ചയമില്ല. ബക്രിദിനോടനുബന്ധിച്ചു കുവൈറ്റില്‍ 10 ദിവസം പൊതു അവധിയാണ്. അവധി കഴിഞ്ഞാലുടന്‍ തങ്ങളെ നാട്ടിലേക്കു തിരിച്ചയ്ക്കുമെന്നാണു നഴ്സുമാര്‍ പറയുന്നത്. അതിനു മുമ്പായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായി ഇടപെടുന്നില്ലങ്കില്‍ നഴ്സുമാരെ തിരികെ എത്തിക്കാന്‍ പണം അയച്ചുകൊടുക്കേണ്ടി വരുമെന്നും എന്നാല്‍ തുക കണ്െടത്താന്‍ തങ്ങളെ കൊണ്ടു സാധിക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ജോലി നഷ്്ടപ്പെട്ട നഴ്സുമാര്‍ കുവൈറ്റില്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ തടങ്കലിലായ വാര്‍ത്ത മാധ്യമങ്ങളില്‍ വരുകയും മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കു പരാതി നല്കുകയും ചെയ്തിട്ടും പ്രാഥമിക അന്വേഷണത്തിനപ്പുറം യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ബന്ധുക്കള്‍ക്കുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.