റോഡ് നിര്‍മാണത്തിനു റബറൈസ്ഡ് ബിറ്റുമിന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം
റോഡ് നിര്‍മാണത്തിനു  റബറൈസ്ഡ് ബിറ്റുമിന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം
Thursday, October 2, 2014 12:06 AM IST
തിരുവനന്തപുരം: റബര്‍ വിലയിടിവ് തടയുന്നതിന്റെ ഭാഗമായി റോഡ് നിര്‍മാണത്തിനു റബറൈസ്ഡ് മോഡിഫൈഡ് ബിറ്റുമിന്‍ നിര്‍ബന്ധമായി ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പിനു മന്ത്രിസഭായോഗ നിര്‍ദേശം.

റബറൈസ്ഡ് ബിറ്റുമിന്‍ ലഭ്യമാക്കാന്‍ ബിപിസിലിഎനോട് ആവശ്യപ്പെടും. റബര്‍ കര്‍ഷകരുടെ രക്ഷയ്ക്കായാണു നടപടിയെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ആരോഗ്യ വകുപ്പില്‍ മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കാന്‍ താത്കാലികമായി നിയമിച്ച 971 ജീവനക്കാരുടെ കാലാവധി അടുത്ത മാര്‍ച്ച് 31 വരെ നീട്ടാനും തീരുമാനിച്ചു. ആരോഗ്യ ഡയറക്ടറുടെ കീഴില്‍ 750 പേരുടെയും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ കീഴില്‍ 171 പേരുടെയും കാലാവധിയാണു നീട്ടുന്നത്. മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആറു മാസം മുമ്പാണു താത്കാലിക ജീവനക്കാരെ നിയമിച്ചത്.


പാലക്കാട് മണ്ണാര്‍ക്കാട് കരാറെ ഗവണ്‍മെന്റ് എല്‍പിഎസിനെ യുപി സ്കൂളായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഇവിടത്തെ കുട്ടികളില്‍ 75 ശതമാനവും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. നാലാം ക്ളാസിനു മുകളിലേക്കു പഠിക്കാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പല കുട്ടികളും നാലാംക്ളാസിനുശേഷം പഠനം അവസാനിപ്പിക്കുകയാണു പതിവ്. ഇത് ഒഴിവാക്കാനാണു പുതിയ തീരുമാനമെന്നു മുഖ്യമന്ത്രി പറഞ്ഞു.

കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് എട്ട് ഏക്കര്‍ ഭൂമി പാട്ടത്തിനു നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂര്‍ എന്‍സിസി ക്യാമ്പില്‍ അബദ്ധത്തില്‍ വെടിപൊട്ടി പരിക്കേറ്റ അനസിന്റെ ചികിത്സാ ചെലവുള്‍പ്പെടെ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. തുടര്‍പഠനത്തിനുള്ള അവസരവും ജോലിക്കുള്ള ഉത്തരവും ഇപ്പോഴേ നല്‍കും. വീല്‍ചെയര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.