ഡോ. പദ്മ സുബ്രഹ്മണ്യത്തിനു കലാമണ്ഡലം ഫെലോഷിപ്പ്
ഡോ. പദ്മ സുബ്രഹ്മണ്യത്തിനു കലാമണ്ഡലം ഫെലോഷിപ്പ്
Thursday, October 2, 2014 12:34 AM IST
തൃശൂര്‍: കേരള കലാമണ്ഡലത്തിന്റെ 2013 ലെ ഫെലോഷിപ്പും അവാര്‍ഡുകളും എന്‍ഡോവ്മെന്റുകളും പ്രഖ്യാപിച്ചു. പ്രശസ്ത നര്‍ത്തകിയും നൃത്ത-നൃത്യ ഗവേഷകയുമായ ഡോ. പദ്മ സുബ്രഹ്മണ്യമാണ് ഫെലോഷിപ്പിന് അര്‍ഹയായത്.

കലാമണ്ഡലം ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയ എം.കെ.കെ.നായര്‍ പുരസ്കാരം സിനിമാതാരം ജയറാമിനാണ്. പൊന്നാടയും പ്രശസ്തിപത്രവും 25,000 രൂപയുടെ കാഷ് പ്രൈസുമടങ്ങുന്നതാണ് പുരസ്കാരം.

കൂടിയാട്ടത്തിലും മിഴാവിലും പ്രഗത്ഭ്യം തെളിയിച്ച ലക്കിടി കിളിക്കുറിശ്ശിമംഗലം പി.കെ.നാരായണന്‍ നമ്പ്യാര്‍ക്കാണ് കലാരത്നം അവാര്‍ഡ്. പ്രശസ്ത ചുട്ടി കലാകാരന്‍ കലാനിലയം (ശില്‍പി) ജനാര്‍ദനന്‍, മിഴാവ് കലാകാരന്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കവിത കൃഷ്ണകുമാര്‍, കൂടിയാട്ടം കലാകാരന്‍ പൈങ്കുളം നാരായണ ചാക്യാര്‍, കഥകളി കലാകാരന്‍ കലാമണ്ഡലം രാജശേഖരന്‍, കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം സുബ്രഹ്മണ്യന്‍, ചെണ്ട വിദഗ്ദന്‍ കലാമണ്ഡലം (പാഞ്ഞാള്‍)ഉണ്ണികൃഷ്ണന്‍, മദ്ദള കലാകാരന്‍ കലാമണ്ഡലം വേണുക്കുട്ടന്‍, തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ജനാര്‍ദ്ദനന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞവര്‍ഷത്തെ കലാമണ്ഡലം അവാര്‍ഡുകള്‍.


കെ.ജി.പൌലോസ് രചിച്ച വ്യംഗ്യ വ്യാഖ്യ എന്ന കുലശേഖരവര്‍മന്റെ അപ്രകാശിതമായ കൂടിയാട്ടം ആട്ടപ്രകാരമാണ് മികച്ച കലാഗ്രന്ഥമായി തെരഞ്ഞെടുക്കപ്പെട്ടത്.

മണക്കുളം മുകുന്ദരാജാ സ്മൃതി ഉപഹാരം ഡോ.വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ക്കാണ്. കൂടിയാട്ടം കലാകാരി മാര്‍ഗ്ഗി ഉഷക്ക് ഡോ.വി.എസ്.ശര്‍മ എന്‍ഡോവ്മെന്റും കഥകളി കലാകാരന്‍ കലാമണ്ഡലം കൃഷ്ണപ്രസാദിന് ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്മെന്റും ലഭിക്കും. കഥകളിയിലെ യുവകലാകാരന്‍മാരില്‍ ശ്രദ്ധേയനായ കലാണണ്ഡലം അരുണ്‍ വാര്യര്‍ക്കാണ് യുവപ്രതിഭ അവര്‍ഡ.്

കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷിന്റെ അധ്യക്ഷതയില്‍ പന്തളം സുധാകരന്‍ വൈസ് ചെയര്‍മാനും മടവൂര്‍ വാസുദേവന്‍നായര്‍, ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി കലാമണ്ഡലം സരസ്വതി, വാസന്തി മേനോന്‍, പ്രഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, കലാമണ്ഡലം രാമചാക്യാര്‍, കലാമണ്ഡലം പരമേശ്വരന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഫെലോഷിപ്പിനും അവാര്‍ഡിനും അര്‍ഹരായവരെ തിരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.