മഹാത്മഗാന്ധി സര്‍വകലാശാല 30-ാം വാര്‍ഷികാഘോഷത്തിന് ഇന്നു തുടക്കം
Thursday, October 2, 2014 12:38 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ 30-ാം വാര്‍ഷികാഘോഷങ്ങളും ഗാന്ധിജയന്തി വാരാചരണവും ഇന്ന് ആരംഭിക്കും. ഗാന്ധിയന്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനില്‍ നിന്നു രാവിലെ 9.30നു അഞ്ഞൂറിലേറെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും അണിനിരക്കുന്ന ഗാന്ധി സന്ദേശയാത്ര ആരംഭിക്കും.

മെഡിക്കല്‍ കോളജ്, ബി.കെ കോളജ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 11നു യൂണിവേഴ്സിറ്റി കവാടത്തിലെത്തുന്ന യാത്രയെ വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍, പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, സിന്‍ഡിക്കറ്റംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.

അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കില്‍ സര്‍വമത പ്രാര്‍ഥനയും ഗാന്ധി ഭജനും നടത്തും. തുടര്‍ന്നു പ്രഥമ വൈസ് ചാന്‍സലര്‍ ഡോ.എ.ടി.ദേവസ്യ ഒരാഴ്ചക്കാലത്തെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ആറിന് എല്ലാ കോളജുകളിലും ശുചിത്വാവബോധം ഉണര്‍ത്താനായി ശുചിത്വ പ്രതിജ്ഞയെടുക്കും.

യൂണിവേഴ്സിറ്റി കാമ്പസില്‍ ക്ളീന്‍ ഓഫീസ്-ക്ളീന്‍ കാമ്പസ് കാമ്പെയ്ന്‍ നടത്തും. എല്ലാ പഠനവകുപ്പുകളിലും വാരാചരണത്തോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രത്യേക പരിപാടികളും നടക്കും.


ഏഴു മുതല്‍ എട്ടു വരെ എംജി യൂണിവേഴ്സിറ്റി എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ അപൂര്‍വ ഗാന്ധിചിത്രങ്ങളുടെ പ്രദര്‍ശനം നടത്തും. ഏഴിന് എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കോളജുകളെ ബന്ധപ്പെടുത്തി അക്ഷരജ്യോതി യാത്രകള്‍ സംഘടിപ്പിക്കും. എട്ടിനു യൂണിവേഴ്സിറ്റി കാമ്പസിലെത്തുന്ന അക്ഷര ജ്യോതി ആനയിച്ച് വിപുലമായ സമാപനസമ്മേളനവും നടക്കും. പ്രഫ.ബി.സുശീലന്‍ (ജനറല്‍ കണ്‍വീനര്‍), ഡോ.എന്‍.ജയകുമാര്‍, പ്രഫ.സി.എച്ച്.അബ്ദുള്‍ ലത്തീഫ്, ഡോ.ആര്‍.വിജയകുമാര്‍, പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, ജോര്‍ജ് വര്‍ഗീസ്, പ്രഫ.സണ്ണി.കെ.ജോര്‍ജ്, പി.കെ.ഫിറോസ്, പ്രഫ.കെ.വി.നാരായണക്കുറുപ്പ്, പ്രഫ.സി.വി.തോമസ്, രജിസ്ട്രാര്‍ എം.ആര്‍.ഉണ്ണി (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍), പരീക്ഷാ കണ്‍ട്രോളര്‍ ഡോ.തോമസ് ജോണ്‍ മാമ്പറ, ഫിനാന്‍സ് ഓഫീസര്‍ ഏബ്രഹാം.ജെ.പുതുമന എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ആഘോഷങ്ങള്‍ക്കു നേതൃത്വം നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.