സുഗതകുമാരിക്ക് മാതൃഭൂമി സാഹിത്യപുരസ്കാരം
സുഗതകുമാരിക്ക് മാതൃഭൂമി സാഹിത്യപുരസ്കാരം
Thursday, October 2, 2014 12:38 AM IST
കോഴിക്കോട്: പതിമൂന്നാമത് മാതൃഭൂമി സാഹിത്യപുരസ്കാരത്തിനു കവയിത്രി സുഗതകുമാരി അര്‍ഹയായി. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയര്‍മാനും കവി സച്ചിദാനന്ദന്‍, നിരൂപക ഡോ. എം. ലീലാവതി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡുജേതാവിനെ തെരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഭൂമിക്കും അതിലെ സകല സസ്യജന്തുജാലങ്ങള്‍ക്കും സ്നേഹാമൃതം പകര്‍ന്നു നല്കുന്ന കവിതകളാണ് സുഗതകുമാരിയുടേതെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. പാതിരാപ്പൂക്കള്‍, രാത്രിമഴ, അമ്പലമണി, കൃഷ്ണകവിതകള്‍, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ എന്നിവയാണ് സുഗതകുമാരിയുടെ പ്രധാന കൃതികള്‍.


പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള സമരങ്ങളിലെ മുന്നണിപ്പോരാളിയാണ്. കവിയും സ്വാതന്ത്യ്രസമരസേനാനിയുമായിരുന്ന ബോധേശ്വരന്റെ മകളാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ, പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപകസെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ പത്മശ്രീ നല്കി ആദരിച്ചു. ഭര്‍ത്താവ്: പരേതനായ ഡോ.കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മീദേവി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.