കെഎസ്ആര്‍ടിസി ബുക്കിംഗ് വെബ്സൈറ്റ് പരിഷ്കരിച്ചു
കെഎസ്ആര്‍ടിസി ബുക്കിംഗ് വെബ്സൈറ്റ് പരിഷ്കരിച്ചു
Monday, October 20, 2014 12:03 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബുക്കിംഗ് വെബ്സൈറ്റ് പരിഷ്കരിച്ചു. ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ടു പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു കെഎസ്ആര്‍ടിസി വെബ്സൈറ്റ് പരിഷ്കരിച്ചത്. ഉപയോക്താവിന് അനായാസം കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് പരിഷ്കരണം.

സ്വന്തമായി യൂസര്‍ നെയിമും പാസ് വേര്‍ഡും ഉള്ളവര്‍ക്കു മാത്രമായിരുന്നു മുമ്പു കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. എന്നാല്‍, സൈന്‍ ഇന്‍ ചെയ്യാതെ ഗസ്റ് യൂസര്‍ എന്ന ഓപ്ഷന്‍ വഴി ഏതൊരാള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് പുതിയ സവിശേഷത. വോള്‍വോ, മള്‍ട്ടി ആക്സില്‍ ബസുകളിലേക്കുള്ള ടിക്കറ്റുകളാണ് പുതിയ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാവുന്നത്. വൈകാതെ മറ്റു സര്‍വീസുകളിലേക്കും വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.


എല്ലാ ബാങ്കുകളുടെയും ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് എസ്എംഎസ് ആയി ലഭിക്കുകയും ചെയ്യും. എളുപ്പത്തില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുമാകും. പുതിയ വെബ്സൈറ്റ് മൊബൈലില്‍ ആപ്പ് പോലെ ഉപയോഗിക്കാന്‍ കഴിയും. എല്ലാ സ്റോപ്പുകളില്‍ നിന്നുമുള്ള യാത്രക്കൂലി സംബന്ധിച്ച വിവരവും ലഭിക്കും.

പരിഷ്കരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം ഈയാഴ്ച ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.