നവോത്ഥാന നായകനെ അടുത്തറിഞ്ഞ് ചാവറ കുടുംബ മഹാസംഗമം
നവോത്ഥാന നായകനെ അടുത്തറിഞ്ഞ് ചാവറ കുടുംബ മഹാസംഗമം
Monday, October 20, 2014 12:06 AM IST
മാന്നാനം: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ നവോത്ഥാന നായകരില്‍ ശ്രേഷ്ഠനാണെന്നു ധനമന്ത്രി കെ.എം.മാണി. മാന്നാനം കെഇ കോളജ് ഓഡിറ്റോറിയത്തില്‍ ഇന്നലെ ചാവറ കുടുംബമഹാസംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യപരിഷ്കര്‍ത്താവും വിപ്ളവകാരിയുമായിരുന്നു ചാവറയച്ചന്‍. പള്ളിയോടൊപ്പം പള്ളിക്കൂടമെന്ന അദ്ദേഹത്തിന്റെ ആശയം കേരളത്തില്‍ വിപ്ളവം സൃഷ്ടിച്ച മുന്നേറ്റമായി. പള്ളിയോടൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്നതു കേവലം ഒരു ആഹ്വാനമായിരുന്നില്ല, മറിച്ച് ആജ്ഞയായിരുന്നു.

ആദ്യമായി പള്ളിക്കൂടം സ്ഥാപിച്ച ചാവറയച്ചന്‍ പ്രസ് സ്ഥാപിച്ചു. നസ്രാണി ദീപിക അച്ചടിച്ചത് ഈ പ്രസിലൂടെയാണ്. സിഎംഐ, സിഎംസി സന്യാസസഭകള്‍ സ്ഥാപിച്ചു. അദ്ദേഹം കൊടുക്കുന്നതു കണ്ടാണ് സര്‍ സിപി തിരുവനന്തപുരത്ത് ഉച്ചക്കഞ്ഞി നല്‍കാന്‍ തുടങ്ങിയത്.

സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യാള്‍ ഫാ. സിറിയക് മഠത്തില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ.മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴികാടന്‍, എം.ജി സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോര്‍ ഫാ.സെബാസ്റ്യന്‍ ചാമത്തറ സിഎംഐ, ജനറല്‍ കണ്‍വീനര്‍ ജോസഫ് ചാവറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രഫ.എം.കെ. സാനുവിന് അക്ഷരപുരസ്കാരവും റവ.ഡോ.ജോസഫ് സില്‍വസ്റര്‍ സിഎംഐക്ക് വൈദികശ്രേഷ്ഠ പുരസ്കാരവും മന്ത്രി കെ.എം. മാണി സമ്മാനിച്ചു. സന്യാസിനിശ്രേഷ്ഠ പുരസ്കാരം റവ. ഡോ. സോഫി റോസ് സിഎംസി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍നിന്ന് ഏറ്റുവാങ്ങി. സി.എ. കുഞ്ഞച്ചന്‍ ചാവറയെ ചാവറയച്ചന്‍ ചാവരുള്‍ പുരസ്കാരവും നവജീവന്‍ മാനേജിംഗ് ട്രസ്റി പി.യു.തോമസിനെ ഫാ. ഫിലിപ് ചാവറ എന്‍ഡോവ്മെന്റ് പുരസ്കാരവും നല്‍കി ആദരിച്ചു.

സാമൂഹ്യ നവോത്ഥാന നായകര്‍ പരമ്പരയില്‍ ചാവറയച്ചനെപ്പറ്റി ചിത്രീകരിച്ച ഡോക്യുമെന്ററി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രി കെ.എം.മാണിക്ക് നല്‍കി പ്രകാശനം ചെയ്തു.

രാവിലെ 10.45-നു മാന്നാനം ആശ്രമദേവാലയത്തില്‍ കൃതജ്ഞതാബലിയര്‍പ്പണത്തോടെയാണു കുടുംബമഹാസംഗമം ആരംഭിച്ചത്. ഫാ.ലൂക്ക ചാവറ സിഎംഐ, ഫാ.ജോണ്‍ ജെ. ചാവറ എന്നിവര്‍ ദിവ്യബലിയില്‍ കാര്‍മികത്വം വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ആത്മീയസന്ദേശം നല്‍കി.


ഉച്ചകഴിഞ്ഞ് ചാവറയച്ചന്റെ ആത്മീയ സാഹിത്യരചനകളെ ആസ്പദമാക്കി നടത്തിയ സെമിനാര്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ദീപിക ചീഫ് എഡിറ്റര്‍ ഫാ.ബോബി അലക്സ് മണ്ണംപ്ളാക്കല്‍ അധ്യക്ഷത വഹിച്ചു.

ഡോ. സെബാസ്റ്യന്‍ പോള്‍, സി.വി. ആനന്ദബോസ്, മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ്, കേരള സംഗീത നാടക അക്കാദമി വൈസ്ചെയര്‍മാന്‍ ടി.എം. ഏബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെ. സുരേഷ്കുറുപ്പ് എംഎല്‍എ, ഫാ. ജോണ്‍ ജെ. ചാവറ, ഡോ.കെ.സി. ജോര്‍ജ് ചാവറ എന്നിവര്‍ പ്രസംഗിച്ചു.


ഇടയനാടകങ്ങള്‍ പ്രകാശനം ചെയ്തു

മാന്നാനം: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ രചിച്ച ഇടയനാടകങ്ങളുടെ പ്രകാശനം ഇന്നലെ മാന്നാനത്ത് ചാവറ കുടുംബമഹാസംഗമത്തില്‍ നിര്‍വഹിച്ചു. പ്രഫ.എം.കെ. സാനുവിനു നല്‍കി സാഹിത്യ നിരൂപകന്‍ പ്രഫ.എം.തോമസ് മാത്യുവാണു പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.

കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ ഇടയനാടകത്തെ പരിചയപ്പെടുത്തി. എം.ജി. സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ ടെലി ഡോക്യുമെന്ററി പരിചയപ്പെടുത്തി. ഫാ. പോള്‍ തേലക്കാട്ട് പ്രസംഗിച്ചു. സിഎംഐ സഭയുടെ വികാര്‍ ജനറാള്‍ ഫാ.വര്‍ഗീസ് വിതയത്തില്‍, ജനറല്‍ കൌണ്‍സിലര്‍മാരായ ഫാ.സെബാസ്റ്യന്‍ തെക്കേടത്ത്, റവ.ഡോ.ജോര്‍ജ് താഞ്ചന്‍, പുരാരേഖ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഫാ. തോമസ് പന്തപ്ളാക്കല്‍, മുന്‍ പ്രിയോര്‍ ജനറാള്‍ ഫാ.ജോസ് പന്തപ്ളാംതൊട്ടിയില്‍, മീഡിയ സെല്‍ കണ്‍വീനര്‍ ഫാ.റോബി കണ്ണന്‍ചിറ, വൈസ്പോസ്റുലേറ്റര്‍ ഫാ.ജയിംസ് മഠത്തിക്കണ്ടം, ദീപിക ജനറല്‍മാനേജര്‍ (സര്‍ക്കുലേഷന്‍) ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.