വിജ്ഞാനവാടി പദ്ധതി രണ്ടാംഘട്ടത്തിലേക്ക്
Monday, October 20, 2014 12:07 AM IST
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്കു തൊഴില്‍ നൈപുണ്യം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച വിജ്ഞാനവാടി രണ്ടാംഘട്ടത്തിലേക്ക്. രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ ആയിരം പട്ടികജാതി കോളനികളില്‍ വിജ്ഞാനവാടികള്‍ സ്ഥാപിക്കുന്നതിനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് സൌകര്യവും വിജ്ഞാനസമ്പാദനത്തിനു പുസ്തകങ്ങളും ലഭ്യമാക്കുന്ന വിജ്ഞാനവാടി പദ്ധതിയുടെ ആദ്യഘട്ടം 2012ല്‍ ആണ് ആരംഭിച്ചത്. കെട്ടിട സൌകര്യമുള്ള 70 ഇടങ്ങളില്‍ പദ്ധതി ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ 48 വിജ്ഞാനവാടികള്‍ ആരംഭിക്കുന്നതിനാണ് പദ്ധതി. അടുത്തവര്‍ഷം ആദ്യത്തോടെ 84 വിജ്ഞാനവാടികളുടെ പണി പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. പുസ്തകശാലയും ഇന്റര്‍നെറ്റ് സൌകര്യത്തോടുകൂടിയ കംപ്യൂട്ടറും അടങ്ങിയതാണ് ഓരോ വിജ്ഞാനവാടികളും. പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിക്കായി 65 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.


പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലിക്കുമുള്ള അപേക്ഷകളും പ്രധാന പ്രവേശന പരീക്ഷകള്‍ക്കുള്ള അപേക്ഷകളും ഇപ്പോള്‍ ഓണ്‍ലൈനായാണു സമര്‍പ്പിക്കേണ്ടത്. പട്ടികജാതി കോളനികളില്‍ ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമല്ലാത്തതിനാല്‍ ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഏതെങ്കിലും ഇന്റര്‍നെറ്റ് കഫേയെ ആശ്രയിക്കേണ്ടിവരുന്നു. ഇന്റര്‍നെറ്റ് സൌകര്യം അടുത്ത് ഇല്ലാത്തവര്‍ക്ക് ഇതിനു സാധിക്കില്ല. ഇതിനു പരിഹാരമെന്ന നിലയിലാണു വിജ്ഞാനവാടികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമി ലഭ്യമായിട്ടുള്ള കോളനികളിലാണു വിജ്ഞാനവാടികള്‍ സ്ഥാപിക്കുന്നത്. കുറഞ്ഞത് 550 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ഇതിനായി വേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.