ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ ചാവറ പഠനശില്‍പശാല
Monday, October 20, 2014 12:08 AM IST
കോട്ടയം: വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ കേരളത്തിലെ വിവിധ മേഖലകള്‍ക്കു നല്‍കിയ സംഭാവനകളെപ്പറ്റി പഠിക്കാന്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പഠനശില്‍പശാല സംഘടിപ്പിക്കും. നാളെയും 22-നും കോട്ടയം തെള്ളകം ചൈതന്യ പാസ്ററല്‍ സെന്ററിലാണ് ശില്‍പശാല നടത്തുന്നതെന്ന് കണ്‍വീനര്‍ ജോസഫ് കെ.നെല്ലുവേലി, ജോയിന്റ് കണ്‍വീനര്‍മാരായ ആമോദ് മാത്യു, റെജി തോമസ് എന്നിവര്‍ അറിയിച്ചു.

നാളെ രാവിലെ പത്തിന് മന്ത്രി കെ.എം.മാണി ഉദ്ഘാടനം നിര്‍വഹിക്കും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, റവ.ഡോ.സാമുവല്‍ മാര്‍ ഐറേനിയൂസ്, ജോസ് കെ.മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, കെ.സുരേഷ്കുറുപ്പ് എംഎല്‍എ, ഫാ.ജേക്കബ് പാലയ്ക്കാപ്പള്ളി, ജോഷി വടക്കന്‍, ജോസഫ് കെ.നെല്ലുവേലി തുടങ്ങിയവര്‍ പ്രസംഗിക്കും.

ചാവറയച്ചന്‍ നവോത്ഥാന നായകന്‍ എന്ന വിഷയത്തില്‍ റവ.ഡോ.പോള്‍ തേലക്കാട്ടും ചാവറയച്ചന്റെ ജീവിതവും ആത്മീയതയും എന്ന വിഷയത്തില്‍ റവ.ഡോ.ജോസ് കറിയേടത്ത് സിഎംഐയും ചാവറയച്ചന്റെ സാഹിത്യ സംഭാവനകളെപ്പറ്റി തിരക്കഥാകൃത്ത് ജോണ്‍ പോളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.


ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.മാത്യു നടമുഖത്ത്, ഫാ.തോമസ് അദോപ്പിള്ളില്‍ തുടങ്ങിയവര്‍ മോഡറേറ്റര്‍മാരായിരിക്കും. വൈകുന്നേരം നാലിന് മാന്നാനം ചാവറ സന്നിധിയിലേക്ക് തീര്‍ഥാടനം നടക്കും. മാന്നാനത്ത് പ്രാര്‍ഥനാ ശുശ്രൂഷയ്ക്ക് പ്രിയോര്‍ ഫാ.സെബാസ്റ്യന്‍ ചാമത്തറ കാര്‍മികത്വം വഹിക്കും. ബുധനാഴ്ച ചാവറയച്ചന്‍ അപൂര്‍വതകളുടെ വിപ്ളവകാരി എന്ന വിഷയത്തില്‍ ഡോ.കുര്യാസ് കുമ്പളക്കുഴിയും ചാവറയച്ചന്റെ വിദ്യാഭ്യാസ ദര്‍ശനത്തെപ്പറ്റി ഡോ.കെ.എസ്.രാധാകൃഷ്ണനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഫാ.മാത്യു വാഴയില്‍, ഫാ.അഗസ്റിന്‍ കല്ലറയ്ക്കല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും.

ഉച്ചയ്ക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിക്കും. എം.ജി.സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍, പ്രഫ.എഡ്വേര്‍ഡ് എടേഴത്ത്, സാലു പതാലില്‍, ആമോദ് മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും. 31 രൂപതകളില്‍നിന്നായി നൂറ്റമ്പതോളം പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.