സംസ്ഥാനത്തെ ജയിലുകളില്‍ 43 ബംഗ്ളാദേശ് തടവുകാര്‍
സംസ്ഥാനത്തെ ജയിലുകളില്‍ 43 ബംഗ്ളാദേശ് തടവുകാര്‍
Monday, October 20, 2014 12:00 AM IST
റിച്ചാര്‍ഡ് ജോസഫ്

തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിലുള്ളത് 43 ബംഗ്ളാദേശ് തടവുകാര്‍. മയക്കുമരുന്ന്, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ബംഗ്ളാദേശികളാണു കൂടുതലായും സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്. എന്നാല്‍, ബംഗാളികളെന്ന പേരില്‍ കേരളത്തിലെത്തി മതിയായ രേഖകളില്ലാതെ അറസ്റിലായവരും ഇക്കൂട്ടത്തിലുണ്ട്.

ആകെ 64 വിദേശികളാണു കേരളത്തിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്നത്. ബ്രിട്ടന്‍, മാലിദ്വീപ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഇറാന്‍, സൌദി അറേബ്യ, മ്യാന്‍മാര്‍, സൊമാലിയ, ഇക്വഡോര്‍, സിംബാബ്വേ എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ പൌരന്‍മാര്‍ വീതവും നേപ്പാളില്‍ നിന്നും നൈജീരിയയില്‍ നിന്നും അഞ്ചു വീതവും പൌരന്മാര്‍ കേരളത്തിലെ വിവിധ ജയിലുകളിലുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു പിടിയിലായവരാണ് ഇതിലധികവും. കടല്‍മാര്‍ഗം കള്ളക്കടത്തും മോഷണവും നടത്തിയിരുന്നവരും ഇക്കൂട്ടത്തിലുണ്ട്.

579 അന്യസംസ്ഥാനക്കാരും സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 325 പേര്‍ തമിഴ്നാട്ടുകാരാണ്. 84 ബംഗാളികളും 42 ഒറിയക്കാരും 25 ആസാമികളും 22 വീതം ബിഹാറികളും കന്നടക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.

കള്ളക്കടത്തു തടയുന്നതിനായി കൊണ്ടുവന്ന കോഫെപോസ നിയമ പ്രകാരം 442 പേരാണു ജയിലുകളില്‍ കഴിയുന്നത്. ഗുണ്ടാനിയമപ്രകാരം പിടികൂടിയവരും ഇക്കൂട്ടത്തിലുണ്ട്. ഗുണ്ടാനിയമപ്രകാരം മാത്രം അറസ്റിലായത് 426 പേരാണ്. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ മൊത്തം 54 ജയിലുകളിലായി 200 വനിതാ തടവുകാരും 6872 പുരുഷതടവുകാരും ഉള്‍പ്പെടെ 7172 തടവുകരാണുള്ളത്. ഇതില്‍ 1307 പേര്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ്.


സംസ്ഥാനത്തെ മിക്ക ജയിലുകളും ശേഷിയിലധികം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയിലായ പൂജപ്പുരയില്‍ മാത്രം 1206 തടവുകാരാണുള്ളത്. എന്നാല്‍, 800ല്‍ താഴെ ആളുകളെ മാത്രമാണ് ഈ ജയിലിന് ഉള്‍ക്കൊള്ളാവുന്നത്. എന്നാല്‍, കണ്ണൂര്‍ ജയിലില്‍ 986 പേരെ പാര്‍പ്പിക്കാമെങ്കിലും നിലവില്‍ 708 പേര്‍ മാത്രമാണുള്ളത്. വിയ്യൂര്‍ ജയിലില്‍ 148 പേരെ അധികമായി താമസിപ്പിച്ചിരിക്കുന്നു. 560 പേര്‍ക്കു സൌകര്യമുള്ളിടത്ത് 708 പേര്‍. 242 പേരെ പാര്‍പ്പിക്കാവുന്ന കൊല്ലം ജില്ലാ ജയിലില്‍ 308 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ശേഷി 262, ഉള്ളതാകട്ടെ 277 പേര്‍. എറണാകുളത്ത് 133 പേരെ പാര്‍പ്പിക്കേണ്ട സ്ഥാനത്ത് 178 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍, വനിതാജയിലിലെ സ്ഥിതി അല്‍പം ഭേദമാണ്. 108 പേരെ പാര്‍പ്പിക്കുന്നതിനു ശേഷിയുള്ളിടത്ത് 60 പേര്‍ മാത്രമാണ് താമസിക്കുന്നത്. ജയിലുകളുടെ പരിമിതി കണക്കിലെടുത്തു പുതിയ ജയിലുകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവയുടെ ശേഷി ഉയര്‍ത്തുന്നതിനും 209 കോടിയുടെ പദ്ധതി ജയില്‍വകുപ്പ് തയാറാക്കിയിട്ടുണ്ട്. സുരക്ഷയിലെ പാളിച്ച മൂലം തടവുകാര്‍ ജയില്‍ ചാടുന്നത് കണക്കിലെടുത്ത് ജയിലിലെ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ജയില്‍ സേനയുടെ എണ്ണക്കുറവ് നികത്താനും പദ്ധതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.