മുഖപ്രസംഗം: കലാപശാലകളാകുന്ന സര്‍വകലാശാലകള്‍
Tuesday, October 21, 2014 11:52 PM IST
കേരളത്തിലെ സര്‍വകലാശാലകള്‍ വീണ്ടും കലാപശാലകളായി മാറുകയാണ്. ഒരുകാലത്തു വിദ്യാര്‍ഥിസമരങ്ങളും സംഘട്ടനങ്ങളും മാര്‍ക്ക് തിരുത്തും നിയമനത്തട്ടിപ്പുമൊക്കെ കേരളത്തിലെ സര്‍വകലാശാലകളെ കുരുതിക്കളമാക്കുകയും അവയുടെ സല്‍പ്പേരു നശിപ്പിക്കുകയും ചെയ്തിരുന്നു. സര്‍വകലാശാലകളുടെ എണ്ണം കൂടുകയും ഉന്നതവിദ്യാഭ്യാസരംഗത്ത് സെല്‍ഫ് ഫൈനാന്‍സിംഗ് കോളജുകള്‍ ഉള്‍പ്പെടെയുള്ള പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ വ്യത്യസ്തമായ പ്രശ്നങ്ങള്‍ ഉടലെടുത്തു. പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്തും വിവാദങ്ങള്‍ ഒഴിയുന്നില്ല. കോഴ്സുകള്‍ യഥാസമയം തുടങ്ങാത്തതുകൊണ്ടും പരീക്ഷാഫലം കൃത്യസമയത്തു പ്രഖ്യാപിക്കാത്തതിനാലും കേരളത്തിലെ പല സര്‍വകലാശാലകളിലും പഠിക്കുന്ന കുട്ടികള്‍ക്കു നിരവധി അവസരങ്ങളാണു നഷ്ടപ്പെടുന്നത്.

സര്‍വകലാശാലകളിലെ ഭരണസംവിധാനത്തില്‍ മാത്രമല്ല അക്കഡേമിക് രംഗത്തും നിരന്തര സംഘര്‍ഷങ്ങളാണ്. വൈസ് ചാന്‍സലറും രജിസ്ട്രാറും തമ്മിലും വൈസ് ചാന്‍സലറും സിന്‍ഡിക്കറ്റ് അംഗങ്ങളും തമ്മിലും ജീവനക്കാരുടെ വിവിധ സംഘടനകള്‍ തമ്മിലും വകുപ്പു തലവന്മാര്‍ തമ്മിലുമൊക്കെയുള്ള ചേരിപ്പോരും തമ്മില്‍ത്തല്ലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അന്തസിന് ഒട്ടും നിരക്കുന്നതല്ല. വിദ്യാര്‍ഥിസംഘടനകള്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങളും അച്ചടക്കലംഘനവും വേറെ. അധ്യാപകരുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെയും മൂല്യച്യുതിയും രാഷ്ട്രീയവൈരവും അതിന്റെ പലമടങ്ങ് ശക്തിയായിട്ടാവും വിദ്യാര്‍ഥികളിലേക്കു പടരുക.

കാലിക്കട്ട് സര്‍വകലാശാലയില്‍ കഴിഞ്ഞ കുറേക്കാലമായി നിരന്തര സമരങ്ങളും സംഘര്‍ഷവുമാണ്. വൈസ് ചാന്‍സലറും സിന്‍ഡിക്കറ്റ് അംഗങ്ങളുമായുള്ള തര്‍ക്കം കൈയേറ്റത്തിനുവരെ വഴിയൊരുക്കി. കേരളത്തിലെ ഒരു സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കു പോലീസ് സംരക്ഷണം കൂടാതെ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണെന്നു പറഞ്ഞാല്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ അവസ്ഥ ഏറെക്കുറെ മനസിലാക്കാനാവും. കേരള സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലറുടെ വീടിനു നേരേ അജ്ഞാതസംഘം ആക്രമണം നടത്തിയത് അടുത്ത ദിവസമാണ്. കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിനു കാരണമായി പറയുന്നത്.

കോളജ് കാമ്പസില്‍ കത്തിയും ബോംബുമൊക്കെ അരങ്ങുവാണിരുന്ന കാലമുണ്ടായിരുന്നു. 2005ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിസമരത്തിനിടെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ബോംബെറിഞ്ഞ കേസിനെച്ചൊല്ലിയുള്ള വിവാദം ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുകയാണ്. കാമ്പസ് രാഷ്ട്രീയത്തിന്റെ വളരെ രൂക്ഷമായ തിക്തഫലങ്ങള്‍ ഏറ്റുവാങ്ങിയ സംസ്ഥാനമാണു കേരളം. വിദ്യാര്‍ഥികള്‍ അരാഷ്ട്രീയവാദികളായി അധഃപതിക്കുമെന്ന വാദമുയര്‍ത്തി കലാലയ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരേറെയുണ്െടങ്കിലും കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരവധി വിദ്യാര്‍ഥികളുടെ ജീവനും ഭാവിയും നശിപ്പിച്ചിട്ടുണ്െടന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. നിരപരാധികളായ പല യുവാക്കളുടെയും ജീവന്‍ ഹോമിക്കപ്പെട്ടു. അവരുടെ രക്തസാക്ഷിത്വത്തിന്റെ പേരില്‍ ഇന്നും മുതലെടുപ്പു രാഷ്ട്രീയ തുടരുകയും ചെയ്യുന്നു.


മഹാത്മാഗാന്ധിയുടെ പേരിലുള്ള കോട്ടയത്തെ എംജി സര്‍വകലാശാലയിലും പലവിധത്തിലുള്ള അക്രമസമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. എംജി സര്‍വകലാശാലാ പരീക്ഷാഹാളില്‍ അതിക്രമിച്ചു കടന്ന ഒരു സംഘം വിദ്യാര്‍ഥിനേതാക്കള്‍ ഹാള്‍ടിക്കറ്റും ഉത്തരക്കടലാസും വലിച്ചുകീറിയ സംഭവം കുറേനാള്‍ മുമ്പുണ്ടായി. സര്‍വകലാശാലാ കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ചതിനോടനുബന്ധിച്ച് അഞ്ചു വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരെ യൂണിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിലൊരാളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരീക്ഷാഹാളിലെത്തി മറ്റു കുട്ടികളുടെ ഉത്തരക്കടലാസുകള്‍ വലിച്ചുകീറിയത്. ഗാന്ധിയന്‍ സ്റഡീസ് വിഭാഗത്തിലെ വിദ്യാര്‍ഥികളോടായിരുന്നു സഹപാഠികളുടെ ഈ ക്രൂരത. പരീക്ഷ എഴുതിക്കൊണ്ടിരുന്ന എതിര്‍ വിദ്യാര്‍ഥിസംഘടനാ നേതാവിന്റെ തല തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഗാന്ധിനാമത്തിലുള്ള ഈ സര്‍വകലാശാലയിലെ ഗാന്ധിയനായ ഒരു വൈസ് ചാന്‍സലറെ ഗാന്ധിപാരമ്പര്യം അവകാശപ്പെടുന്ന വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചതും ചരിത്രം. ഇതേ സര്‍വകലാശാലയിലെ വനിതാ വൈസ് ചാന്‍സലറെ സ്ത്രീസ്വാതന്ത്യ്രത്തിനുവേണ്ടി പോരാടുന്ന വിപ്ളവസംഘടനയുടെ വനിതാ നേതാവിന്റെ നേതൃത്വത്തില്‍ ശാരീരികമായി ആക്രമിച്ച സംഭവവും കേരളം കണ്ടു. നമ്മള്‍ പഠിക്കുന്നതും പ്രഘോഷിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള വൈരുധ്യം ഇതിലേറെ എന്തു പറയാന്‍.

സര്‍വകലാശാലകളുടെ ഉന്നത ഭരണസമിതികളായ സിന്‍ഡിക്കറ്റും സെനറ്റുമൊക്കെ രാഷ്ട്രീയത്തിന്റെയും വിഭാഗീയതയുടെയും കൂത്തരങ്ങായി മാറുകയാണ്. ഇപ്പോള്‍ കേരളത്തിലെ പല സര്‍വകലാശാലകളിലും അരങ്ങേറുന്ന സമരങ്ങളും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും തീര്‍ത്തും ബാലിശമായ ചില പ്രശ്നങ്ങളുടെ പേരിലാണ്. പലതും അധികാരത്തര്‍ക്കങ്ങളുടെ പ്രതിഫലനം. ഹോസ്റലിലെ അസൌകര്യങ്ങളുടെയും നെറ്റ്വര്‍ക്ക് സൌകര്യമില്ലാത്തതിന്റെയുമൊക്കെ പേരില്‍ വിദ്യാര്‍ഥിസംഘടനകള്‍ ദിവസങ്ങളോളം നിരാഹാരസമരത്തിനൊരുങ്ങുമ്പോള്‍ അതിനേക്കാള്‍ ഗൌരവമേറിയ എത്രയോ വിഷയങ്ങള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തുണ്െടന്ന കാര്യം അവര്‍ സൌകര്യപൂര്‍വം വിസ്മരിക്കുന്നു. അക്കഡേമിക് മികവു പുലര്‍ത്താനും പരീക്ഷകള്‍ യഥാസമയം നടത്താനും പരീക്ഷാഫലം കൃത്യസമയത്തു പ്രഖ്യാപിക്കാനും ഇതിനിടെ ആര്‍ക്കും സമയം കിട്ടുന്നില്ല; അതിന്റെ പേരില്‍ ആര്‍ക്കും പ്രതിഷേധവുമില്ല. സാക്ഷരതയുടെയും വിദ്യാഭ്യാസമികവിന്റെയും പേരില്‍ അഭിമാനിക്കുന്ന ഒരു സംസ്ഥാനത്തിന് ഈ കലാപസംസ്കാരം ഒട്ടും ഭൂഷണമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.